നിറങ്ങൾ ചാലിക്കാതെ പ്രകൃതിയെ പേപ്പറിലേക്ക് പകർത്തിയ വരകളുമായി സുറുമി മമ്മൂട്ടി ഡൽഹിയിൽ. 9 ചിത്രങ്ങളുമായി സുഹ്യത്തും ചിത്രകാരിയുമായ ദീപശിഖ ഖൈത്താനുമായി ചേർന്നാണ് സുറുമി ഇന്ത്യ ആർട്ട് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന പ്രദർശനം നാളെ അവസാനിക്കും.
വേറിട്ടു നിൽക്കുന്നു സുറുമി മമ്മൂട്ടിയുടെ ചിത്രങ്ങൾ. നിറങ്ങൾ ഇല്ല. പ്രത്യേക പേന കൊണ്ട് പേപ്പറിലേക്ക് പ്രകൃതിയെ പകർത്തിയിരിക്കുന്നു
വീടിന് പരിസരത്തും യാത്രകളിലും കണ്ണിന് കുളിർമ നൽകുന്ന മരങ്ങളോ ചെടികളോ വള്ളിപ്പടർപ്പുകളോ കണ്ടാൽ ഫോട്ടോ എടുത്തു വക്കും. പിന്നീട് മാസങ്ങളെടുത്ത് പേപ്പറിലേക്ക് പകർത്തും.
ഡൽഹിയിൽ ചിത്രങ്ങൾ കാണാൻ എത്തുന്നവരിൽ ഭൂരിഭാഗവും സുറുമി , മമ്മൂട്ടിയുടെ മകളും ദുൽഖർ സൽമാന്റെ സഹോദരിയും ആണെന്ന് അറിയുന്നവരല്ല. അവർ വിലയിരുത്തുന്നത് ചിത്രത്തെയും ചിത്രകാരിയെയും ആയതിനാൽ സുറുമിക്ക് ഇരട്ടി സന്തോഷം .
ഒമ്പതാം ക്ലാസ് മുതൽ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടുത്ത സുറുമി ഇപ്പോൾ മുഴുവൻ സമയവും ചിത്രരചനയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗ്ലൂരുവിൽ താമസിക്കുന്ന സുറുമി ബംഗലൂരു ലൈറ്റ് ഹൗസ് ഇന്റർനാഷനലിൽ ചിത്ര രചന പഠിപ്പിക്കുന്നുമുണ്ട്.