muskxpaid-19
  • വ്യാജന്‍മാരെ തുരത്താന്‍ എന്ന് മസ്ക്
  • പ്രതിമാസ നിരക്കില്‍ തീരുമാനം ആയില്ല

ട്വിറ്റര്‍ പേരുമാറി 'എക്സ്' ആയതിന് പിന്നാലെ കൂടുതല്‍ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇലോണ്‍ മസ്ക്. ഇതുവരെ സൗജന്യ സേവനം നല്‍കിയിരുന്ന 'എക്സ്' ഇനി മുതല്‍ പണം ഈടാക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. അതായത് ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് പ്രതിമാസം ഉപയോക്താക്കള്‍ പണം നല്‍കേണ്ടി വരുമെന്ന് സാരം. എന്നാല്‍ എത്ര രൂപയാണ് മാസം തോറും ഈടാക്കുക എന്നത് മസ്ക് വെളിപ്പെടുത്തിയിട്ടില്ല. വ്യാജന്‍മാരെ തുരത്താനാണ് പെയ്ഡ് ആക്കുന്നതെന്നാണ് മസ്ക് പറയുന്നത്.

 

55 കോടി ഉപയോക്താക്കള്‍ 'എക്സി'നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ ഒറിജിനല്‍ എത്ര വ്യാജന്‍ എത്ര എന്നതില്‍ മസ്കിനും നിശ്ചയമില്ല. ഇനി പണം നല്‍കി 'എക്സ്' ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് കരുതുക. എന്തെല്ലാം മെച്ചമാണ് അതുകൊണ്ട് ഉപയോക്താവിന് ഉണ്ടാവുകയെന്നും മസ്ക് വെളിപ്പെടുത്തിയിട്ടില്ല. പ്രതിദിനം 10 മുതല്‍ 20 കോടി വരെ പോസ്റ്റുകളാണ് എക്സില്‍ പ്രത്യക്ഷപ്പെടുന്നത്. എക്സ് പെയ്ഡ് ആക്കുന്നതിന് പുറമെ എഐ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാനും മസ്കിന് പദ്ധതിയുണ്ട്. 'എക്സ്' വഴി പണമിടപാട് നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അടുത്തയിടെ മസ്ക് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ എട്ട് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ഇതിനുള്ള അനുമതിയും നല്‍കി. 4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്ത മസ്ക് പിന്നാലെ ബ്ലൂ ടിക് പെയ്ഡാക്കുകയും ട്വിറ്ററെന്ന പേരും ലോഗോയും 'എക്സ്' എന്ന് റീബ്രാന്‍ഡ് ചെയ്തിരുന്നു. ബ്ലൂടിക് പണം നല്‍കി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വിസിബിലിറ്റി ലഭിക്കുന്നത് പോലെ എക്സ് പെയ്ഡ് ആക്കുമ്പോള്‍ എന്ത് ഗുണമാണ് ഉണ്ടാവുക എന്നാണ് ഉപയോക്താക്കള്‍ ഉറ്റുനോക്കുന്നത്.

 

 

Twitter will turn into paid service, all users will have to pay to use it; Hits Musk