venusoxygennew-09
  • കണ്ടെത്തിയത് അറ്റോമിക് ഓക്സിജന്‍റെ ഏക തന്‍മാത്ര
  • ശുക്രോപരിതലത്തില്‍ രണ്ട് പാളികളിലായി കേന്ദ്രീകരിച്ച നിലയില്‍
  • സൂര്യപ്രകാശമേല്‍ക്കുന്നയിടത്ത് താപനില മൈനസ് 120 ഡിഗ്രി സെല്‍സിയസ്
  • സൂര്യപ്രകാശമേല്‍ക്കാത്തയിടത്ത് ഓക്സിജന്‍ താപനില മൈനസ് 256 ഡിഗ്രി സെല്‍സിയസ്

ഭൂമിയുടെ ഇരട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രഹമാണ് ശുക്രന്‍. ഒട്ടനവധി നിഗൂഢതകളുടെ കേന്ദ്രം കൂടിയാണ് ശാസ്ത്രലോകത്തിന് എന്നും ശുക്രന്‍. ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമായ ശുക്രനില്‍ ഓക്സിജന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന വാര്‍ത്തയാണ് ശാസ്ത്രലോകം പുറത്തുവിടുന്നത്. ശുക്രന്‍റെ അന്തരീക്ഷത്തില്‍ അറ്റോമിക് ഓക്സിജന്‍ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയത്. ഇന്‍ഫ്രാറെഡ് ടെലസ്കോപ് ഘടിപ്പിച്ച രൂപമാറ്റം വരുത്തിയ ബോയിങ് 747എസ്പിയില്‍സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രം വഴിയാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. നാസയും ജര്‍മന്‍ എയ്റോസ്പേസ് സെന്‍ററും സംയുക്തമായി ചെയ്യുന്ന ഈ പ്രൊജക്ടിലൂടെ ശുക്രന്‍റെ അന്തരീക്ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. 

 

ഭൗമാന്തരീക്ഷത്തിന്‍റെ 21 ശതമാനവും ഓക്സിജനാണെന്നിരിക്കെ ശുക്രന്‍റെ അന്തരീക്ഷത്തില്‍ 96.5 ശതമാനവും കാര്‍ബണ്‍ ഡൈ ഓക്സൈഡാണുള്ളത്. വളരെ കുറച്ച് അളവില്‍ നൈട്രജനും മറ്റ് വാതകങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഓക്സിജന്‍ ഒട്ടും തന്നെ ഇല്ലെന്നായിരുന്നു കരുതിയിരുന്നത്. നിലവിലെ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നതും അതുകൊണ്ട് തന്നെയാണ്. അറ്റോമിക് ഓക്സിജന്‍റെ  ഏക തന്‍മാത്രയാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. സൂര്യനഭിമുഖമായി വരുന്ന ശുക്രനിലെ ഭാഗങ്ങളില്‍ നിന്നും എതിര്‍വശത്ത് നിന്നും ഓക്സിജന്‍ കണ്ടെത്തിയിട്ടുണ്ട്. 

 

സൂര്യപ്രകാശം പതിക്കുന്ന ശുക്രന്‍റെ വശത്ത് നിന്നും ലഭിച്ച ഓക്സിജന്‍ കണിക സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് വികരണങ്ങള്‍ അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡായും കാര്‍ബണ്‍ മോണോക്സൈഡ് ഓക്സിജന്‍ കണികകളായും മറ്റ് രാസപദാര്‍ഥങ്ങളായും വിഘടിച്ചതിന്‍റെ ഫലമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇങ്ങനെയുണ്ടായ ഓക്സിജനില്‍ ചിലത് കാറ്റിനാല്‍ വഹിക്കപ്പെട്ട് ശുക്രന്‍റെ മറുവശത്തും എത്തപ്പെട്ടിട്ടുണ്ടാകാമെന്നാണ് ശാസ്ത്രലോകത്തിന്‍റെ അനുമാനം. അറ്റോമിക് ഓക്സിജന്‍റെ സാന്നിധ്യം ശുക്രനില്‍ കണ്ടെത്തിയത്, അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ ഫലമായി പ്രകാശത്തിന്‍റെ രാസപരിണാമം ശുക്രനില്‍ നടക്കുന്നുണ്ടെന്നത് തെളിയിക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

 

ശുക്രന്‍റെ അന്തരീക്ഷത്തില്‍, ഉപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ ഉയരത്തിലായി രണ്ട് പാളികളിലായി കേന്ദ്രീകരിച്ച നിലയിലാണ് ഓക്സിജന്‍ കണ്ടെത്തിയത്. ശുക്രനിലെ സൂര്യപ്രകാശമേല്‍ക്കുന്നയിടത്ത് മൈനസ് 120 ഡിഗ്രി സെല്‍സിയസായിരുന്നു ഓക്സിജന്‍റെ താപനിലയെന്നും പ്രകാശമേല്‍ക്കാത്ത ഭാഗത്ത് ഇത് മൈനസ് 256 ഡിഗ്രി സെല്‍സിയസായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

ശുക്രന്‍റെ അന്തരീക്ഷം സാന്ദ്രതയേറിയതാണെന്നും ഭൂമിയുടേതില്‍ നിന്നും തികച്ചും വിഭിന്നമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടെന്ന് കരുതുക പ്രയാസമാണെന്നും ഗവേഷകര്‍ പറയുന്നു. ശുക്രന്‍ എന്തുകൊണ്ടാണ് ഭൂമിയില്‍ നിന്നും ഇത്രയധികം വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന അന്വേഷണം തുടരുകയാണെന്നും ഈ കണ്ടെത്തല്‍ ശുക്രോപരിതലത്തെ കുറിച്ചുള്ള പുതിയ ഗവേഷണങ്ങള്‍ക്കും കൂടുതല്‍ അറിവുകള്‍ക്കും വഴിതെളിക്കുമെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു. 

 

Scientists discovered Oxygen in Venus