ksrtcitalywb

പുലര്‍ച്ചെ 5 മണി. ഇറ്റലിയിലെ മെസീന നഗരത്തില്‍ നിന്നു കൊച്ചി കോര്‍പറേഷനിലേക്കൊരു സന്ദേശം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറുന്നു, ഇപ്പോള്‍ തറനിരപ്പില്‍ നിന്നും 20സെമീ ഉയര്‍ന്നിട്ടുണ്ട്. ശ്ശെടാ കൊച്ചിക്കാരറിയാത്തൊരു വെള്ളംകയറല്‍ എങ്ങനെയാ ഇറ്റലിക്കാരറിഞ്ഞതെന്ന് ചിന്തിച്ച് ഉദ്യോഗസ്ഥര്‍ പാഞ്ഞു ചെന്നു സ്റ്റാന്‍ഡിലോട്ട്, സംഗതി സത്യം, സ്റ്റാന്‍ഡില്‍ വെള്ളം കയറിയിട്ടുണ്ട്, രാത്രി പെയ്ത മഴയിലും വേലിയേറ്റത്തിലും സ്റ്റാന്‍ഡില്‍ വെള്ളം കയറിയിരിക്കുന്നു. പിന്നെ തുരുതുരാ സന്ദേശങ്ങള്‍.

കൊച്ചിയിലെ കാര്യം കൊച്ചിക്കു മുന്‍പേ ഇറ്റലിയിലെ മെസീന അറിഞ്ഞ അമ്പരപ്പാണ് ആദ്യം  കണ്ടത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച സ്ഥാപിച്ച വെള്ളപ്പൊക്കമുന്നറിയിപ്പു സംവിധാനമാണ് വെള്ളക്കെട്ടുണ്ടാകുന്ന വിവരം കൃത്യമായി അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി കോര്‍പറേഷനും മെസീന നഗരവും ചേര്‍ന്നുള്ള രാജ്യാന്തര നഗര പ്രാദേശിക സഹകരണത്തിന്റെ ഭാഗമായാണ് നഗരത്തിലെ അഞ്ചിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പു സെന്‍സറുകള്‍ സ്ഥാപിക്കുന്നത്.  മെസീനയുടെ ഡാഷ് ബോര്‍ഡുമായാണ് ഈ സെന്‍സറുകള്‍ നിലവില്‍ ബന്ധിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ഇവിടെ വെള്ളം കയറിയാല്‍ ആദ്യം കൊച്ചിയല്ല, മെസീന തന്നെയറിയും. 

Water logging alert message to Kochi from Italy