കാഴ്ച പരിമിതിയുള്ളവര്‍ക്കായി പുത്തന്‍വിദ്യ അവതരിപ്പിക്കാന്‍ ഇലേണ്‍ മസ്ക്. ന്യൂറാലിങ്കിലൂടെ ‘ബ്ലൈൻഡ് സൈറ്റ്’ എന്ന ആശയവുമായി മസ്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഒപ്റ്റിക് നാഡികൾ തകരാറിലാകുകയും കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തവർക്ക് ‘ബ്ലൈൻഡ് സൈറ്റ്’ എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാഴ്ച ലഭ്യമാക്കുകയാണ് മസ്കിന്‍റെ ലക്ഷ്യം.
‘സ്റ്റാർ ട്രെക്ക്’എന്ന പ്രമുഖ സിനിമ ഫ്രാഞ്ചൈസിയിലെ ‘ജിയോർഡി ലാ ഫോർജ്’ എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് മസ്‌ക് ‘ബ്ലൈൻഡ് സൈറ്റി’ന്‍റെ പ്രഖ്യാപനം നടത്തിയത്. സിനിമയില്‍ ജന്മനാ കാഴ്ചയില്ലാത്ത കഥാപാത്രമാണ് ‘ജിയോർഡി ലാ ഫോർജ്’. ഇയാള്‍ക്ക് ചില ഉപകരണങ്ങളുടെ സഹായ്തതോടെ കാഴ്ച ലഭിക്കുന്നതായാണ് സിനിമ.
സിനിമയിലേതുപോലെ തന്നെ ‘സ്വപ്നതുല്യമായ’ ഒരു ഉപകരണം നിര്‍മിക്കുക എന്നതാണ് മസ്കിന്‍റെ ലക്ഷ്യം. കണ്ണട പോലെ ധരിക്കാവുന്ന രീതിയിലാവും ‘ബ്ലൈൻഡ് സൈറ്റ്’ കാമറ നിർമിക്കുകയെന്നാണ് വിവരം. കാമറയിൽ നിന്നുള്ള പാറ്റേണുകൾ വിഷ്വൽ കോർട്ടെക്സിൽ സ്ഥാപിച്ചിരിക്കുന്ന ചെറു ചിപ്പുകൾ അഥവാ മൈക്രോ ഇലക്ട്രോഡ് അറേ വഴി പുനഃരാവിഷ്കരിച്ചാണ് കാഴ്ച സാധ്യമാക്കുന്നത്.
സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) അനുമതി ലഭിച്ചതായി മസ്ക് അറിയിച്ചു. പക്ഷേ ഉപകരണം എന്നു തയാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ‘ബ്രേക്ക് ത്രൂ ഡിവൈസ്’ പദവിയും ന്യൂറാലിങ്കിന്റെ ‘ബ്ലൈൻഡ് സൈറ്റ്’ ഉപകരണത്തിന് എഫ്.ഡി.എയില്‍ നിന്ന് ലഭിച്ചു. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിർണയത്തിനോ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കാണ് എഫ്.ഡി.എ സാധാരണയായി ബ്രേക്ക് ത്രൂ ഡിവൈസ് പദവി നൽകാറുള്ളത്.
വിഷ്വൽ കോർട്ടക്സിന് (ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിന്റെ ഭാഗം) കേട് പറ്റിയിട്ടില്ലെങ്കിൽ, ജന്മനാ കാഴ്ചശക്തിയില്ലാത്തവര്‍ക്കു പോലും കാഴ്ച ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. പഴയ വിഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും ആദ്യം കാഴ്ചയെങ്കിലും ഭാവിയിൽ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് റഡാർ പോലെ സ്വാഭാവിക കാഴ്ചശക്തിയെക്കാൾ വ്യക്തമായി കാണാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.