എറണാകുളം കൂത്താട്ടുകുളത്ത് രൂപമാറ്റം വരുത്തിയ കാറുകളിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ കേസ്. പെരുമ്പടവത്ത് ഉത്സവത്തിരക്കിനിടയായിരുന്നു യുവാക്കളുടെ പരാക്രമം. കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരക്കേറിയ ഇലഞ്ഞി പെരുവ റോഡിലായിരുന്നു രൂപമാറ്റം വരുത്തിയ കാറുകളിൽ യുവാക്കൾ ആറാടിയത്. തിങ്കളാഴ്ച്ച രാത്രി പത്തരയോടെ പെരുമ്പടവം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടി കഴിഞ്ഞ് ആളുകൾ മടങ്ങുന്നതിനിടെയാണ് സംഭവം. കാറിൽ യുവാക്കൾ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. വലിയ ശബ്ദത്തോടെയുള്ള കാറുകളുടെ പാച്ചിൽ ആളുകളെ ഭയപ്പെടുത്തി. തുടർന്നാണ് നാട്ടുകാർ ചേർന്ന് കാറുകൾ തടഞ്ഞത്. ഇലഞ്ഞി സ്വദേശികളായ അമൽ ജോഷി, ആദിത്യൻ ഷൈൻ എന്നിവരാണ് കാറുകളിൽ ഉണ്ടായിരുന്നത്. പൊലീസ് എത്തി കാറുകൾ കസ്റ്റഡിയിലെടുത്തു.
ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എക്സ്ട്രാ ഫിറ്റിങ്സ് ഘടിപ്പിച്ച വാഹനത്തിൽ സൈലൻസർ മോഡിഫിക്കേഷൻ നടത്തിയതായും കണ്ടെത്തി.