മാലിദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചും പ്രശംസിച്ചും ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മോദി രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെ എല്ലാവരും പിന്തുണയ്ക്കണമെന്നും താരം ദേശീയ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. 'നമ്മുടെ വിനോദ സഞ്ചാര മേഖലയെ നമ്മള്‍ പ്രോല്‍സാഹിപ്പിക്കണം. രാജ്യം മുന്നേറുന്നതിന്‍റെ പ്രയോജനം എല്ലാവര്‍ക്കും കൂടിയുള്ളതാണ്. പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് നയിക്കാനാണ് ശ്രമിക്കുന്നതെന്നും ഷമി പറഞ്ഞു. അത്തരം ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

പരുക്കില്‍ നിന്ന് ഭേദമാകുന്നതിലാണ് തന്‍റെ ശ്രദ്ധയെന്നും താന്‍ ഫിറ്റാണെങ്കില്‍ കളിയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കനാകുമെന്നാണ് കരുതുന്നതെന്നും തന്നില്‍ രാജ്യമര്‍പ്പിച്ച പ്രതീക്ഷകള്‍ കാക്കുമെന്നും ഷമി വ്യക്തമാക്കി. ബാറ്റര്‍മാര്‍ക്ക് മേല്‍ക്കൈയുള്ള ടീമായിരുന്നു ഇന്ത്യയെന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാല്‍ കഴിഞ്ഞ ആറുമാസമായി ഈ ചിന്താഗതിക്ക് മാറ്റം വന്നിട്ടുണ്ട്. ഇന്ത്യയ്ക്കൊരു ബൗളിങ് ടീമുണ്ടെന്ന് ഇപ്പോള്‍ ആളുകള്‍ക്കറിയാമെന്നും അതില്‍ സന്തോഷമുണ്ടെന്നും ഷമി പറഞ്ഞു. 

 

ഷമിക്ക് പുറമെ നിരവധി താരങ്ങളാണ് ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യത്തിന് പരസ്യമായി പിന്തുണ പ്രകടിപ്പിച്ചത്.  പാക്ക് താരം ഡാനിഷ് കനേറിയ ലക്ഷദ്വീപെന്ന് മാത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. 

 

പ്രധാനമന്ത്രി മോദിക്കെതിരായി അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ മൂന്ന് മന്ത്രിമാരെ മാലദ്വീപ് പുറത്താക്കിയെങ്കിലും ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ചിത്രം പങ്കുവച്ച മോദിയെ കോമാളിയെന്നും, ഇസ്രയേലിന്‍റെ പാവയെന്നുമായിരുന്നു മാലദ്വീപ് മന്ത്രി പരിഹസിച്ചത്. 

 

PM is trying to make our country move forward so we should support it; Shami