ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴികകല്ലിന് ഒരു റണ്‍സ് മുന്‍പെ പുറത്തായി ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. സിഡ്നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങിനിറങ്ങുന്നതിന് മുന്‍പ് അഞ്ച് റണ്‍സായിരുന്നു സ്റ്റീവ് സ്മിത്തിന് ആവശ്യം. എന്നാല്‍ പ്രസീദ് കൃഷ്ണയുടെ പന്തില്‍ യശ്വസി ജയ്സ്വാള്‍ ഉഗ്രന്‍ ക്യാച്ചിലൂടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയായിരുന്നു. വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന് മൂന്നാമത്തെ താരമാകാന്‍ സ്മിത്തിന് ശ്രീലങ്കന്‍ പര്യടനം വരെ കാത്തിരിക്കണം. ഈ മാസം 29 നാണ് പരമ്പരം ആരംഭിക്കുന്നത്.
അതേസമയം, സ്റ്റീവ് സ്മിത്തിന്‍റെ പന്തു ചുരണ്ടല്‍ വിവാദം വിരാട് കോലി മൈതാനത്ത് അനുകരിക്കുന്നതും സിഡ്നിയില്‍ കണ്ടു. ഓസീസ് ആരാധകര്‍ക്ക് നേരെയാണ് കോലിയുടെ പരിഹാസം. പോക്കറ്റ് കാലിയാണെന്നും പന്ത് ചുരണ്ടാന്‍ തന്‍റെ കയ്യില്‍ ഒന്നുമില്ലെന്നും കാണിക്കുന്ന അനുകരണമാണ് കോലി നടത്തിയത്. ഇതിന് പിന്നാലെ വലിയ ആര്‍പ്പുവിളിയാണ് ഗ്യാലറിയില്‍ നിന്നുണ്ടായത്. സ്മിത്ത് പുറത്തായതിന് ശേഷമായിരുന്നു കോലിയുടെ അനുകരണം.
2018 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ഓസീസ് പേസര്‍ കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടിയത്. ഇത് ക്യാമറയില്‍ പതിഞ്ഞതോടെ സംഭവം വിവാദമാവുകയായിരുന്നു. ഇതിന് പിന്നാലെ ബാൻക്രോഫ്റ്റിനും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാർണറിനും വിലക്കും ലഭിച്ചിരുന്നു. ഒരു വര്‍ഷത്തേക്കായിരുന്നു സ്മിത്തിനും വാര്‍ണറിനും വിലക്ക് ലഭിച്ചത്.
അതേസമയം സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി തുടരുകയാണ്. രണ്ടാം ഇന്നിങ്സില്‍ 157 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. മൂന്നാം ദിവസം 141 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റണ്‍സില്‍ അവസാനിച്ചതോടെ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 162 റണ്‍സാണ് ആവശ്യം.രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം നഷ്ടമായത്. സ്കോട്ട് ബോളണ്ട് രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സിന് മൂന്ന് വിക്കറ്റ്.
162 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് 21 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് പിന്നിട്ടിട്ടുണ്ട്.