‘മണ്ണിന്റെ പാട്ടുകള്‍ പാടി, കാരുണ്യവിത്തുകള്‍ പാകി, ഒരു ദിനം ഒന്നും പറയാതെ വേദന തന്ന് മറഞ്ഞ മുത്തേ.. അന്നുതാെട്ടെ ഇന്നോളം ഞങ്ങടെ നെഞ്ചിനകത്തൊരു വിങ്ങലല്ലേ..’
വര്‍ഷം ഏഴാകുന്നു. നാട്ടിലെങ്ങും ഇപ്പോള്‍ ഉല്‍വസകാലമാണ്. ഓരോ അമ്പലപ്പറമ്പിലെ നാടന്‍പാട്ട് വേദികളിലും ഗാനമേളാ വേദികളിലും ജനം ഇന്നും ഉറക്കെ ആവശ്യപ്പെടുന്ന ഒന്നുണ്ട്. മണിചേട്ടന്റെ പാട്ട് പാടണം.. അവസാനഓളത്തിന് വേണ്ടി ഗായകര്‍ തന്നെ മാറ്റിവച്ചിട്ടുണ്ടാകും ആ പാട്ടുകള്‍ എന്ന് ഉറപ്പാണ്. എന്നാലും മണി എന്ന പേര് അമ്പലപ്പറമ്പില്‍ മുഴങ്ങാതെ ഒരു ഉല്‍സവവും കേരളത്തില്‍ ഇന്നും പൂര്‍ത്തിയാകാറില്ല. മരണം മണിക്ക് മുന്നില്‍ തോറ്റുപോകുന്നതും ഇങ്ങനെ ചിലയിടങ്ങളിലാണ്. ജീവിച്ചിരുന്നപ്പോള്‍ കൊടുത്ത സ്നേഹത്തിന്റെ പത്തിരട്ടി ഇന്ന് മണിക്ക് മലയാളി നല്‍കുന്നത് അയാള്‍ ബാക്കി വച്ചുപോയ ഇടം ഇനിയാര്‍ക്കും നികത്താന്‍ കഴിയില്ലെന്ന ഉത്തമബോധ്യത്തിന്റെ പുറത്താണ്. അന്ന് മണിക്കൊപ്പം ആര്‍ത്തുതുള്ളിയ പാട്ടിലെ വരികള്‍ ഇന്ന് കേള്‍ക്കുമ്പോഴൊക്കെ വിങ്ങുന്നത് എന്തുെകാണ്ടാണ്? പാടി വച്ചതെല്ലാം അയാളുടെ ജീവിതം കൂടി ആയതുകൊണ്ട് മാത്രമല്ല. നമ്മുടെ ജീവിതം കൂടിയായിരുന്നു എന്ന ഓര്‍മപ്പെടുത്തുന്നതുകൊണ്ട് കൂടിയാണ്. ബഹുഭൂരിപക്ഷം വരുന്ന ശരാശരി ജനത്തിന്റെ പ്രിതിനിധി കൂടിയായിരുന്നു കലാഭവന്‍ മണി എന്നതുകൊണ്ട് കൂടിയാണ്.
‘ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നുവണ്ടി, എന്റെ കുടുംബത്തിന്‍ പട്ടിണി മാറ്റിയ ദൈവമാണ് ഓട്ടോ വണ്ടി, നൂറിന്റെ നോട്ടിന് രാപ്പകല്‍ ഇല്ലാതെ നെട്ടോട്ടമോടുമ്പോള്‍ കിക്കര്‍ വലിച്ചെന്റെ കയ്യും നടുവും തളര്‍ത്തിയൊരോട്ടോവണ്ടി, തേയ്ച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സീന് മായുകില്ല, ഈ ചാലക്കുടിക്കാരന്‍ ചാലക്കുടിനാട് വിട്ടെങ്ങും പോവുകില്ല..’ തന്റെ ജീവിതം ഇങ്ങനെ പാടിവയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.‘ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാന്‍ കൂടപ്പുഴ ആകെ അലഞ്ഞോനാടി, ഓടപ്പഴം പെണ്ണിനേയും കിട്ടില്ല കൂടപ്പുഴ പിന്നെ ഞാന്‍ കണ്ടിട്ടില്ല..’ അങ്ങനെ എത്രയെത്ര കൂടപ്പുഴകള്‍ നഷ്ടപ്രണയങ്ങളുടെ പട്ടികയില്‍ ഓരോത്തര്‍ക്കും പറയാനുണ്ടാകില്ലേ.. ഇനി ഒറ്റപെടലിന്റെ തീരാനോവാണ് പേറുന്നതെങ്കില്‍ അവിടെയുമുണ്ട് മണിപ്പാട്ടുകള്‍. ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ തിടുക്കം..നീ തനിച്ചല്ലേ പേടിയാകില്ലേ കൂട്ടിന് ഞാനും വന്നോട്ടെ...’ ആവേശം ഉള്ളില്‍ നിറഞ്ഞ് അതൊരു തുള്ളിച്ചാട്ടമായി കൈ–മെയ്യ് മറന്നാടാന്‍ വെമ്പുമ്പോഴും കൂട്ടിനുണ്ട് ആ ശബ്ദം. അത് പരലായും തങ്കമ്മയായും വേലായുധനായും ചാലക്കുടി ചന്തയായും, കണ്ണിമാങ്ങയായും സോനയായും പാവാട പ്രായമായും, കൈെകാട്ടുന്ന പെണ്ണായും, കുട്ടനാടന്‍ കായല്‍ പോലെ നീണ്ടുനിവര്‍ന്ന് കിടക്കുന്നു.
മുന്‍പ് ഓണക്കാലത്തെല്ലാം പതിവായി മണിയുടെ പാട്ടുകാസെറ്റത്തുമായിരുന്നു. 90 കിഡ്സിന്റെ ഏറ്റവും മധുരമുള്ള നൊസ്റ്റാള്‍ജിയകളില്‍ ഒന്നായിരുന്നു മണിയുടെ കാസറ്റുകള്‍, ആക്രാന്തംക്കാട്ടേണ്ടാ വിളമ്പിത്തരാം, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഈ കറുമ്പനാളൊരു കുറുമ്പനാ, മണിക്കിലുക്കം അങ്ങനെ എത്രയെത്ര ഹിറ്റുകള്‍. വീടുകളിലെ ടേപ്പ് റെക്കോര്‍ഡുകളില്‍ മണിപ്പാട്ട് മുഴങ്ങുന്ന നാട്ടിന്‍ പുറത്തെ ഓണക്കാലം. ഇനിയൊരു ഓണത്തിന് താന്‍ ഇല്ലെങ്കില്‍ അവിടെ പാടാനും മണിക്കൊരു പാട്ടുണ്ട്. ‘ഇക്കൊല്ലം നമുക്ക് ഓണമില്ലെടീ കുഞ്ഞേച്ചീ, കുട്ടേട്ടന്‍ തീരെ കിടപ്പിലല്ലേ.. കുട്ടേട്ടന്‍ നമുക്ക് കൂടിപ്പിറപ്പല്ലേ.. കുട്ടേന്‍ ഇല്ലൊത്തൊരു ഓണം വേണ്ട..’
ഇങ്ങനെ ജീവിതവും പാട്ടും സിനിമയുമായി ഇത്രയേറെ ബന്ധിക്കപ്പെട്ട മറ്റൊരു കലാകാരൻ വേറെയാരുണ്ട്. സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാൻ മണി ഒരിക്കലും ശ്രമിച്ചിരുന്നില്ല. കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ മോണോ ആക്ടിൽ സമ്മാനം നേടി. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ കൊടുത്ത 501 രൂപ കാഷ് അവാർഡ് കൊടുത്തു മണി ഒരു വലിയ വാച്ച് വാങ്ങി. പഴയൊരു സൈക്കിളും. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ ഇരിങ്ങാലക്കുടയിൽനിന്നു പരിചയപ്പെട്ട പീറ്റർ മണിയെ കലാഭവനിലെത്തിച്ചു. ആബേലച്ചൻ മണിയെ ട്രൂപ്പ് ലീഡറാക്കി. ചാലക്കുടി മണി അതോടെ കലാഭവൻ മണിയായി. ജീവിതത്തിൽ ആദ്യം ചെയ്ത വേഷങ്ങളിലൊന്നാണു സിനിമയിലും മണി ആദ്യകാലത്തണിഞ്ഞത്. സിബി മലയിലിന്റെ അക്ഷരത്തിൽ ഓട്ടോഡ്രൈവറുടെ വേഷം. സുരേഷ് ഗോപിയെ പിൻസീറ്റിലിരുത്തി സീൻ ഷൂട്ട് ചെയ്യാനൊരുങ്ങിയപ്പോൾ വെപ്രാളത്തിനു കിക്കർ വലിച്ചപ്പോൾ അത് കയ്യിലിരുന്നു വിയർത്ത കഥ.. ഇതെല്ലാം മലയാളിക്ക് പരിചിതമാണ്. കാരണം മണി മറ്റൊരാളായിരുന്നില്ല. പലപ്പോഴും നമ്മള്‍ തന്നെയായിരുന്നു.
കണ്ണീരുപ്പിട്ട് കഞ്ഞികുടിച്ച്, അലക്കി അലക്കി തേഞ്ഞുപോയ ഒരു കറുത്ത പാന്റിട്ട് മിമിക്രി വേദികളില്‍ നിറഞ്ഞാടിയ കാലം. പരിപാടി കഴിഞ്ഞെത്തിയാല്‍ ഓട്ടോ ഓടിക്കാന്‍ പോകും, തെങ്ങുകയറാന്‍ പോകും, മണല്‍ വാരാന്‍ പോകും..ഫോറിൻ സാധനങ്ങളുടെ കച്ചവടത്തിന് പോകും.. ഈ കഷ്ടപ്പാടൊക്കെ കണ്ട് ദൈവം തന്നെ വിധി മാറ്റിയെഴുതിയപ്പോള്‍ കഷ്ടപ്പെടുന്ന മനസ്സുകളെയെല്ലാം ചേര്‍ത്തുപിടിക്കാനും മണി മറന്നില്ല. കൂട്ടുകാരായിരുന്നു മണിക്ക് എല്ലാം. സൗഹൃദമായിരുന്നു അയാളുടെ സന്തോഷം. ഒടുവില്‍ ആരോടും ഒന്നും പറയാതെ പെട്ടെന്നൊരു മടങ്ങിപ്പോക്ക്. അപ്പോഴും തന്റെ മരണം വരുത്തുന്ന ശൂന്യതയില്‍ പാടാന്‍ ചങ്ങാതിമാര്‍ക്ക് ഒരുപാട്ടും നീട്ടിയിട്ടു മണി. ‘മേലേ പടിഞ്ഞാറ് സൂര്യന്‍ താനെ മറയുന്ന സൂര്യന്‍ ഇന്നലെ ഈ തറവാട്ടില് കത്തിജ്വലിച്ചൊരു െപാന്‍സൂര്യന്‍, തെല്ലുതെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണില്‍ ഉറക്കമല്ലോ...’
ചെയ്തുവച്ച വേഷങ്ങളില്‍ പാടിവച്ച ജീവിതപ്പാട്ടുകളില്‍ മണി ഇന്നും ആ ട്രെയ്ഡ് മാര്‍ക്ക് ചിരിയോടെ നിറയുന്നുണ്ട്. മലയാളത്തില്‍ ഒരു നടനും കിട്ടാത്ത വിടവാങ്ങല്‍ വാങ്ങി. ചാലക്കുടി പുഴയോരത്ത് മണി ഉറങ്ങുന്നു. ജീവിതത്തിന്റെ രണ്ടറ്റവും ആടിതീര്‍ത്ത മനുഷ്യന്റെ അടുത്തേക്ക് ഇന്നും ജനം ഒഴുകിയെത്തുന്നു. ചിലപ്പോഴൊക്കെ ഒന്ന് പുണരാന്‍ ആ ചാലക്കുടി പുഴയും..