മുന്നറിയിപ്പില്ലാതെ ട്വിറ്റർ 50 ലേറെ ജീവനക്കാരെ കൂടി പിരിച്ച് വിട്ടതായി റിപ്പോർട്ടുകൾ. പലരും മെയിൽ വഴിയാണ് ജോലി നഷ്ടമായ വിവരം അറിഞ്ഞത്. രാവിലെ ലോഗിന്‍ ചെയ്യാൻ നോക്കിയപ്പോൾ ടെർമിനേറ്റ് ചെയ്തതായി കണ്ടെന്ന് മറ്റ് ചില ജീവനക്കാരും ട്വീറ്റ് ചെയ്തു. ജീവനക്കാർ വീണ്ടും ചുരുങ്ങിയതോടെ ട്വിറ്ററിന്റെ പ്രവർത്തനം ഏത് നിമിഷവും താറുമാറായേക്കാമെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.  അതേസമയം, ജീവനക്കാരെ പുറത്താക്കിയതിനെ കുറിച്ച് ട്വിറ്റർ ഇതുവരെയും ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. 

 

നിലവിൽ പുറത്താക്കപ്പെട്ടവരിൽ ട്വിറ്റർ ബ്ലൂ ഹെഡ് എസ്തർ ക്രഫോർഡുൾപ്പടെയുള്ളവരുണ്ട്. മസ്ക് ട്വിറ്റർ ഏറ്റെടുത്തേക്കുമെന്ന വാർത്ത വന്നതിന് പിന്നാലെ 'എങ്കിൽ ഡെഡ്​ലൈൻ  പൂർത്തിയാക്കാൻ ജോലിസ്ഥലത്ത് കിടന്ന് ഉറങ്ങേണ്ടി വരുമെന്ന്' എസ്തർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള പ്രതികാര നടപടിയാകാം ഇപ്പോഴത്തെ പുറത്താക്കൽ എന്ന് വാദിക്കുന്നവരും ഉണ്ട്.  കഴിഞ്ഞ വർഷം 3,700 പേരെ (പകുതി ജീവനക്കാരെ)യാണ് മസ്ക് പുറത്താക്കിയത്. ചിലവ് ചുരുക്കുന്നതിനും കമ്പനി സാമ്പത്തിക ഭദ്രതയിലേക്ക് മാറുന്നതിനുമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നായിരുന്നു മസ്കിന്റെ വാദം. ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഡൽഹിയിലും മുംബൈയിലും ഉൾപ്പടെ ലോകത്തെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ഓഫിസുകൾ അടച്ച് പൂട്ടുകയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും മസ്ക് ആവശ്യപ്പെട്ടു. ട്വിറ്റർ പക്ഷിയെയും ഓഫിസിലെ കംപ്യൂട്ടറുകളും വാടകയ്ക്ക്  പലയിടങ്ങളിൽ നൽകിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

 

Twitter laid off more workers