lucifer-church

സിനിമാ ലൊക്കേഷനുകൾ തേടി കണ്ടുപിടിക്കുന്നതും അങ്ങോട്ട് യാത്ര ചെയ്യുന്നതും മലയാളിക്ക് എന്നും കൗതുകമാണ്. ഇടുക്കിയിൽ എത്തുന്ന സഞ്ചാരികൾ മടങ്ങും മുൻപ് സന്ദർശിക്കുന്ന ഒരു സിനിമാ ലൊക്കേഷൻ ഉണ്ട് . ലൂസിഫർ പള്ളി . പേര് കേട്ട് അത്ഭുതപ്പെടേണ്ട, മോഹൻലാൽ നായകനായ ലൂസിഫർ സിനിമയിലെ ദേവാലയം തന്നെ . സെൻറ് ആൻഡ്രൂസ് പള്ളി എന്നാണ് ശരിയായ പേരെങ്കിലും ആളുകൾ വിളിക്കുന്നത് ലൂസിഫർ പള്ളി എന്നാണ്.

 

മോഹൻലാലും മഞ്ജു വാര്യരും തകർത്തഭിനയിച്ച പള്ളി . ഒരേയൊരു സിനിമയുടെ പേരിൽ പള്ളിക്ക് പേര് തന്നെ മാറി. വരുന്നവരെല്ലാം ചോദിക്കുന്നത് ലൂസിഫർ പള്ളിയെ കുറിച്ചാണ് . തേയില തോട്ടത്തിന് നടുവിലുള്ള പള്ളി കാഴ്ചക്കാർക്ക് നൽകുന്നത് പുത്തൻ അനുഭവം. സിനിമയിൽ തകർന്നടിഞ്ഞ പള്ളിയും സെമിത്തേരിയും ആയിരുന്നെങ്കിൽ യഥാർത്ഥത്തിലുള്ള സിഎസ്ഐ പള്ളി തോട്ടത്തിൽ നടുവിൽ തലയെടുപ്പോടെയാണ് നിൽക്കുന്നത്. ലൂസിഫർ സിനിമയുടെ അണിയറ പ്രവർത്തകരാണ് പള്ളി പുതുക്കിപ്പണിതത് .

 

60 വർഷത്തിലേറെയുള്ള ചരിത്രം പറയാനുണ്ട് ഈ പള്ളിക്ക് . 1952 ൽ ആസ്പിൻ വാൾ കമ്പനിയുടെ ചുമതലക്കാരനായിരുന്ന ബ്രിട്ടീഷുകാരനായ ജെ എം വിൽക്കിയാണ് പുരാതന പള്ളിയുടെ നിർമാതാവ്. അക്കാലത്ത് ഇംഗ്ലീഷുകാരുടെ ആരാധനയ്ക്ക് മാത്രമായിരുന്നു പള്ളി ഉപയോഗിച്ചത്. പിന്നീട് സിഎസ്ഐ യാക്കോബായ മാർത്തോമാ വിഭാഗങ്ങൾ ആരാധനയ്ക്ക് വേണ്ടി സെൻറ് ആൻഡ്രൂസ് ചർച്ച് ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോൾ സി.എസ്.ഐ. ഈസ്റ്റ് കേരള മഹാ ഇടവകയുടെ അധീനതയിലാണ് പള്ളി. ഉപ്പുതറ - ഏലപ്പാറ റൂട്ടിൽ ചീന്തലാർ പുതുക്കട രണ്ടാം ഡിവിഷനു സമീപമാണ് ലൂസിഫർ പള്ളി .