ഫോട്ടോ: പിടിഐ, എഎഫ്പി

ന്യൂസീലന്‍ഡിന് എതിരെ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വാങ്കഡെയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വൈറ്റ് വാഷ്  ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാല്‍ വാങ്കഡെ ടെസ്റ്റിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കോലി, രോഹിത്, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ അവസാനമായി സ്വന്തം മണ്ണില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുന്ന അവസാന ടെസ്റ്റ് മത്സരമായേക്കാം അത്.

ന്യൂസീലന്‍ഡിന് എതിരായ വാങ്കഡെ ടെസ്റ്റ് കഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് കളിക്കുന്നത് 2025 ഒക്ടോബറിലാണ്. അശ്വിന് ആ സമയമാവുമ്പോള്‍ പ്രായം 39ലേക്കെത്തും. രോഹിത്തിന് 38, കോലിക്കും ജഡേജയ്ക്കും 36 വയസും. അതുകൊണ്ട് തന്നെ ഈ നാലുപേരും ഒരുമിച്ച് വരുന്ന അവസാന ടെസ്റ്റായിരിക്കാം വാങ്കഡെയിലേത് എന്നതിന് സാധ്യതകളേറെയാണ്. 

2012ല്‍ ഇംഗ്ലണ്ട് ഇന്ത്യയെ 2-1ന് ടെസ്റ്റില്‍ തോല്‍പ്പിച്ചതിന് ശേഷം 55 ടെസ്റ്റുകളാണ് ഇതുവരെ സ്വന്തം മണ്ണില്‍ ഇന്ത്യ കളിച്ചത്. അതില്‍ 42 എണ്ണത്തിലും ഇന്ത്യ ജയം നേടി. തോറ്റത് ഏഴ് ടെസ്റ്റുകളില്‍. ഈ 55 ടെസ്റ്റില്‍ 22 ടെസ്റ്റുകളിലാണ് ഈ നാലംഗ സംഘം ഒരുമിച്ച് കളിച്ചത്. അതില്‍ ജയം നേടിയത് 17 ടെസ്റ്റുകളില്‍ രണ്ട് ടെസ്റ്റുകള്‍ സമനിലയിലായി. മൂന്നെണ്ണം തോറ്റു. ഈ മൂന്ന് ടെസ്റ്റുകള്‍ തോറ്റത് രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. 

ഫോട്ടോ: പിടിഐ,

2020 മുതല്‍ ഏഷ്യന്‍ മണ്ണിലെ കോലിയുടെ സ്പിന്നിനെതിരായ ശരാശരി 28.3 ആണ്. പുണെയില്‍ രണ്ട് വട്ടം സാന്‍റ്നറിന്  വിക്കറ്റ് നല്‍കി കോലി മടങ്ങിയതില്‍ നിന്ന് വ്യക്തമാവുന്നത് ലെങ്ത് വിലയിരുത്തുന്നതില്‍ കോലിക്ക് വരുന്ന പിഴവാണ്. ഈ ദശകത്തിന്‍റെ തുടക്കം മുതലെടുത്താല്‍ 33 ടെസ്റ്റുകളാണ് കോലി കളിച്ചത്. സ്കോര്‍ ചെയ്തത് 32.73 എന്ന ബാറ്റിങ് ശരാശരിയില്‍ 1833 റണ്‍സ്. അഞ്ച് വട്ടം ഡക്കായി. എട്ട് വട്ടം രണ്ടക്കം കടക്കാതെ പുറത്തായി. 

36.2 ആണ് ഏഷ്യയില്‍ കളിക്കുമ്പോള്‍ സ്പിന്നിന് എതിരായ രോഹിത് ശര്‍മയുടെ ശരാശരി. 2022ലെ ട്വന്റി20 ലോകകപ്പില്‍ അഡ്​ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചതിന് ശേഷം ടെസ്റ്റില്‍ 50 പന്തുകളോ അതില്‍ അധികമോ രോഹിത് നേരിട്ടത് 12 തവണ മാത്രമാണ്. 

ബംഗളൂരു ടെസ്റ്റില്‍ ലെങ്ത് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന അശ്വിനെയാണ് കണ്ടത്. രചിന്‍ രവീന്ദ്ര ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവിടെ അശ്വിനെതിരെ ആക്രമിച്ച് കളിച്ചു. അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ നടന്ന ഒരു ടെസ്റ്റ് പോലും അശ്വിന്‍ കളിക്കാതിരുന്നിട്ടില്ല. എന്നാല്‍ അശ്വിനെതിരെ എതിര്‍നിര ബാറ്റേഴ്സിന് റണ്‍സ് കണ്ടെത്തുന്നതില്‍ ഇപ്പോള്‍ പ്രയാസപ്പെടേണ്ടി വരുന്നില്ല. 104 ടെസ്റ്റില്‍ നിന്ന് 2.83 ആണ് അശ്വിന്റെ കരിയര്‍ ഇക്കണോമി. എന്നാല്‍ ഈ വര്‍ഷം ബംഗ്ലാദേശിന് എതിരായ അശ്വിന്‍റെ  ഇക്കണോമി 3.31. ഇംഗ്ലണ്ടിനെതിരെ 4.12. ന്യൂസിലന്‍ഡിന് എതിരെ 3.98.

ഫോട്ടോ: എപി

പുണെ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് രവീന്ദ്ര ജഡേജയില്‍ നിന്ന് മികച്ച സ്പെല്‍ വരുന്നത്. 2013 മുതലുള്ള ഇന്ത്യന്‍ മണ്ണിലെ 55 ടെസ്റ്റുകളില്‍ 47ലും ജഡേജ കളിച്ചു. എട്ട് ടെസ്റ്റുകളാണ് നഷ്ടമായത്. 2021ന് ശേഷം കളിക്കാനാവാതെ പോയത് ആറ് ടെസ്റ്റുകളും. രാഷ്ട്രിയത്തിലും കുതിരയോട്ടത്തിലും താത്പര്യം വ്യക്തമാക്കുന്ന ജഡേജയെ ഇനി എത്രനാള്‍ കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവും എന്ന് ചോദ്യം ഉയരുന്നു. 

കൃത്യതയാണ് ജഡേജയുടെ കരുത്ത്. ബൗളിങ് ശരാശരി 20.85. സ്ട്രൈക്ക്റേറ്റ് 51.3, ഇക്കണോമി 2.43 എന്നതാണ് 47 ടെസ്റ്റില്‍ നിന്നുള്ള ജഡേജയുടെ കണക്ക്. എന്നാല്‍ ഈ വര്‍ഷം ജഡേജയുടെ ഇക്കണോമി 3.30ലേക്കെത്തി. ബംഗ്ലാദേശിനെതിരെ 3.27 ഈയിരുന്നു ഇക്കണോമി. ഇംഗ്ലണ്ടിന് എതിരെ 3.24. ന്യൂസീലന്‍ഡിന് എതിരെ 3.44.

ENGLISH SUMMARY:

It could be the last Test match where we get to see Kohli, Rohit, Ashwin and Ravindra Jadeja play together in red ball cricket for the last time on home soil.