ഈ മാസം 15നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞു പിറന്ന അഞ്ച് ദിവസത്തിന് ശേഷമാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന് ‘അകായ്’ എന്നു പേരു നൽകിയതായും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ അകായ്​യുടെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാവുകയാണ്. നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന അകായ്​യുട വിവിധ ചിത്രങ്ങളാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം കുട്ടിക്ക് വിരാടിന്‍റെ മാത്രം മുഖച്ഛായ ആണുള്ളതെന്നും അനുഷ്​കയുടെ മുഖസാദൃശ്യം എന്തുകൊണ്ട് വന്നില്ല എന്ന് എഐയോട് പരിഭവപ്പെടുന്നവരുമുണ്ട്.

തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിരാട് കോലി കുഞ്ഞു പിറന്ന കാര്യം ലോകത്തെ അറിയിച്ചത്. ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കോലി അഭ്യർഥിച്ചിരുന്നു.‘‘ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തിൽ നിങ്ങളുടെ ആശംസകളും ആശീർവാദവും ഞങ്ങൾക്കുണ്ടാകണം. ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർഥിക്കുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും. വിരാട് ആൻഡ് അനുഷ്ക’ – കോലി കുറിച്ചു. 2021 ജനുവരി ഒന്നിനാണ് കോലി – അനുഷ്ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്.

AI images of Akai go viral on social media