ട്രാഫിക് ജാം  ഉണ്ടാക്കിയ ഇ–റിക്ഷ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട പൊലിസുകാരനെ പൊതിരെ തല്ലി യുവതി. ഗാസിയാബാദിലെ ഇന്ദിരപുരത്താണ് സംഭവം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന റിക്ഷ എടുത്തു മാറ്റണമെന്ന് പൊലിസ് ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു പറഞ്ഞതോടെ സ്ത്രീ തന്റെ ചെരുപ്പൂരി അടിക്കുകയായിരുന്നു. തടയാനും തിരിച്ചടിയ്ക്കാനും പൊലിസുകാരന്‍ ശ്രമിച്ചെങ്കിലും യുവതി ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു. ചുറ്റും ആളുകള്‍ കൂടിയതോടെ പൊലിസുകാരന്‍ സംഭവസ്ഥലത്തു നിന്നും തിരികെ പോവുകയായിരുന്നു. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മാധ്യമങ്ങളിലും വാര്‍ത്തയായി.  പൊലിസുകാരനു നേരെ ഒച്ചയെടുക്കുന്നതും തള്ളി മാറ്റുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആ വഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിച്ചത്. ആ മേഖലയില്‍ റിക്ഷകള്‍ നിര്‍ത്തിയിടുന്നത് പലപ്പോഴും ഗതാഗത തടസത്തിനു കാരണമാവാറുണ്ട്. പരാതികള്‍ പെരുകിയതോടെയാണ് മേഖലയില്‍ പൊലിസ് എത്തിയത്. ഈ സ്ത്രീയെക്കുറിച്ച് മുന്‍പും പരാതികള്‍ വന്നിട്ടുണ്ടെന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെ ഓടിയ ഇ റിക്ഷയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതായി പൊലിസ് പറഞ്ഞു. 

Woman e-rikshaw driver hits police cop

വാര്‍ത്തകളുംവിശേഷങ്ങളുംവിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ