TAGS

എത്ര കണ്ടാലും കൗതുകം തോന്നുന്ന ജീവിയാണ് ആന. ആനക്കഥകളും ചിത്രങ്ങളുമെല്ലാം എന്നും പ്രിയമുള്ളവയാണ്.മനുഷ്യനെപ്പോലെ തന്നെ തന്റെ കുഞ്ഞിനോട് പ്രത്യേകം കരുതലുണ്ട് ആനയ്ക്ക്.കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ അവ ഒരു വിട്ടുവീഴ്ചക്കും തയാറാവില്ല. തന്റെ കുഞ്ഞിന്റെ ജീവന് അപകടം വരാത്ത തരത്തിൽ റോഡ് എങ്ങനെ മുറിച്ചു കടക്കണം എന്ന് കാണിച്ചു കൊടുക്കുന്ന ഒരു അമ്മയാനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്.

ഐഎഎസ് ഓഫിസറായ സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ അമ്മയാനയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വനത്തിന് നടുവിലൂടെയുള്ള റോഡിന് സമീപത്തായി ഒരുകൂട്ടം ആനകൾ മേയുന്നതാണ് വിഡിയോയുടെ തുടക്കം. കൂട്ടത്തിൽ റോഡിന് അരികിലേക്ക് ചേർന്ന് ഒരു അമ്മയാനയും കുഞ്ഞും നിലയുറപ്പിച്ചിട്ടുണ്ട്. അല്പം അകലെയായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നതും കാണാം. താരതമ്യേന ചെറിയ റോഡാണെങ്കിലും കുഞ്ഞിന്റെ സുരക്ഷ ഉറപ്പാകുകയാണ് അമ്മയാന.റോഡിലേക്ക് കയറിയ കുഞ്ഞിനോട് ചേർന്ന് തന്നെയാണ് അമ്മയാനയുടെ നടത്തം. വളരെ സാവധാനത്തിൽ കൃത്യമായി തന്നെ അവ റോഡ് മുറിച്ചു കടക്കുകയും ചെയ്തു. മറുഭാഗത്തെത്തുന്നത് വരെ കുഞ്ഞിന് ആപത്തൊന്നും വരാതെ ശ്രദ്ധയോടെയായിരുന്നു ആനയുടെ നീക്കം. കാഴ്ചയിൽ ഏറെ കൗതുകകരമായ ഈ ദൃശ്യങ്ങൾ വന്യജീവികളുടെ സങ്കടകരമായ അവസ്ഥയും വെളിവാക്കുന്നുണ്ടെന്ന് സുപ്രിയ സാഹു പോസ്റ്റിൽ കുറിക്കുന്നു. 36 സെക്കൻഡ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യമെങ്കിലും അത് വളരെ വേഗം ജനശ്രദ്ധനേടി.പതിനായിരക്കണക്കിന് ആളുകളാണ് ട്വിറ്ററിൽ മാത്രം ഈ വിഡിയോ കണ്ടത്. 

വനത്തിനുള്ളിലെ റോഡുകളിൽ കൂടി വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അത് ഏതുസമയത്തായാലും അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്ന് ഓർമിപ്പിക്കുന്ന വിഡിയോയാണിതെന്ന് പലരും കുറിക്കുന്നു.അതേ സമയം സാഹചര്യം കൃത്യമായി മനസ്സിലാക്കി ആനകൾക്ക് കടന്നു പോകാൻ അത്രയും സമയം കാർ നിർത്തിയിട്ട ഡ്രൈവറിനെ പ്രശംസിക്കുന്നവരും കുറവല്ല.