പതിവ് വ്യായാമത്തിനിടെയുണ്ടായ ഹൃദയാഘാതത്തില്‍ ജീവന്‍ രക്ഷിച്ചത് സ്മാര്‍ട് വാച്ചെന്ന് 42കാരന്‍. യു.കെയിലെ സ്വാന്‍സി സ്വദേശിയും ഹോക്കി വെയ്സിന്റെ സിഇഒയുമായ പോള്‍ വഫമാണ് വാര്‍ത്ത പങ്കുവച്ചത്. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കയ്യില്‍ കെട്ടിയിരുന്ന വാച്ച് വഴി ഭാര്യയെ ഫോണില്‍ വിളിക്കാന്‍ കഴിഞ്ഞുവെന്നും ഉടനടി ആംബുലന്‍സെത്തിയത് കൊണ്ടാണ് ജീവന്‍ തിരികെ കിട്ടിയതെന്നും പോള്‍ പറയുന്നു.
പതിവുപോലെ രാവിലെ ഏഴുമണിയോടെ ഓടാനിറങ്ങിയതായിരുന്നു പോള്‍. വീടെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ദൂരം ശേഷിക്കെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് പോള്‍ വെയില്‍സ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വേദന കൊണ്ട് പുളഞ്ഞ താന്‍ നെഞ്ചില്‍ പിടിച്ച് റോഡില്‍ മുട്ടുകുത്തിയിരിക്കുന്നതിനിടയില്‍ വാച്ചില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ വിവരം ആംബുലന്‍സ് സര്‍വീസില്‍ അറിയിക്കുകയും ഓടിയെത്തുകയും ചെയ്തുവെന്നും തക്ക സമയത്ത് ചികില്‍സ ലഭ്യമായെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ പോളിന്‍റെ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തി.തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. പതിവായി വ്യായാമം ചെയ്യുന്ന തനിക്ക് ഹൃദയാഘാതമുണ്ടായത് കടുത്ത ഞെട്ടലുണ്ടാക്കിയെന്നും പോള്‍ പറയുന്നു. അമിത ഭാരമോ മറ്റ് ശാരീരിക പ്രശ്നങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇത്തരമൊരു അവസ്ഥ താന്‍ ഭയന്നിരുന്നില്ലെന്ന് പോള്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല അടിയന്തരഘട്ടങ്ങളില്‍ സ്മാര്‍ട്വാച്ച് രക്ഷകനായി എത്തുന്നത്. ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങള്‍ സന്ദേശങ്ങളിലൂടെ സ്മാര്‍ട് വാച്ച് കൈമാറിയ വാര്‍ത്തകള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Smart watch saves life, claims UK man