അന്ന് ഈ പത്തുപവന്റെ കടം ബാക്കിവച്ച് അപ്രതീക്ഷിതമായി കലാഭവന്‍ മണി പോയി. ആ ഓര്‍മകള്‍ പറയുമ്പോഴെല്ലാം പെങ്ങളുടെ കല്യാത്തിന് മണിയാങ്ങള മാറ്റിവച്ച പത്തുപവന്റെ കഥയും സുബി പറയുമായിരുന്നു. ഇപ്പോള്‍ വിവാഹമെന്ന് സ്വപ്നത്തിലേക്ക് അടുത്തുകൊണ്ടിരുന്നപ്പോള്‍ മണിയെ പോലെ തന്നെ മലയാളിയെ ഒന്നടങ്കം ഞെട്ടിച്ച്, കരയിച്ച് സുബിയും പോകുന്നു. കലാഭവന്‍ മണിയെന്ന അതുല്യപ്രതിഭയുടെയും സുബി സുരേഷിന്റേയും ജീവിതം ചേര്‍ത്തുവച്ചാല്‍ ഒരുപാട് സാമ്യതകളുണ്ട്. മരണത്തില്‍ പോലും. കരള്‍ രോഗമാണ് ഇരുവരെയും ജീവന്‍ കവര്‍ന്നത്. അതും അപ്രതീക്ഷിതമായി. വേദികളില്‍ രണ്ടുപേരും തീര്‍ത്തത് പകരക്കാരില്ലാത്ത സാന്നിധ്യം. ചിരിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍, ആരെയും കൂസാത്ത പ്രകൃതം, പറയാന്‍ ഉള്ളത് ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള ചങ്കൂറ്റം, ഉറവ വറ്റാത്ത സൗഹൃദങ്ങളുടെ ആഴക്കിണര്‍, നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളും പ്രണയങ്ങളും സങ്കടങ്ങളും ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിച്ച് സന്തോഷിപ്പിച്ചവര്‍. വിദേശ മലയാളികള്‍ക്ക് ഇരുവരോടും ഏറെ പ്രിയമായിരുന്നു. തന്റെ ഏഴോളം പാസ്പോര്‍ട്ടുകള്‍ തീര്‍ന്നിട്ടുണ്ടെന്ന് സുബി തന്നെ പറയുമ്പോള്‍ ഊഹിക്കാമല്ലോ ഈ കലാകാരിക്ക് മറുനാടന്‍ മലയാളി നല്‍കിയ വില എന്താണെന്ന്. മണി ചേട്ടന്റെ ഈ പെങ്ങള്‍ വിടവാങ്ങുന്നത് അദ്ദേഹത്തിന്റെ ഓര്‍മദിവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ആണ് എന്നത് കാലത്തിന്റെ മറ്റൊരു ആകസ്മികതയാകുന്നു.
എങ്ങനെയാണ് കുഞ്ഞുങ്ങളെ ഇത്രമനോഹരമായി കൈകാര്യം ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ സുബി പറയും. എനിക്ക് ആ പ്രായത്തിന്റെ ബുദ്ധിയും ബോധവുമേ ഇപ്പോഴുമുള്ളൂവെന്ന്. പിന്നെ തനതായ ആ പൊട്ടിച്ചിരിയും പാസാക്കും. പരിചയമുള്ള ആളുകളോട് പോലും കുട്ടികള്‍ അങ്ങനെ മനസ്സുതുറക്കാറില്ല. എന്നാല്‍ സുബിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആ നിഷ്കളങ്കമായ മറുപടികള്‍ അവര്‍ പറയും. അതു ടിവിഷോയില്‍ കണ്ട് മലയാളി ആര്‍ത്തുചിരിച്ച എത്രയെത്ര എപ്പിസോഡുകള്‍. കല്‍പ്പന, മഞ്ജുപിള്ള, സുബി സുരേഷ്.. ഇവര്‍ മൂന്നും മലയാളിക്ക് പകര്‍ന്ന വല്ലാത്തൊരു ചിരിക്കരുത്തിന് ഒരേ മുഖമാണ്, ഒരേ ഭാവമാണ്. കേള്‍ക്കും തോറും മടുപ്പ് തോന്നാത്ത സംസാരം, എത്ര കണ്ടാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക ഇവരുടെ അഭിനയത്തിലുണ്ടാകും.
വാടകവീടുകളുടെ മടുപ്പില്‍ നിന്നും നിന്നും സ്വന്തം വീട്ടിലേക്ക് മാറിയപ്പോള്‍ ആ വലിയ സ്വപ്നത്തിന് സുബി ഒരു മേല്‍വിലാസമിട്ടു. ‘എന്റെ വീട്..’ അതായിരുന്നു വീടിനിട്ട് പേര്. കലാരംഗത്ത് നിന്നും താനുണ്ടാക്കിയ കാശുകൊണ്ട് വരാപ്പുഴയിൽ അഞ്ചു സെന്റ് സ്ഥലത്തുണ്ടാക്കിയ സ്വപ്നവീട്. ആ ചെറിയ സ്ഥലത്ത് കൃഷി, പൂന്തോട്ടം അങ്ങനെ തന്റെ സന്തോഷങ്ങളെല്ലാം എന്റെ വീട്ടിലേക്ക് സുബി ചുരുക്കിയിരുന്നു.
കരളുപങ്കിടാന്‍ വയ്യെന്റെ പ്രണയമേ..എന്ന് ജീവനോടും ജീവിതത്തോടും തനിക്ക് പ്രിയപ്പെട്ടവരോടും പറഞ്ഞ്, അതിവേഗം സുബി മടങ്ങുമ്പോള്‍ അവര്‍ ഉയര്‍ത്തിവിട്ട ചിരിയുടെ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഉള്ളിലെ സങ്കടങ്ങളും വേദനകളും അവര്‍ ഇതുവരെ പുറത്തുകാണിച്ചിട്ടുമില്ല. അടിമുടി ആഘോഷച്ചിരിയായിരുന്നു ആ ജീവിതം. ആ ഉന്‍മാദത്തെ മരണത്തിന് െകാണ്ടുപോകാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം ബാക്കി..