ആന്‍ഡമാനില്‍ കസ്റ്റംസ് എക്സൈസ് സംയുക്തസംഘം നൂറൂകോടി വിലമതിക്കുന്ന അമ്പത് കിലോ എംഡിഎംഎ നശിപ്പിച്ചു. ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന പൗരാണിക ബങ്കര്‍ ആന്‍ഡമാന്‍ അഡ്മിനിസ്ട്രേഷന്‍റെ അനുതിയോടെ ശാശ്വതമായി അടച്ചു. പിന്തുടര്‍ന്നെത്തിയ കോസ്റ്റ്ഗാര്‍ഡ് സംഘത്തെ ഭയന്ന്  2019ല്‍ ലഹരിസംഘം മുക്കിയ കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് ആന്‍ഡമാന്‍ തീരത്തടിഞ്ഞത്.

 

വീര്യത്തിലും ശുദ്ധിയിലും നൂറുശതമാനത്തോടടുത്തു നില്‍ക്കുന്ന അമ്പത് കിലോഗ്രാം മെത്താഫിറ്റമിനാണ് കാര്‍നിക്കോബാര്‍ ദ്വീപില്‍ കസ്റ്റംസ് എക്സൈസ് സംയുക്തസംഘം നശിപ്പിച്ചത് .  കടല്‍തീരത്തോട് ചേര്‍ന്ന് വെള്ളംകയറികിടന്ന ബങ്കറിനുള്ളിലായിരുന്നു ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത് . വെള്ളം വറ്റിച്ച്  എംഡിഎംഎ വീണ്ടെടുത്ത് നശിപ്പിക്കുക പ്രായോഗികമായിരുന്നില്ല .തുടര്‍ന്ന്  മലയാളിയായ കലക്ടര്‍  ഹരി കലിക്കാട്ടിന്റെ സഹായം തേടി . ജപ്പാന്‍ അധിനിവേശകാലത്ത് നിര്‍മിക്കപ്പെട്ട ബങ്കര്‍ ദ്വീപ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ശാശ്വതമായി അടച്ച് ലഹരിമരുന്ന് പുറത്തേക്കൊഴുകുന്നത് ത‍ടഞ്ഞു.  കസ്റ്റംസ് പ്രിവന്‍റീവ് സുപ്രണ്ടന്റ്  വി വിവേകിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നും കൊല്‍ക്കൊത്തയില്‍ നിന്നുമുള്ള കസ്റ്റംസ് സംഘത്തിനൊപ്പം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍ എന്‍ ബൈജുവിന്‍റെ നേതൃത്വത്തില്‍  എക്സൈസും  നടപടിയുടെ ഭാഗമായി . മന്ത്രി എം ബി രാജേഷിന്റെ ഇടപെടലാണ് സംയുക്ത ഓപ്പറേഷന് അവസരമൊരുക്കിയത്. 

 

മലപ്പുറത്ത് എംഡിഎംഎയുമായി അറസ്റ്റിലായ രണ്ടുപേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആന്‍ഡമാനിലെ സംയുക്ത നടപടി .കാര്‍നിക്കോര്‍ ദ്വീപ് നിവാസികളെ ബോധവല്‍ക്കരിച്ച സംഘം അവിടെ സൂക്ഷിച്ചിരുന്ന 2.3 കിലോ എംഡിഎംഎയും പിടിച്ചെടുത്തു.  ലഹരിസംഘം മുക്കിയ കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ പാക്കറ്റുകളില്‍ ചൈനീസ് ചായയാണെന്ന് തെറ്റിധരിച്ച് ചൂടുവെള്ളത്തില്‍ കലക്കികുടിച്ച് കാര്‍നിക്കോബാര്‍ ദ്വീപില്‍  നേരത്തെ ഒരു സ്ത്രീമരിച്ചിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ മലയാളികടങ്ങിയ കള്ളക്കടത്തുസംഘമാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തി തുടങ്ങിയത്. 

 

Kerala Excise destroys Drugs from Andaman