fadnavisn

"ഞാൻ ആധുനിക കാലത്തെ അഭിമന്യുവാണ്. ചക്രവ്യൂഹം തകർക്കാൻ എനിക്ക് അറിയാം." ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലേറ്റ  തിരിച്ചടിയിലും അചഞ്ചലനായി നിന്നായിരുന്നു  നേതാവിന്‍റെ ഈ പ്രഖ്യാപനം.  അത് മറ്റാരുമല്ല  മഹാരാഷ്ട്രയിൽ  ബിജെപിയുടെ മുഖം. മുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ച  ചാണക്യൻ,  സർജിക്കൽ സ്‌ട്രൈക്കുകളിൽ അഗ്രഗണ്യന്‍, അഴിമതിയാരോപണങ്ങളാൽ കളങ്കപ്പെട്ടിട്ടില്ലാത്ത നേതാവ് ദേവേന്ദ്ര ഗംഗാധർ ഫഡ്നാവിസ്.

fadnavis-cm3

അടിയന്തരാവസ്ഥക്കാലത്ത് അച്ഛനെ ജയിലിലിട്ട ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്കൂളിൽ പഠിക്കില്ലെന്നു ശഠിച്ച് സ്കൂൾ മാറിയ ചരിത്രമുണ്ട് ഫഡ്നാവിസിന്.  അത്രമേല്‍  തീക്കനല്‍ ഉള്ളിലുള്ളൊരു നേതാവിന് പിന്നില്‍ വിശ്വസിച്ച് ഒറ്റക്കെട്ടായി അണിനിരന്ന അണികള്‍ക്കും തെറ്റിയില്ല. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ നേടി, ലോക്‌സഭാ പരാജയം മറികടന്നിരിക്കുന്നു. മഹാരാഷ്ട്രയെ നയിക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്മന്ത്രിക്കസേര വലിച്ചിട്ടിരിക്കുമ്പോള്‍ ആ പ്രയത്നത്തിന് കയ്യടിക്കാതെ എതിര്‍ചേരികള്‍ക്ക്  തരമില്ലാതായിരിക്കുന്നു.  

fadnavis-cm2

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ 9എണ്ണം മാത്രം നേടി ബിജെപിയുടെ നില പരുങ്ങലിലായപ്പോള്‍ , സംസ്ഥാന  ഭരണം ഉപേക്ഷിച്ച് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഴുവൻ ശ്രദ്ധ ചെലുത്തുമെന്ന് ഫഡ്നാവിസ് രണ്ടുതവണ പ്രഖ്യാപിച്ചു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇത് തള്ളി. ഒരു ചുവടു പിന്നിലേക്കു മാറിയത്, വെറുതേയായില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പുഫലം.

fadnavis-cm1

ആർഎസ്എസിന്റെ ആസ്ഥാനമായ നാഗ്പുരിലാണു ഫഡ്നാവിസിന്‍റെ ജനനം. ജനസംഘം നേതാവായിരുന്ന പിതാവ് ഗംഗാധർ ഫഡ്നാവിസ് ലെജിസ്ലേറ്റീവ് കൗൺസിൽ  അംഗമായിരുന്നു. ഫഡ്നാവിസ് RSS-ന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിൽ (ABVP) നിന്നാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്.  22-ആം വയസ്സിൽ  നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ കോർപ്പറേറ്ററായും, 27-ആം വയസ്സിൽ രാജ്യത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സ്ഥാനവും നേടി. 1999 മുതൽ നിയമസഭയിൽ. 2013 ൽ ബിജെപി പ്രസിഡന്‍റ്. 2014 ൽ പാർട്ടി ഉജ്വല വിജയം നേടിയപ്പോൾ മുഖ്യമന്ത്രി.

2014 ൽ മുഖ്യമന്ത്രിയായ ഫഡ്‌നാവിസിന്‍റെ ഭരണകാലം മറാത്ത സംവരണം, ജല്യുക്ത് ശിവർ ജലസംരക്ഷണ പദ്ധതി, നാഗ്‌പൂർ-മുംബൈ വിജ്ഞാന ഇടനാഴി, കാർഷിക കടം എഴുതിത്തള്ളൽ, മെട്രോ റെയിൽ ശൃംഖലയുടെ വിപുലീകരണം എന്നിങ്ങനെ ‌ഒട്ടേറെ നേട്ടങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടു. മറാത്താ സംവരണത്തിനെതിരെ ഉയർന്ന പ്രക്ഷോഭം ഫഡ്‌നാവിസിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയായെങ്കിലും സമരക്കാരോട് നേരിട്ട് സംവദിച്ച ഫഡ്‌നാവിസ്, പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്‌തു. 5 വർഷവും തികച്ചുഭരിച്ച് 2019 ലെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 'ഞാൻ തിരിച്ചുവരും' എന്നായിരുന്നു ഫഡ്നാവിസിന്റെ വാക്ക്.

എന്നാല്‍  മുഖ്യമന്ത്രിസ്ഥാനം നല്‍കാതെ മാറ്റിനിര്‍ത്തപ്പെട്ട അഞ്ച് വര്‍ഷങ്ങള്‍.  എൻഡിഎ സഖ്യം വിജയിക്കുകയും ബിജെപി വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തെങ്കിലും മുഖ്യമന്ത്രി സ്ഥാനം വീതം വയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം അനിശ്ചിതത്വമുണ്ടാക്കി. ബിജെപി ദേശീയ നേതൃത്വം ഉഴപ്പിയതോടെ എൻസിപിയിലെ അജിത് പവാറിനെ പുറത്തെത്തിച്ച് ഫഡ്നാവിസ് മുഖ്യമന്ത്രിയായി. എന്നാൽ അവിശ്വാസപ്രമേയത്തിൽ മൂന്നാംദിവസം സർക്കാർ വീണു. മുഖ്യമന്ത്രിസ്ഥാനത്തിരിക്കേണ്ട തന്നെ പ്രതിപക്ഷത്തിരുത്തിയ ശിവസേനയോടുള്ള പക തീർത്തത് രണ്ടരവർഷം കഴിഞ്ഞപ്പോൾ അവരെ പിളർത്തി ഏക്നാഥ് ഷിൻഡെയെ പുറത്തുചാടിച്ചാണ്. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ച ഫഡ്നാവിസിനെ സഖ്യത്തിന്‍റെ നിലനിൽപിന്റെ പേരു പറഞ്ഞു ബിജെപി ദേശീയ നേതൃത്വം ഉപമുഖ്യമന്ത്രിയാക്കി. മുറിവേറ്റെങ്കിലും ഫഡ്നാവിസ് വെറുതേയിരുന്നില്ല. മാസങ്ങൾക്കുള്ളിൽ എൻസിപിയെയും പിളർത്തി ശക്തി തെളിയിച്ചു.

1999 മുതൽ 2014 വരെ നാഗ്പൂർ വെസ്റ്റ് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള വിജയത്തിനുശേഷം, 2014 മുതൽ നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നാണ് തുടർച്ചയായി വിജയിച്ചത്. 'നാഗ്പൂർ രാജ്യത്തിന് നൽകിയ സമ്മാനമാണ് ദേവേന്ദ്ര ഫഡ്നാവിസ്' എന്നായിരുന്നു നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞുവെച്ചത്. 

അതെ 27-ആം വയസ്സിൽ രാജ്യത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. 44-ആം വയസ്സിൽ മഹാരാഷ്ട്രയുടെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. തന്റെ തന്ത്രചാതുര്യവും നേതൃശേഷിയും ഫഡ്നാവിസിനെ വീണ്ടും മുഖ്യമന്ത്രികസേരയിലേക്ക് തിരിച്ചെത്തിക്കുമ്പോള്‍ എതിരാളികള്‍ കാത്തിരിക്കുന്നുണ്ട്. ഇനി ആവനാഴിയിലെ അടുത്ത ആയുധം എന്തായിരിക്കുമെന്ന നെഞ്ചിടിപ്പോടെ..

 
Devendra Fadnavis poised to become Maharashtra CM:

BJP leader Devendra Fadnavis to become the chief minister of Maharashtra after the Mahayuti alliance retained power in a sweeping win in the Assembly elections