ഉണ്ണി മുകുന്ദനും സംവിധായകന്‍ വിനയനും പിന്നാലെ അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസനും. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്. കെ. മോഹൻ, തപസ്യ സെക്രട്ടറിയും നടനായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്. നടൻ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബാലതാരം ദേവനന്ദ, നടി ശിവദ എന്നിവരും നേരത്തേ അക്ഷതം സ്വീകരിച്ചിരുന്നു.
പൂജാ അനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം പൂജാദ്രവ്യം പോലെ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രമുഖ നടന്‍മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ നടൻ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് സൂപ്പര്‍താരത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്.
ജനുവരി 22നാണ് അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും അയോധ്യാ രാമക്ഷത്ര പ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് വിവരം.
Actor Sreenivasan received Akshatham from Ayodhya