ജനിച്ചയുടന്‍ തന്നെ തമ്മില്‍ പിരിയേണ്ടിവന്ന ഇരട്ടക്കുട്ടികള്‍ 19 വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിച്ചു. ജോര്‍ജിയയിലാണ് സംഭവം. ഏമി ഖിവീഷ്യ, ആനോ സർതാനിയ എന്നീ കുട്ടികളാണ് ജനിച്ച ഉടന്‍ തന്നെ പിരിഞ്ഞ് പരസ്പരം തിരിച്ചറിയാതെ വർഷങ്ങളോളം കഴിഞ്ഞത്. ഒടുവിൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ടിക് ടോകിലെ വിഡിയോകളും ഒരു ടിവിയിലെ ടാലന്റ് ഷോയുമാണ് രണ്ടുപേരും തങ്ങൾ ഒരമ്മയുടെ മക്കളാണെന്നും ഇരട്ടകളായി ഒരേദിവസം പിറന്നവരാണെന്നും തിരിച്ചറിയാൻ അവരെ സഹായിച്ചത്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ് ഇരട്ടക്കുട്ടികളുടെ കഥ പുറംലോകത്തെ അറിയിച്ചത്.
12-ാം വയസിലാണ് ഏമി ആദ്യമായി ആനോയെ കാണുന്നത്. ടിവി ഷോയായ 'ജോര്‍ജിയാസ് ഗോട്ട് ടാലന്റി'ല്‍ തന്നെപ്പോലൊരു പെണ്‍കുട്ടി ഡാന്‍സ് കളിക്കുന്നത് ചെയ്യുന്നത് ഏമി ശ്രദ്ധിച്ചു. അടുത്ത കൂട്ടുകാരും ബന്ധുക്കളും ഏമിയുടെ അമ്മയോടും ഇക്കാര്യം ചോദിച്ചു. 'ഏമി പേര് മാറ്റി ടാലന്റ് ഷോയില്‍ പങ്കെടുക്കുന്നത് എന്തിനാണ്?'എന്നായിരുന്നു അവരുടെ ചോദ്യം. അത് ഏമിയല്ലെന്നും ഒരുപോലെ മുഖസാദൃശ്യമുള്ള മറ്റ് ആരെങ്കിലുമായിരിക്കുമെന്നുമാണ് അന്ന് അമ്മ എല്ലാവരോടുമായി പറഞ്ഞത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക് വീഡിയോയില്‍ നീല നിറത്തില്‍ മുടിയുള്ള, തന്നെപ്പോലെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ വിഡിയോ ആനോയുടെ സുഹൃത്തുക്കള്‍ അവള്‍ക്ക് അയച്ചു കൊടുത്തു. കണ്‍പുരികം പിയേഴ്‌സ് ചെയ്യുന്ന വീഡിയോയാണ് അവള്‍ പോസ്റ്റ് ചെയ്തിരുന്നത്. താനുമായി രൂപസാദൃശ്യമുള്ള ഈ പെണ്‍കുട്ടിയെ കണ്ടുപിടിക്കണം എന്ന ലക്ഷ്യത്തോടെ വിഡിയോ ആനോ യൂണിവേഴ്‌സിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. അങ്ങനെ വിഡിയോ പങ്കുവച്ചതിനു പിന്നാലെ ഏമിയെ അറിയാവുന്ന ചിലര്‍ ഇരുവരേയും പരസ്പരം ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാകാന്‍ സഹായിച്ചു. ഏമി വര്‍ഷങ്ങള്‍ക്കു മുന്‍പ് ടാലന്റ് ഷോയില്‍ കണ്ട ആ പെണ്‍കുട്ടിയാണ് തന്നെ അന്വേഷിച്ചെത്തിയിരിക്കുന്നതെന്ന് ഏമിക്ക് മനസിലായി. 'വര്‍ഷങ്ങളായി ഞാന്‍ നിങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്' എന്ന് ഏമി ആനോയ്ക്ക് മെസ്സേജ് അയച്ചു. 'ഞാനും അന്വേഷിക്കുകയായിരുന്നു' എന്നായിരുന്നു ആനോയുടെ മറുപടി.
പിന്നീട് ഇരുവരും ഫോണ്‍ വഴി ഇരുവരും ജനിച്ച ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ ഇരുവരുടേയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ ഒരാഴ്ച്ച വ്യത്യാസത്തിലാണ് ജനിച്ച ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അവര്‍ ഇരട്ടക്കുട്ടികള്‍ എന്ന് മാത്രമല്ല, സഹോദരിമാരാകാനുള്ള സാധ്യത പോലും ഇല്ലാതായി. എന്നാല്‍ ഇരുവരും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടായിരുന്നു. ഇരുവരുടേയും കലാപരമായ കഴിവുകള്‍ ഒന്നായിരുന്നു. കഴിവുകള്‍ കൂടാതെ, ഹെയര്‍സ്‌റ്റൈലും എന്തിനേറെ ജനിതക രോഗമായ ഡിസ്പ്ലാസിയയും ഇരുവര്‍ക്കും ഒരുപോലെയായിരുന്നു. ഇതോടെ തങ്ങള്‍ തമ്മിലുള്ള രക്തബന്ധം ഇരുവരും തിരിച്ചറിയാന്‍ തുടങ്ങി. തങ്ങള്‍ വലിയൊരു രഹസ്യമാണ് കണ്ടെത്തിയതെന്ന് അവര്‍ മനസിലാക്കി. അങ്ങനെ തിബിലിസിയിലെ റുസ്താവെലി മെട്രോ സ്‌റ്റേഷന്റെ എസ്‌കലേറ്ററില്‍വെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടി.
സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നതുപോലെയാണ് ഇരുവര്‍ക്കും തോന്നിയത്. മുഖവും ശബ്ദവും എല്ലാം ഒരുപോലെ. 'ഞാന്‍ അവളാണ്. അവള്‍ ഞാനും' എന്നാണ് ഏമി പറഞ്ഞത്. 'ആരേയും ആലിംഗനം ചെയ്യാന്‍ എനിക്കിഷ്ടമല്ല. പക്ഷേ ഞാന്‍ ഏമിയെ ആലിംഗനം ചെയ്തു. എന്നു ആനോ പറഞ്ഞു. എന്‍റെ ജീവിതത്തില്‍ ആരെയോ നഷ്ടപ്പെട്ടതായി എനിക്കെന്നും തോന്നിയിരുന്നു..നിഴല്‍പോലെ ഒരു പെണ്‍കുട്ടി എന്നെ പിന്‍തുടര്‍ന്നിരുന്നു.. ഏമിയെ കണ്ടെത്തിയപ്പോള്‍ ആ തോന്നല്‍ എങ്ങോ മാഞ്ഞു..’ എന്നും ആനോ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഇരുവരും അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. ഇതിനായി ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പുണ്ടാക്കി. ഒടുവില്‍ അവരുടെ അമ്മ അസ ഷോണി ജര്‍മനിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കി. 2002-ല്‍ കിര്‍തിഷ്‌കി മെറ്റേണിറ്റി ആശുപത്രിയില്‍ തന്റെ അമ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടെന്നും അതിനുശേഷം അമ്മ കുറേ സമയം അബോധാവസ്ഥയിലായിരുന്നെന്നും വ്യക്തമാക്കി. ഒരു പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും മെസ്സേജ് അയച്ചത്. ആ പെണ്‍കുട്ടി തങ്ങളുടെ അനിയത്തിയാണെന്ന് ഏമിയും ആനോയും മനസിലാക്കി.
ലെയ്പ്‌സിഗിലെ ഒരു ഹോട്ടലില്‍ അമ്മയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. പ്രസവത്തിനു ശേഷം ബോധം വന്നപ്പോള്‍ താന്‍ ആദ്യം അന്വേഷിച്ചത് മക്കളെയാണെന്നും ഇരുവരും ജനിച്ചയുടനെ മരിച്ചുപോയെന്നാണ് ആശുപത്രിയിലെ സ്റ്റാഫ് പറഞ്ഞതെന്നും അമ്മ ഏമിയെയും ആനോയെയും ധരിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് നവജാത ശിശുക്കളെ കടത്തുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവര്‍ പണം വാങ്ങി ഏമിയെയും ആനോയെയും കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് വില്‍ക്കുകയായിരുന്നു. അതിനായി ഒരു വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. ആശുപത്രി അധികൃതരും ഇതിന് കൂട്ടുനിന്നുവെന്നും ഏമിയുടെയും ആനോയുടെയും അമ്മ കൂട്ടിച്ചേര്‍ത്തു.
Twins reunite 19 years later through tiktok video