ചിത്രം: AFP

ചിത്രം: AFP

വെല്ലുവിളികളോടായിരുന്നു സ്റ്റോക്ടന്‍ റഷിന് എക്കാലവും താല്‍പര്യം. സുരക്ഷിതമായി ജീവിക്കാനാണെങ്കില്‍ സ്വന്തം കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതിരിക്കണം. അല്ലാതെ എന്ത് ചെയ്താലും ജീവനെടുക്കുന്ന വെല്ലുവിളികള്‍ നിങ്ങളെ കാത്തിരിക്കുന്നുവെന്നായിരുന്നു റഷ് സിബിഎസ് പോഡ്കാസ്റ്റില്‍ ഒരിക്കല്‍ പറഞ്ഞത്. ജീവിതത്തോടുള്ള ഈ സാഹസിക സമീപനം തന്നെയാണ് റഷിനെ ടൈറ്റനെന്ന സമുദ്രപേടകം വാങ്ങാനും ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടി അറ്റാലാന്റികിന്റെ ആഴത്തിലേക്ക് യാത്ര ചെയ്യാനും പ്രേരിപ്പിച്ചത്. റഷിനൊപ്പം മറ്റ് നാല് യാത്രക്കാര്‍ കൂടിയാണ് ടൈറ്റനിലുള്ളത്. വെറും പതിനാറ് മണിക്കൂര്‍ മാത്രം ജീവിക്കാനുള്ള ഓക്സിജനാണ് ടൈറ്റനില്‍ അവശേഷിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പേടകത്തിന്റെ സുരക്ഷയെ കുറിച്ച് സമുദ്ര ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം തേടിയെങ്കിലും കമ്പനി പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2009 ലാണ് റഷ് എവ്ററ്റ് എന്ന ടൈറ്റാനിക് പര്യവേഷണ കമ്പനി സ്ഥാപിച്ചത്. 250,000 ഡോളറാണ് (ഏകദേശം 2 കോടിയിലേറെ രൂപ) പേടകത്തില്‍ കയറി ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ഒരാളില്‍ നിന്ന് ഈടാക്കുന്ന തുക.

ഭൂമിയുടെ മറ്റൊരറ്റം തേടി കൂടിയായിരുന്നു ഇത്തവണത്തെ റഷിന്റെയും സംഘത്തിന്റെയും യാത്ര. യാത്രയ്ക്ക് മുന്‍പ് തന്നെ ജീവന്‍ നഷ്ടമായേക്കാമെന്ന മുന്നറിയിപ്പ് സംഘാംഗങ്ങള്‍ക്ക് കമ്പനി ആവര്‍ത്തിച്ച് നല്‍കിയിരുന്നു. ഞായറാഴ്ച മുതലാണ് സമുദ്രപേടകം കാണാതെയായത്. 

മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് റഷ് പര്യവേഷണത്തിനിറങ്ങിയതെന്ന് സമുദ്ര സാഹസികനായ റോബ് മക്കല്ലം പറയുന്നു. കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റോബിനെ റഷ് വിളിച്ചിരുന്നുവെങ്കിലും പലവിധ കാരണങ്ങളാല്‍ റോബ് വഴി പിരിയുകയായിരുന്നു. സമുദ്രാന്തര്‍ഭാഗത്തേക്ക് പോകുന്ന തരം സാഹസികതകള്‍ക്ക് കൃത്യതയും നിയന്ത്രണവും കണിശതയും ആവശ്യമാണെന്നും അമിത ആവേശമല്ല വേണ്ടതെന്നും മക്കല്ലം ചൂണ്ടിക്കാട്ടുന്നു. 

 

 

Missing Titanic tour leader Rush loves risks