ലോകത്തിലെ ആദ്യത്തെ കൃത്രിമഉപഗ്രഹം സ്പുട്നിക് ഒന്നിന്റെ വിക്ഷേപണത്തിന് 66 വയസ്. ചുരുങ്ങിയ ആയുസേ ഉണ്ടായിരുന്നുളളുവെങ്കിലും ഇന്നത്തെ ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ചത് സ്പുട്നിക്കാണ് എന്നു പറയാം. 1957 ഒക്ടോബർ നാലിനാണ് 84 കിലോ തൂക്കവും 58 സെന്റി മീറ്റര്‍ വ്യാസവുമുണ്ടായിരുന്ന ഒരു ലോഹഗോളം ചരിത്രം കുറിക്കാന്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുളള ശീതയുദ്ധം കത്തിനില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. ശാസ്ത്ര സാങ്കേതികമേഖല അടക്കി വാണിരുന്ന അമേരിക്കയ്ക്കുളള കനത്ത പ്രഹരമായിരുന്നു സ്പുട്നിക് ഒന്നിന്റെ വിക്ഷേപണം. ആ ചരിത്ര മുഹൂര്‍ത്തത്തിലേക്ക്.
1950 കളുടെ തുടക്കത്തിലാണ് അമേരിക്കയും സോവിയറ്റ് യൂണിയനും സൈനിക പദ്ധതികളുടെ ഭാഗമായി ബഹിരാകാശ ഗവേഷണത്തിന് തുടക്കം കുറിക്കുന്നത്. 1955 ആയപ്പോഴേക്കും കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡേവിഡ് ഐസന്‍ഹോവര്‍ പ്രഖ്യാപിച്ചു. സോവിയറ്റ് ശാസ്ത്രജ്ഞരില്‍ ഈ പ്രഖ്യാപനം പോരാട്ടവീര്യമുണര്‍ത്തി. അതേ വര്‍ഷം തന്നെ സോവിയറ്റ് കമ്യുണിസ്റ്റ് പാർട്ടിയും സമാനമായ പ്രഖ്യാപനവുമായി മുന്നോട്ട് വന്നു.
ശാസ്ത്ര സാങ്കേതിക രംഗത്ത് ആധിപത്യമുറപ്പിച്ച അമേരിക്കയും സഖ്യകക്ഷികളും സോവിയറ്റ് യൂണിയന്‍റെ ഈ പ്രഖ്യാപനത്തെ വീമ്പുപറച്ചില്‍ മാത്രമായാണ് കണ്ടത്. എന്നാല്‍ മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജൻസികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോൾ സോവിയറ്റ് യൂണിയന്റെ പണിശാലയിലെ നിശബ്ദതയിൽ സ്പുട്നിക് ഒന്ന് പിറവികൊളളുകയായിരുന്നു. അങ്ങനെ 1957 ഒക്ടോബർ 4ന് സോവിയറ്റ് യൂണിയന്‍റെ സ്വപ്നപദ്ധതി, സ്പുട്നിക് ഒന്ന് എന്ന പേരില്‍ കസഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു.
R-7 റോക്കറ്റ് ഉപയോഗിച്ചായിരുന്നു സ്പുട്നിക് ഒന്നിന്റെ വിക്ഷേപണം. റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുന്നതിനായി സ്പുട്നിക്കില്‍ 4 ആന്‍റിനകള്‍ ഘടിപ്പിച്ചിരുന്നു. സ്പുട്നിക് തുടര്‍ച്ചയായി പുറപ്പെടുവിച്ചിരുന്ന ബീപ്..ബീപ് ശബ്ദം ലോകമെമ്പാടുമുളള റേഡിയോ ശൃംഖലകളില്‍ കേള്‍ക്കാമായിരുന്നു. ഈ ശബ്ദത്തെക്കുറിച്ച് അക്കാലത്ത് പേടിപ്പെടുത്തുന്നതും അല്ലാത്തതുമായ ഒട്ടേറെ കെട്ടുകഥകള്‍ ഉടലെടുക്കുകയും ചെയ്തു.
സ്പുട്നിക് വിക്ഷേപണത്തോടെ ശീതയുദ്ധം പുതിയ തലത്തിലേക്ക് മാറി. ബഹിരാകാശ പദ്ധതികളിലെ മല്‍സരം യുദ്ധസമാനമായി. അമേരിക്ക അതുവരെ പിന്തുടര്‍ന്നിരുന്ന ഗവേഷണ നയങ്ങള്‍ അപ്പാടെ മാറ്റിയെഴുതാന്‍ തീരുമാനിച്ചു. പുത്തന്‍ കണ്ടുപിടിത്തങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും തിരിയാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് സ്പുട്നിക് ഒന്നിന്‍റെ വിജയം തന്നെയായിരുന്നു. നാഷ്ണല്‍ എയ്റോനോട്ടിക് ആന്‍റ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (National Aeoronautic and Space Administration) എന്ന നാസയും ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട് ഏജന്‍സി (Defence Advanced Research Projects Agency) എന്ന ഗവേഷണ സ്ഥാപനവും രൂപം കൊണ്ടത് ഇതിന്റെ ഫലമായാണ്.
22 ദിവസത്തോളം സ്പുട്നിക് തുടര്‍ച്ചയായി റേഡിയോ സിഗ്നലുകള്‍ നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ 1958 ജനുവരി നാലിന് പേടകം കത്തിനശിച്ചു. സ്പുട്നിക് ഒന്നിന് പിന്നാലെ 1957ൽ തന്നെ സോവിയറ്റ് യൂണിയന്‍ സ്പുട്നിക് 2 എന്ന ഉപഗ്രഹവും വിക്ഷേപിച്ചിരുന്നു. ലെയ്ക എന്ന നായയെ വഹിച്ചാണ് സ്പുട്നിക് 2 കുതിച്ചുയര്‍ന്നത്. മല്‍സരം കടുത്തതോടെ 1958 മാർച്ച് 17ന് അമേരിക്കയുടെ എക്സ്‌പ്ലോറര്‍-വണ്‍ ഉപഗ്രഹം ബഹിരാകാശത്തിലേക്ക് കുതിച്ചു.
അവിടെ നിന്നാണ് ശാസ്ത്ര സാങ്കേതിക മേഖലയില്‍ പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണരംഗത്ത് വന്‍ കുതിപ്പിന് തുടക്കം കുറിച്ചത്. ഇന്ന് നാം കാണുന്ന പല ആധുനികസൗകര്യങ്ങളുടെയും തുടക്കം ശീത യുദ്ധത്തിന്റെ ഫലമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. സ്‌പുട്നിക് ഒന്നിന്റെ വിക്ഷേപണത്തിന്റെ ഓർമ്മയായി എല്ലാവർഷവും ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ ലോക ബഹിരാകാശ വാരം ആചരിക്കുന്നത് തികച്ചും പ്രസക്തമാകുന്നതും അതുകൊണ്ടാണ്.
66 Years of Sputnik 1
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ....