കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ട് സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്കെത്തിയത്. പിന്നാലെ ഈ മാസം 30ന് റിലീസാകുന്ന ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസായി. പോസ്റ്ററും സിപിഎം പ്രവേശവുമായി താരതമ്യപ്പെടുത്തി സോഷ്യല്‍മീഡിയകളില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞു. ബിജെപിയില്‍ നിന്നാല്‍ സിനിമ ആരും കാണില്ലെന്നും അക്കാരണത്താലാണ് രാജസേനന്‍ സിപിഎമ്മിലേക്കെത്തിയതെന്നും കമന്റുകള്‍ നിറഞ്ഞു..ഈ സാഹചര്യത്തില്‍ മനോരമന്യൂസ് ഡോട്ട്കോമുമായി രാജസേനന്‍ സംസാരിക്കുന്നു.
സിനിമാ ഫസ്റ്റ്ലുക്ക് റിലീസും ട്രോളും
ഈ ട്രോളുകളൊക്കെ അവരുടെ ഭാവനയില്‍ ഉള്ളതാണ്. സത്യം പറഞ്ഞാല്‍ ഞാനിതൊന്നും ശ്രദ്ധിക്കാറില്ല, ആകെ ശ്രദ്ധിക്കുന്നത് എന്റെ അസോസിയേറ്റും മകളുമാണ്. അവര്‍ നോക്കിയിട്ട് ചോദിക്കും കുറച്ച് അലമ്പ് മെസേജ് വന്നിട്ടുണ്ട് കാണണോയെന്ന് . ഞാന്‍ പറയും എനിയ്ക്ക് കാണേണ്ട, നിങ്ങള്‍ വായിച്ച് എന്‍ജോയ് ചെയ്തോളു എന്ന്. ഞാന്‍ നോക്കാത്തതിനു കാരണം എന്താണെന്നുവെച്ചാല്‍ 7 വര്‍ഷമായി ഞാന്‍ ബിജെപി പാര്‍ട്ടിയില്‍ വന്നിട്ട്, ഈ വര്‍ഷത്തിനിടെ ഞാന്‍ കേട്ടതു പോലെ തെറി ഒരു ബിജെപിക്കാരനും കേട്ടിട്ടുണ്ടാവില്ല, അതിനും മേലെയൊരു തെറി എന്തായാലും സിപിഎമ്മില്‍ വന്നിട്ട് കേള്‍ക്കില്ല. ഒരു കാര്യം ഞാന്‍ ആസ്വദിക്കുന്നുണ്ട്, മിനിഞ്ഞാന്ന് വൈകിട്ട് വരെ എന്നെ ചേട്ടാ എന്നു വിളിച്ചു നടന്നവര്‍ ഇന്നലെ ഉച്ചമുതല്‍ തെറി തുടങ്ങിയിട്ടുണ്ട്. ഓഡിയോ സന്ദേശങ്ങളൊക്കെ ഒരുപാട് വരുന്നുണ്ട്. ഇതൊക്കെ കേട്ട് കേട്ട് നല്ല തൊലിക്കട്ടിയാണ്, ഒരു മൂന്നുനാലു ദിവസത്തേക്ക് ഇതൊക്കെ കേള്‍ക്കാന്‍ ഞാന്‍ റെഡിയായിരിക്കുകയാണ്.
ബിജെപി വിട്ട് സിപിഎമ്മിലേക്ക്
സിനിമാറിലീസിനു മുന്‍പ് ബിജെപിയിലേക്ക് പോയതല്ല, ഒരു വര്‍ഷമായി ചര്‍ച്ച നടക്കുന്നുണ്ട്, ആറുമാസം മുന്‍പ് തീരുമാനം ആയിരുന്നതാണ്, അപ്പോഴേക്ക് സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാന്‍ ബിസിയായി പോയി. സിനിമയുമായി ബന്ധപ്പെട്ട് കുറേ കണ്‍ഫ്യൂഷനും പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ഒക്കെ വന്നു. സിനിമ തീര്‍ന്നിട്ട് തന്നെ നാലു മാസമായി. വെറുതെ ഇരുന്ന സമയത്ത് സിപിഎം നേതാക്കളുമായി ആ ചര്‍ച്ചകള്‍ തുടര്‍ന്നു. ആ മീറ്റിംഗില്‍ ആരോഗ്യകരമായ ചില ചിന്തകള്‍ കടന്നുവന്നു. കലാകാരനു പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി നല്ല മേഖല സിപിഎമ്മാണെന്നു തോന്നി.
സിപിഎം പശ്ചാത്തലത്തില്‍ നിന്നും ബിജെപിയിലേക്ക്
മോദിജിയുടെ വരവും പ്രവര്‍ത്തനങ്ങളും വ്യക്തിപ്രഭാവവും രാജ്യസ്നേഹവും വളര്‍ച്ചയും കണ്ട് കേരളത്തിലും ഇങ്ങനെയൊക്കെ ആവുമെന്നു കരുതിയാ പോയത്. ചേര്‍ന്നു കഴിഞ്ഞപ്പോള്‍ മനസിലായി ഇവിടെ ഉത്തരവാദിത്തമില്ലാത്ത കുറേ ആളുകളും പരസ്പരം സ്നേഹമില്ലാത്തവരും ഒക്കെയാണെന്ന്. ഏഴുകൊല്ലത്തിനിടെ ഒരു സൗഹൃദം ഒരു നേതാവുമായിട്ടും ഇല്ല എന്നാല്‍ നല്ല സത്യസന്ധരായ കുറേ പ്രവര്‍ത്തകര്‍ ബിജെപിയിലുണ്ട്. പ്രഖ്യാപനം കഴിഞ്ഞ് ഇന്നലെ വൈകിട്ട് ആറുമണി വരെ ആരും വിളിച്ചിട്ടില്ല, അതിനു ശേഷം ചിലര്‍ വിളിച്ചു. ഒരു വര്‍ഷമായി ഞാന്‍ പാര്‍ട്ടിയില്‍ നിശബ്ദനാണ്, പാര്‍ട്ടി പരിപാടിക്കൊന്നും പോകാറില്ല, ഇത് പാര്‍ട്ടി നേതാക്കള്‍ക്കൊക്കെ അറിയാം.. പക്ഷേ ആരും വിളിച്ചിട്ടില്ല ഈ ഒരു വര്‍ഷത്തിനിടെ. സംഗതി വെളിയിലേക്ക് ചാടിപ്പോയി എന്നു അറിഞ്ഞ ശേഷമാണ് വിളിച്ചത്.
കെ.സുരേന്ദ്രന്‍ വിളിച്ചോ?
സംസ്ഥാന പ്രസിഡന്റ് ആയ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ വരുന്ന പ്രശ്നങ്ങളാണിതെല്ലാം. എന്നെ പാര്‍ട്ടിയില്‍ കൊണ്ടുവന്നതും ചേര്‍ത്തതുമെല്ലാം അദ്ദേഹമാണ്. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെല്ലാം പലയിടത്തും പോയിട്ടുണ്ട്. അദ്ദേഹം വിളിക്കില്ല, ഫോണ്‍ അങ്ങനെ ഉപയോഗിക്കില്ല, വിളിച്ചത് ജില്ലാനേതൃത്വത്തില്‍ നിന്നാണ്.
അവഗണനയുടെ സ്വന്തം പാര്‍ട്ടി
പ്രവര്‍ത്തന മേഖലയില്‍ സ്വാതന്ത്ര്യവും അംഗീകാരവും അവകാശവും വേണം, കിട്ടുന്നത് അവഗണന മാത്രമാണ്. അതൊരു ശീലമാണ് ബിജെപിക്ക്, കലാകാരന്‍മാരെ വിളിച്ചു കൊണ്ടുവരിക, തോളത്തു വെയ്ക്കുക, പിന്നെ മൂട്ടിലോട്ടിട്ട് തിരിഞ്ഞു നോക്കാതിരിക്കുക എന്നതൊക്കെ ശീലമായി അവര്‍ക്ക്. കലാകാരന്‍മാരില്ലാതെ ഒരു പാര്‍ട്ടിയും പ്രസ്ഥാനവും വളര്‍ന്നിട്ടില്ല.
സിപിഎമ്മിലെത്തി 24 മണിക്കൂര്‍, മാറ്റം
അനുമോദനങ്ങള്‍ ഒരുപാടെത്തി, ഇന്നു രാവിലെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒരാളെത്തി, പിന്നാലെ സെക്രട്ടറിയുള്‍പ്പെടെ പത്തോളം പേര്‍ വന്നു, പൊന്നാട ചാര്‍ത്തി പത്തു മിനിറ്റ് സംസാരിച്ചു തിരിച്ചു പോയി.
ബിജെപിയും, സിനിമയും
ബിജെപിയിലെത്തിയ ശേഷം സിനിമാ സുഹൃത്തുക്കള്‍ മിണ്ടാതായി എന്നതല്ല, സഹകരിക്കാതായി, കലാകാരന് ബിജെപി മൂല്യം കൊടുക്കാത്തതാണ് അതിനു കാരണം. സംഘകലാവേദി എന്നൊരു സംഘടന ഉണ്ടാക്കി ബിജെപിയില്‍, പട്ടിണി കലാകാരന്‍മാരെ രക്ഷിക്കാന്‍ കൂടിയായിരുന്നു, പക്ഷേ ഒരു പിന്തുണയും പാര്‍ട്ടിയില്‍ നിന്നുണ്ടായില്ല. നേതാക്കളെ തെറി വിളിക്കാനോ ചീത്ത വിളിച്ച് പ്രസംഗിക്കാനോ ഒന്നും എനിക്കറിയില്ല. അതിനൊന്നും എന്നെ കൊള്ളത്തില്ല. പ്രകമ്പനം കൊള്ളിച്ച് ആക്ഷേപരൂപത്തില്‍ പ്രസംഗിക്കാനും അറിയില്ല, ക്രിയേറ്റീവ് ആയി എഴുതാനോ പാട്ടുപാടാനോ ഒക്കെ അറിയാം. ആയിരത്തോളം ബിജെപി വേദികളില്‍ പങ്കെടുത്തിട്ടുണ്ട്, ഒരു ഈശ്വരപ്രാര്‍ത്ഥന പോലും എന്നെക്കൊണ്ട് പാടിച്ചിട്ടില്ല, ഇതാണ് കലാകാരനോടുള്ള സമീപനം.
സീറ്റ് ചോദിച്ചിട്ടില്ല
ഇന്നുവരെ ബിജെപിയില്‍ സീറ്റൊന്നും ചോദിച്ചിട്ടില്ല, ചോദിക്കാതെയാണ് തന്നത്, ആ തന്നതിന്റെ ദോഷം ആവോളം അനുഭവിച്ചു, സീറ്റ് ചോദിച്ച് കാശ് കളയാന്‍ എന്റെ കയ്യില്‍ കാശും ഇല്ല. ആരോഗ്യവും ബുദ്ധിയും അസ്തമിക്കും വരെ സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.
പുതിയ സിനിമ
കുടുംബസിനിമയാണ്, ത്രില്ലറാണ്,ഇന്‍വെസ്റ്റിഗേഷനാണ്, ഇങ്ങനെയൊരു പ്രമേയം ഒരു ഭാഷയിലും ഇന്നേവരെ വന്നിട്ടില്ലെന്ന് എനിക്ക് നിസംശയം പറയാം.
Director Rajasenan interview,speaks on politics,critics,trolls and cinema