smith-kwaja

ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ സാക്ഷാല്‍ സര്‍ ഡോണ്‍ ബ്രാഡ്മാനെ മറികടന്ന് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് താരം കരിയറിലെ മുപ്പതാം സെഞ്ചുറി കുറിച്ചത്. 192 പന്തില്‍ 11 ഫോറും രണ്ട് സിക്സറുമടക്കം 104 റണ്‍സെടുത്ത സ്മിത്ത് സ്പിന്നര്‍ കേശവ് മഹാരാജിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയ മടങ്ങി. മുന്‍ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങ്ങും  സ്റ്റീവ് വോയും മാത്രമാണ് സെഞ്ചുറികളുടെ എണ്ണത്തില്‍ സ്റ്റീവ് സ്മിത്തിന് മുന്നിലുള്ള ഓസ്ട്രേലിയന്‍ താരങ്ങള്‍. മാത്യു ഹെയ്ഡനും 30 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 92 കളികളില്‍ നിന്ന് 30 സെഞ്ചുറികളും 37 അര്‍ധശതകങ്ങളും നേടിയിട്ടുള്ള സ്റ്റീവ് സ്മിത്തിന്റെ ഉയര്‍ന്ന സ്കോര്‍ 2017ല്‍ പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 239 റണ്‍സാണ്. 

 

സ്മിത്തിന്റെയും ഇരട്ടസെഞ്ചുറിയിലേക്ക് നീങ്ങുന്ന ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെയും മികവില്‍ സിഡ്നി ടെസ്റ്റിന്റെ രണ്ടാംദിവസം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സ് എന്ന നിലയിലാണ്. 368 പന്തില്‍ 19 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 195 റണ്‍സ് നേടിയ ഖ്വാജയു‌ടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2015ല്‍ ബ്രിസ്ബണില്‍ ന്യൂസീലന്‍ഡിനെതിരെ നേടിയ 174 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. 56 ടെസ്റ്റുകളില്‍ നിന്ന് ഖ്വാജ ഇതുവരെ 13 സെഞ്ചുറികളും 19 അര്‍ധശതകങ്ങളും നേടിയിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച സ്വന്തമാക്കിയ ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.