TAGS

മൊബൈല്‍ ഫോണ്‍ സിം ചട്ടങ്ങള്‍ അടിമുടി പരിഷ്കരിച്ച് കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ ചട്ടങ്ങള്‍ ഇന്ന് പ്രാബല്യത്തിലായി. സിം കാര്‍ഡുകളുടെ ബള്‍ക്ക് പര്‍ച്ചേസ് നിരോധിച്ചതാണ് ഏറ്റവും വലിയ പരിഷ്കാരം. ഒപ്പം കെ.വൈ.സി വ്യവസ്ഥകളും സിം കാര്‍ഡ് വില്‍പന നടത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കി. ഇനി സിം കാര്‍ഡ് വാങ്ങുന്നവരും വില്‍പനക്കാരും ഈ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.

കെ.വൈ.സി (വ്യക്തിവിവരങ്ങള്‍)

പുതിയ സിം കാര്‍ഡ് എടുക്കുന്നതിനോ നിലവിലുള്ള സിം കാര്‍ഡ് മാറ്റി ഡ്യൂപ്ലിക്കേറ്റ് വാങ്ങുന്നതിനോ പോയാല്‍ ഇനി പൂര്‍ണമായ വ്യക്തിവിവരങ്ങള്‍ നല്‍കണം. ആധാര്‍ കാര്‍ഡിലെ ക്യൂ.ആര്‍. കോഡ് സ്കാന്‍ ചെയ്താണ് ഈ വിവരങ്ങള്‍ ശേഖരിക്കുക. സിം വാങ്ങാന്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കരുതണമെന്നര്‍ഥം. ഒരാള്‍ വേണ്ടെന്നുവയ്ക്കുന്ന മൊബൈല്‍ നമ്പര്‍ (സിം കാര്‍‍ഡ്) ഡിസ്കണക്ട് ചെയ്ത് 90 ദിവസത്തിനുശേഷമേ മറ്റൊരാള്‍ക്ക് അനുവദിക്കൂ. സിം മാറ്റിവാങ്ങാന്‍ പോകുമ്പോഴും പൂര്‍ണമായ കെ.വൈ.സി പ്രക്രിയ നിര്‍ബന്ധമാണ്. പുതിയ സിം എടുക്കുന്ന നടപടിക്രമങ്ങളിലൂടെ കടന്നുപോകണമെന്ന് ചുരുക്കം. മാറ്റി വാങ്ങുന്ന സിം കാര്‍ഡില്‍ നിന്ന് 24 മണിക്കൂറിന് ശേഷമേ എസ്എംഎസ് അയയ്ക്കാനും സ്വീകരിക്കാനും കഴിയൂ.

ബള്‍ക്ക് പര്‍ച്ചേസ്

ഒരുമിച്ച് ഒട്ടേറെ സിം കാര്‍ഡുകള്‍ വാങ്ങുന്നതിനുള്ള വിലക്ക് ഇന്ന് പ്രാബല്യത്തിലായി. ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളും മറ്റ് അനധികൃത ഇടപാടുകളും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നാല്‍ ബിസിനസ് സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, ഇവന്റുകള്‍ എന്നിവയ്ക്കായി സിം കാര്‍‍ഡ‍ുകള്‍ ഒരുമിച്ച് വാങ്ങാം. പക്ഷേ ഓരോ കാര്‍ഡ‍ും ഉപയോഗിക്കുന്നവര്‍ വ്യക്തിഗത കെ.വൈ.സി പ്രക്രിയ പൂര്‍ത്തിയാക്കണം. ഈ രേഖകള്‍ സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ട പ്രതിനിധി ശേഖരിച്ച് സര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കിയാല്‍ മതിയാകും.

ഒരാള്‍ക്ക് എത്ര സിം ?

ഒന്നിലധികം സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. പുതിയ ചട്ടങ്ങളനുസരിച്ച് ബള്‍ക്ക് പര്‍ച്ചേസിന് വിലക്കേര്‍പ്പെടുത്തിയെങ്കിലും വ്യക്തികള്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് 9 സിം കാര്‍ഡുകള്‍ വരെ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാം.

ഡീലര്‍ റജിസ്ട്രേഷന്‍

സിം കാര്‍ഡുകള്‍ വില്‍ക്കുന്ന ഡീലര്‍മാര്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതാണ് മറ്റൊരു നിര്‍ണായക മാറ്റം. പുതിയ ചട്ടമനുസരിച്ച് ഡീലര്‍മാര്‍ ടെലികോം സര്‍വീസ് പ്രൊവൈഡറുമായി കരാറുണ്ടാക്കുകയോ അവരില്‍ നിന്ന് ലൈസന്‍സ് നേടുകയോ ചെയ്യണം. നിയമവിരുദ്ധമായും ചട്ടങ്ങള്‍ പാലിക്കാതെയും സിം കാര്‍‍ഡുകള്‍ വില്‍ക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഡീലര്‍ നിയമമോ ചട്ടങ്ങളോ ലംഘിച്ചാല്‍ 10 ലക്ഷം രൂപ പിഴ ഈടാക്കും. ഒപ്പം ടെലിംകോം കമ്പനിയുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. നിലവിലുള്ള ഡീലര്‍മാര്‍ അടുത്ത ഡിസംബര്‍ ഒന്നിനകം പുതിയ ചട്ടപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിക്കണം. 

തട്ടിപ്പുകാരെ കണ്ടെത്താനും കരിമ്പട്ടികയില്‍പ്പെടുത്താനും ഭീകരവാദവും സംഘടിത കുറ്റകൃത്യങ്ങളും ഒക്കെ നടത്തുന്നവരുടെ പക്കല്‍ തെറ്റായ വഴിയിലൂടെ സിം കാര്‍ഡ‍ുകള്‍ എത്തുന്നത് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

New sim card rules in force. Here's a look at what will change