ഒരു ദിവസം 20തവണയില്‍ കൂടുതല്‍ കറന്റ് പോകും . നാട്ടുകാരുടെ പരാതി കേട്ട് മടുത്ത കൊല്ലം പട്ടാഴി രണ്ടാലുമ്മൂട് വാര്‍ഡ് മെമ്പര്‍ ര‍ഞ്ജിത്ത് ഒരു കാര്യം തീരുമാനിച്ചു, കെഎസ്ഇബിക്കാരെ തന്റെ നാടിന്റെ അവസ്ഥ ഒന്ന് ബോധ്യപ്പെടുത്തി കൊടുക്കണം. പവര്‍കട്ട് മാത്രമല്ല, വൈദ്യുതി വിലവര്‍ധനയും രഞ്ജിത്തിന്റെ പ്രതിഷേധത്തിനു മുന്‍പിലുണ്ട്. 

ഒരു സഞ്ചി നിറയെ പതിനായിരത്തിന്റെ നാണയത്തുട്ടുകളുമായാണ് രഞ്ജിത്ത് പട്ടാഴി കെഎസ്ഇബി ഓഫീസിലെത്തിയത്. 9 പേരുടെ ബില്ലുമായി ഇന്നലെ ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് രഞ്ജിത്ത് പട്ടാഴി കെഎസ്ഇബി ഓഫീസിലെത്തിയത്. തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാലുമ്മൂടില്‍ പതിവായി വൈദ്യുതി മുടങ്ങുന്നതിനെതിരെ നാട്ടുകാര്‍ക്കെല്ലാം പ്രതിഷേധമുണ്ട്. ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ആ പ്രദേശത്ത് മരങ്ങള്‍ കൂടുതലാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നത്.  

കെഎസ്ഇബി ഓഫീസില്‍ എത്തിയ ഉടനെ ബില്‍ സെക്ഷനിലിരുന്ന ഉദ്യോഗസ്ഥരോട് രഞ്ജിത്ത് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു, കുറച്ചു ബില്ലുണ്ടെന്ന് പറഞ്ഞപ്പോള്‍ അതു സാരമില്ല അടയ്ക്കാമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ചില്ലറത്തുട്ടുകള്‍ കണ്ടതോടെ ഭക്ഷണം കഴിച്ചിട്ടാവാമെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. എന്നാല്‍ അതു പലരെയും കാര്യങ്ങള്‍ വിളിച്ചുപറയാനായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു.

രഞ്ജിത്തിന്റെ കൈവശം ഉണ്ടായിരുന്ന സഞ്ചി നിറയെ നാണയത്തുട്ടുകൾ ആയിരുന്നു. വാർഡിലെ ഒൻപത് വീട്ടുകാരുടെ വൈദ്യുതി ബില്ലാണ് ചില്ലറ പൈസ കൊടുത്ത് രഞ്ജിത്ത് അടച്ചത്. ഓരോ നാണയവും എണ്ണി തിട്ടപ്പെടുത്താൻ ജീവനക്കാർ നന്നായി പാടുപെട്ടു. ഇതൊരു പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് രഞ്ജിത് പറയുന്നത്. ഒന്നരയോടെ ആരംഭിച്ച എണ്ണല്‍പ്രവൃത്തി വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്. എഇ ഉള്‍പ്പെടയുള്ള 20ഓളം ഉദ്യോഗ്സ്ഥര്‍ കുത്തിയിരുന്ന് എണ്ണിത്തീര്‍ക്കുകയായിരുന്നു. ചില്ലറെയെന്ന് കേട്ടപ്പഴേ ഉദ്യോഗസ്ഥരുടെ ഭാവം മാറി, നാലര കഴിഞ്ഞു എണ്ണിത്തീര്‍ന്നപ്പോള്‍ . പിന്നെ നാണയങ്ങള്‍ തരംതിരിക്കുന്ന ജോലിയായിരുന്നു, അപ്പോഴേക്ക് താന്‍ തിരിച്ചുപോന്നെന്നും രഞ്ജിത്ത് പറയുന്നു. 

വഴിതടഞ്ഞോ, മുദ്രാവാക്യം വിളിച്ചോ വഴിയാത്രക്കാരെ ബുദ്ധിമുട്ടിച്ചോ പ്രതിഷേധിക്കാതെ ചില്ലറപൈസ കൊണ്ടായിരുന്നു രഞ്ജിത്തിന്റെ പകരംവീട്ടൽ. തലവൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ആണ് രണ്ടാലുംമ്മൂട്.  ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ നാണയത്തുട്ടുകളാണ് നോട്ട് നല്‍കി രഞ്ജിത്ത് മാറ്റിയെടുത്തത്. തന്റെ വാര്‍ഡിലെ പലരും ഇപ്പോള്‍ കറന്റ് ബില്ലടയ്ക്കാറില്ലെന്നും, എന്തിനാണ് മെമ്പറേ കറന്റില്ലാതെ ബില്ലടയ്ക്കുന്നത് എന്നാണ് ചോദ്യമെന്നും മെമ്പര്‍ പറയുന്നു.

എന്നാല്‍ രഞ്ജിത്തിന്റെ പ്രവര്‍ത്തിക്കു മുന്‍പില്‍ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ടെന്നായിരുന്നു പട്ടാഴി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 

 

Kollam pattazhi ward member Ranjith protest against KSEB