TAGS

ലിയോ ദാസിന്റെ പെറ്റ് ഹൈന. അഥവാ കഴുതപ്പുലി. ലിയോ സിനിമയില്‍ ഹൈന എന്ന ഈ മൃഗത്തിനു നിര്‍ണായക റോള്‍ തന്നെയുണ്ട്. കക്ഷിയെ ലിയോ മെരുക്കിയെങ്കിലും ആളത്ര വെടിപ്പല്ല. ജന്തുലോകത്തെ കൊടുംക്രൂരന്‍മാരെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഇരകളെ കൂട്ടത്തോടെ വേട്ടയാടി കൊല്ലാതെ തിന്നുന്ന ദുഷ്ടമൃഗങ്ങള്‍. 

 

ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുന്നു. പതുങ്ങിനിന്ന് ഇരയ്ക്കുമീതെ ചാടിവീണ് ആക്രമിക്കുന്നതിനു പകരം തിരഞ്ഞുപിടിച്ച് ഓടിച്ച് കീഴ്പ്പെടുത്തും. ഇവറ്റകളുടെ കണ്ണില്‍പ്പെട്ടാല്‍ ഇരകളുടെ കഷ്ടകാലമെന്നു ചുരുക്കം. 20 മുതല്‍ 70 വരെ  അംഗങ്ങളുള്ള സംഘമായാണ് സഞ്ചാരം. എതിരാളികളെ വളഞ്ഞ് വേട്ടയാടി കീഴ്പ്പെടുത്തുന്നതില്‍ ഒരു മനസ്. എന്നാല്‍ വിശപ്പ് സഹിക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വന്തം കൂട്ടത്തിലുള്ളവരെ കൊന്നു തിന്നാല്‍ മടിക്കില്ലെന്നത് വിരോധാഭാസം. ഇവറ്റകള്‍ക്കു മിത്രങ്ങളില്ല, കണ്ണില്‍ കാണുന്നവരെല്ലാം ശത്രുക്കള്‍ മാത്രം. മറ്റു മൃഗങ്ങള്‍ വേട്ടയാടി പിടിക്കുന്ന ഭക്ഷണം തട്ടിയെടുക്കാന്‍ ഒരു ഉളുപ്പുമില്ല. അല്‍പമെങ്കിലും പേടിയുണ്ടെങ്കില്‍ അത് സിംഹത്തെ മാത്രം. ഒറ്റയ്ക്കു സഞ്ചരിക്കുന്ന ഒരു സിംഹത്തെ വേണമെങ്കില്‍ സംഘബലം കൊണ്ട് വീഴ്ത്തിക്കളയും. പല്ലുകളുടെ അസാധാരണ ശക്തിയും മൂര്‍ച്ചയും പ്രത്യകതയാണ്. 

 

ഹൊറര്‍ സിനിമകളില്‍ ഇവയുടെ ശബ്ദം സ്ഥിരമായി ഇടംപിടിക്കാറുണ്ട്. നിരവധി ഹൈനകള്‍ ചുറ്റും കൂടി പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കുന്നത് എതിരാളികളെ മാനസികമായി തളര്‍ത്തും. ഭീകരത തോന്നിക്കുന്ന അന്തരീക്ഷം ഉണ്ടാക്കാന്‍ ഇതിലും നല്ല കരച്ചില്‍ വേറെയില്ല. മനുഷ്യന്റെ ചിരിയോടു സാമ്യമുള്ളതാണ് ഹൈനകളുടെ ശബ്ദം. 

 

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് കഴുതപ്പുലി (ഹൈന). കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം. പൂച്ചകളോടും വെരുകുകളോടും െചറിയ സാമ്യം. ശരീരത്തില്‍ പുള്ളികളുള്ള ഇവയെ ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇവയെ കണ്ടു വരുന്നു.