നവംബർ 21, ലോക ടെലിവിഷൻ ദിനം. കാഴ്ചയോ കേൾവിയോ ഒന്നും തടസമല്ല, ‘എല്ലാവർക്കും പ്രാപ്യം’ എന്നതാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭ നൽകുന്ന ലോക ടെലിവിഷൻ ദിന സന്ദേശം. 1996ൽ ആദ്യത്തെ ലോക ടെലിവിഷൻ ഫോറം നടന്ന നവംബർ 21ന്റെ സ്മരണയിലാണ് അന്നേ ദിവസം ടെലിവിഷൻ ദിനമായി ആചരിക്കാൻ യുഎൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള ടിവിയുടെ വരവും ഒരു വിപ്ലവമായിരുന്നു.  1983 ലോകകപ്പ് വിജയവും കേരളത്തിലേക്കുള്ള ടിവിയുടെ വരവും പരസ്പര പൂരകങ്ങളായി. തുടർന്നുള്ള വർഷങ്ങളിൽ ഇന്ദിരാഗാന്ധിയുടെ അന്ത്യയാത്രയും പുരാണ ഹിന്ദിപരമ്പരകളും ക്രിക്കറ്റും കാണാൻ ആബാലവൃദ്ധം മലയാളികളും ടിവി ഉള്ള വീടുകളിലേക്ക് നാട്ടുപാതകളും തൊടികളും കടന്ന് സഞ്ചരിച്ചത് ഇന്നും നൊസ്റ്റാൾജിയയാണ്. രണ്ടോ മൂന്നോ മണിക്കൂർ മാത്രമുണ്ടായിരുന്ന മലയാള സംപ്രേഷണത്തിൽ കടന്നുവരുന്ന അവതാരകരും അഭിനേതാക്കളും ഗൃഹസദസുകളിലെ അതിഥികൾ തന്നെയായിരുന്നു. 

ഒരു ബട്ടണമർത്തിയാൽ ലോകം നമ്മുടെ കൺമുന്‍പിൽ, ഏത് മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങളും ഒരു കുഞ്ഞു സ്ക്രീനിനുള്ളിലൂടെ അനുഭവിക്കാമെന്ന കാഴ്ച മറ്റേതൊരു കണ്ടുപിടിത്തത്തേക്കാളും മികച്ചതാണ്. ലോകരാജ്യങ്ങളിലെ കോടിക്കണക്കിനു ജനത ഇഷ്ടപ്പെടുന്ന പിന്തുടർന്ന ഒരേ ഒരു വികാരം .ടിവിയുടെ പിതാവ് ജോൺ ലോഗി ബേഡ് ആണ്. 1926ൽ അദ്ദേഹം ടിവിയുടെ സ്വീകാര്യമായ മെക്കാനിക്കൽ രൂപം നിർമിച്ചു. ആദ്യ ടെലിവിഷൻ സ്‌റ്റുഡിയോ ആരംഭിച്ചതും ബേഡ് തന്നെ. ഒരു വർഷം കഴിഞ്ഞ് 1927ൽ ഫിലോടെയ്‌ലർ ഫ്രാൻസ്വർത്ത് എന്ന അമേരിക്കക്കാരൻ ആദ്യ ഇലക്ട്രോണിക് ടിവി നിർമിച്ചു. 1934ൽ ഇലക്ട്രോണിക് ക്യാമറയും ഡിസ്പ്ലേ ട്യൂബും കണ്ടുപിടിച്ചതോടെ ടിവി അതിന്റെ ഇലക്ട്രോണിക് രൂപത്തിലുള്ള പരിണാമം പൂർത്തിയാക്കി.  

ഇന്ന് ഇന്റർനെറ്റിന്റേയും സ്മാർട് ഫോണുകളുടെയും ലോകമാണ്. ഈ അതിവേഗ സാങ്കേതികവിദ്യ ലോകം കീഴടക്കും മുൻപുള്ള പതിറ്റാണ്ടുകൾ മനുഷ്യന്റെ വിനോദത്തിന്റെ ആദ്യവാക്കും അവസാനവാക്കും ടെലിവിഷൻ തന്നെയായിരുന്നു. ഇന്ന് ടിവിയുടെ മട്ടും ഭാവവുമൊക്കെ മാറി . എൽസിഡിയും എൽഇഡിയും ത്രീഡിയും കടന്ന് പോക്കറ്റിലെ മൊബൈൽ ഫോണിൽ എല്ലാ ചാനലും കിട്ടുമെന്ന സാഹചര്യമായി. ഇതോടെ ടിവിയുടെ നിർവചനം തന്നെ മാറി. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ആധുനികമായ ഏതു ഡിസ്പ്ലേ യൂണിറ്റിനെയും ടിവിയാക്കാം എന്ന സ്ഥിതി വന്നത് കൊണ്ട് സ്വീകരണമുറിയിൽ, സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന വലുപ്പം കൂടിയ ഒരുപകരണം എന്ന സങ്കൽപത്തിൽ നിന്ന് ടിവി പൂർണമായും മാറിക്കഴിഞ്ഞു. 

 

ടിവിയുടെ ജീവിതയാത്ര

മെക്കാനിക്കൽ രൂപത്തിലായിരുന്ന ടിവിയിൽ ഇന്നത്തെ പോലെ കളർഫുൾ ചിത്രങ്ങളുണ്ടായിരുന്നില്ല. സിആർടി അഥവാ കാഥോഡ് റേ ട്യൂബിൽ പ്രവർത്തിക്കുന്ന ടിവി വന്നപ്പോൾ മികച്ച നിലവാരമുള്ള ചിത്രങ്ങൾ ലഭിച്ചുതുടങ്ങി. വായു നീക്കം ചെയ്ത പ്രത്യേക ആകൃതിയിലുള്ള ഗ്ലാസ് ട്യൂബാണ് സിആർടി ടിവിയുടെ പ്രധാന ഭാഗം. ഇലക്ട്രോൺ ഗൺ എന്ന ഭാഗത്തു നിന്ന് ഇലക്ട്രോണുകൾ ഫോസ്ഫറസ് പൂശിയ സ്ക്രീനിൽ വന്നു പതിക്കുമ്പോൾ വിഡിയോയ്ക്ക് അനുസരിച്ച് ഇരുണ്ടതും തിളങ്ങുന്നതുമായ സ്പോട്ടുകൾ ഉണ്ടാക്കി ചലനചിത്രങ്ങൾ രൂപപ്പെടുത്തി എടുക്കുന്നു. 

ഇലക്ട്രോൺ ഗൺ പുറപ്പെടുവിക്കുന്ന ഇലക്ട്രോണുകളെ സ്ക്രീനിൽ കൃത്യ സ്ഥലത്ത് പതിപ്പിക്കുന്നത് പിക്ചർ ട്യൂബ് എന്നറിയപ്പെടുന്ന ഭാഗത്തെ സംവിധാനങ്ങളാണ്.1936നും 1967നും ഇടയിൽ 30 വർഷക്കാലം ടിവി ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രമായിരുന്നു. അമേരിക്കയിൽ 1954ൽ തന്നെ‘കളർഫുളായ’ ടിവി പരിപാടികൾ ലഭ്യമായിരുന്നെങ്കിലും ജനപ്രിയമായി അതു മാറാൻ പിന്നെയും വർഷങ്ങളെടുത്തു.

1970കളുടെ തുടക്കത്തിലാണ് കളർ ടിവി പ്രചാരത്തിലാകുന്നത്. പല രാജ്യങ്ങളിലും ടിവി സംപ്രേഷണം തുടങ്ങിയത് പല വർഷങ്ങളിലാണ്. എന്നാൽ 1956ൽ തന്നെ റോബർട്ട് ആഡ്‌ലർ ടിവി റിമോട്ട് നിർമിച്ചിരുന്നു.

 

ഇന്ത്യൻ ടിവി യാത്ര

1959 സെപ്റ്റംബർ 15നാണ്  ഇന്ത്യയിലേക്ക് ടിവി എത്തിയത്.  ഓൾ ഇന്ത്യാ റേഡിയോയുടെ കീഴിൽ ന്യൂ ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം.1970ൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്‌റ്റുഡിയോകൾ തുറന്നു .76ൽ ദൂരദർശനും തുടക്കമായി. 

 

ഇന്ത്യൻ ടെലിവിഷൻ വ്യവസായം, നിർണായക വിധി

ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിന്റെ വളർച്ചയ്ക്കു പ്രധാന ഘടകമായ സുപ്രീം കോടതി വിധിയാണ് 1995 ഫെബ്രുവരി 9 ലേത്.വായുതരംഗങ്ങൾ പൊതുസ്വത്താണെന്ന് ജസ്റ്റിസ് ജീവൻ റെഡ്ഡി, ജസ്റ്റിസ് പി.ബി.സാവന്ത് എന്നിവരുടെ ബെഞ്ച് വിധിച്ചത് സ്വകാര്യ ചാനലുകളുടെ വളർച്ചയ്ക്കു വലിയ കുതിപ്പേകി. പിന്നീടിങ്ങോട്ട് ലോകത്താകമാനം സ്വകാര്യ ചാനലുകൾ പെരുകിവളർന്നു. പിന്നെ തിരഞ്ഞെടുപ്പ് രംഗത്തും ടെലിവിഷൻ സാന്നിധ്യമറിയിച്ചു. തിരഞ്ഞെടുപ്പ് ചിഹ്നമായി സ്ഥാനാര്‍ത്ഥികൾ ടിവി തിരഞ്ഞെടുത്തു.  സാങ്കേതികരംഗവും ഡിജിറ്റൽ മീഡിയയും എത്ര തന്നെ വളർന്നാലും എല്ലാ വീട്ടിലും ആ കാരണവർ ഇന്നും തലയെടുപ്പോടെ നിൽപ്പുണ്ട്. കാലം മായ്ക്കാത്ത ഒരു അടയാളമായി. 

 

November 21 World Television Day; Article on Tv growth and memories