വാലന്‍റൈന്‍സ് ഡേ വീക്ക് ഉഷാറായി കൊണ്ടാടുകയാണ് ലോകം. ഫെബ്രുവരി പതിനാലിലേക്കുള്ള പ്രണയയാത്രയില്‍ ഇന്നത്തെ ദിനം പ്രോമിസ് ഡേ ആണ്. പ്രണയം അനശ്വരമായിരിക്കാനുള്ള ഉറപ്പ് നല്‍കലാണ് വാഗ്ദാന ദിനത്തിന്‍റെ പ്രത്യേകത.

 

നിന്‍റെ കൈകള്‍ ഞാന്‍ എന്നിലേക്ക് ചേര്‍ക്കുകയാണ്. പിരിയാതിരിക്കാന്‍ ഒരിക്കലും. ദുരന്തങ്ങള്‍ വന്‍മലയായ് നിന്നോട്ടെ, തീമഴ പെയ്തോട്ടെ നിന്നെ തനിച്ചാക്കി ഞാനീ ഭൂമി വിടില്ല. നീയെന്‍റെ ആദ്യ ആളല്ല. പക്ഷെ എന്‍റെ അവസാന ആള്‍ നീയാവും. നീയില്ലെങ്കില്‍ പിന്നൊരാള്‍ ഇല്ലെന്‍റെ ജീവിതത്തില്‍. ഇങ്ങനെ വാഗ്ദാനങ്ങളുടെ സന്ദേശമഴ പെയ്യുന്ന ദിനമാണിന്ന്.

 

പ്രോമിസ് ഡേയില്‍ എന്തൊക്കെ തരത്തില്‍ ഉറപ്പ് കൊടുത്താലാണ് തൃപ്തിയാവാന്ന് പറയാനാവില്ല. ഈ ദിവസത്തിന്‍റെ ചരിത്രോല്‍ഭവമൊന്നും എവിടേയും നോക്കീട്ട് കണ്ടില്ല. എങ്കിലും സാങ്കേതികമായി ആലോചിച്ചാല്‍ ആദം ഹൗവ്വക്ക് കൊടുത്ത പ്രോമിസ് ആയിരിക്കണം ഏറ്റവും ആദ്യത്തേത്. എന്തായാലും ബന്ധങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കേണ്ടതിന്‍റെയും ബഹുമാനിക്കേണ്ടതിന്‍റെയും സത്യസന്ധമായിരിക്കേണ്ടതിന്‍റെയും പ്രാധാന്യം ഓര്‍മപ്പെടുത്തുകയാണ് പ്രോമിസ് ഡേ.

 

പ്രണയലേഖനങ്ങള്‍ കാലമെടുത്ത കാലത്ത് വാഗ്ദാനങ്ങള്‍ സന്ദേശങ്ങളായും, ആഭരണങ്ങളായും എന്തിന് ടാറ്റൂ ആയിപ്പോലും സമ്മാനിക്കപ്പെടുന്നുണ്ട്. പ്രണയിതാക്കളില്‍ നടത്തിയ മാനസികപഠനങ്ങള്‍ സൂചിപ്പിക്കുന്നത് എന്താന്നോ, കാണാന്‍ പറ്റാത്ത വാഗ്ദാനങ്ങളേക്കാള്‍ പങ്കാളിക്കായി നിങ്ങളുടെ വിലപിടിപ്പുള്ള സമയം  മാറ്റിവെക്കുന്നുണ്ട് എങ്കില്‍ അതാണ് ഏറ്റവും വലിയ വാഗ്ദാനം എന്നാണ്. ഇത്ര അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ഞാന്‍തന്ന എല്ലാ പ്രോമിസുകളും ഉറപ്പായും ഞാന്‍ പാലിക്കുമെന്ന് പ്രോമിസ് ചെയ്യുന്നു എന്നെങ്കിലും പ്രോമിസ് ചെയ്യണട്ടോ.