dressbank

ഓണക്കാലത്ത് പാവപ്പെട്ട കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഡ്രസ് ബാങ്ക് ഒരുക്കുകയാണ് മലപ്പുറം തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. സ്കൂളിലെ തയ്യൽയൂണിറ്റിനൊപ്പം  ചേർന്നാണ് സാന്ത്വനതീരമെന്ന പേരിൽ ഡ്രസ് ബാങ്കിലേക്കായി വസ്ത്രങ്ങൾ കണ്ടെത്തിയത്. 

ഒരു ക്ലാസ്മുറി നിറയെ ഭംഗിയുള്ള ഉടുപ്പുകൾ. കുഞ്ഞുടുപ്പുകൾ മുതൽ മുതിർന്നവർക്കുള്ള വസ്ത്രങ്ങൾ വരെയുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ കണ്ടാൽ ക്ലാസ്മുറിയിൽ വൊളന്റിയറായി നിൽക്കുന്ന തയ്യൽ യൂണിറ്റ് അംഗത്തെ വിവരം അറിയിക്കാം. തുടർന്ന് അധ്യാപകർ ആരുമറിയാതെ വസ്ത്രങ്ങൾ കുട്ടിയുടെ ബാഗിലെത്തിക്കും. 

 

വിവരമറിഞ്ഞ് സഹപാഠികൾക്കായി പഴകാത്ത നല്ല വസ്ത്രങ്ങളും ഡ്രസ് ബാങ്കിലെത്തി. പുത്തൻ വസ്ത്രങ്ങളുമായി അധ്യാപകരും പിടിഎയും. ദിവസങ്ങൾക്കുള്ളിൽ ഡ്രസ് ബാങ്ക് തയ്യാർ. മുൻപ് സ്കൂളിലെ വിദ്യാര്‍ഥികളുടെ തയ്യൽ യൂണിറ്റ് വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സൗജന്യമായി യൂണിഫോം വിതരണം ചെയ്തിരുന്നു.