byju-raveendran

40 നഗരങ്ങളിൽ ഓഫിസുള്ള, 28,000 കോടി രൂപ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ തലവന്‍. കണക്കു കൂട്ടി കണക്കൂ കൂട്ടാവുന്നതിലും അപ്പുറത്തേക്ക് സമ്പത്തും പ്രശസ്തിയും കുതിച്ചു കയറി. കണക്കിലെ കുറുക്കുവഴികളിലൂടെ പേരും പെരുമയും സ്വന്തമാക്കി. സംരഭകരായ ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ക്കു തിരി കൊളുത്തിയ ബൈജു രവീന്ദ്രന് എവിടെയാണ് കണക്കു കൂട്ടലുകള്‍ പിഴച്ചത്. ?

 

കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽനിന്നു ലോകമറിയുന്ന അധ്യാപകനും സ്റ്റാർട്ടപ്പ് സംരംഭകനുമായുള്ള വളർച്ചയിൽ കുറുക്കുവഴികളില്ലായിരുന്നു. കണക്കിനോടുള്ള ഇഷ്ടവും ഒരു കായികതാരത്തിന്റെ പോരാട്ട മനസ്സും മാത്രമായിരുന്നു ഈ ചെറുപ്പക്കാരന്റെ മൂലധനം. സംരംഭകരിൽ പലരും ബലിയാടുകളായപ്പോള്‍ ബൈജു അതിന്റെ സന്തോഷകരമായ ഒരു അപവാദമായി. ഒരു ചെറിയ ഗ്രാമത്തിലെ ഹൈസ്കൂൾ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച്, അതേ സ്കൂളിൽ പഠിച്ച്, പാടത്തും പറമ്പിലും പന്തുതട്ടി നടന്ന ഒരു ഗ്രാമീണ ബാലന് ബിസിനസ് രംഗത്ത് എവിടംവരെ ഉയരാമെന്നതിന്റെ സാക്ഷ്യമായി പുതുതലമുറ ബൈജുവിനെ കണ്ടു. ഒന്നാംക്ലാസ് മുതൽ എഴുതിയ എല്ലാ പരീക്ഷയ്ക്കും സ്കൂളിൽ ബൈജുവായിരുന്നു ഒന്നാമൻ. കണക്കിന് എന്നും നൂറിൽ നൂറ്. 

 

കുട്ടിക്കാലത്ത് ഗണിതശാസ്ത്ര മൽസരങ്ങൾക്കായി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രകളിലെല്ലാം ബൈജുവിന്റെ കണ്ണ്  വഴിയിലെ വൈദ്യുതി പോസ്റ്റുകളിലായിരുന്നു. വെറുതേ പോസ്റ്റ് എണ്ണി ഇരിക്കുകയല്ല. ഒരു പോസ്റ്റിൽനിന്ന് രണ്ടാമത്തെ പോസ്റ്റിലേക്കെത്താൻ ട്രെയിൻ എത്ര സമയമെടുക്കുമെന്നും അങ്ങനെയെങ്കിൽ മണിക്കൂറിൽ ട്രെയിനിന്റെ വേഗമെത്രയെന്നും  മനഃകണക്കു കൂട്ടുകയാകും. കുട്ടിക്കാലം മുതൽ ഇങ്ങനെ കണക്കുകൂട്ടിയാണ്, ഉയരത്തിലേക്കു ബൈജു പറന്നതും വളര്‍ന്നതും. 

 

കണക്കും കളിയും മാത്രമിഷ്ടപ്പെട്ട ബൈജു പക്ഷേ ആദ്യംചെയ്ത ജോലി മെക്കാനിക്കൽ എൻജിനീയറുടേതാണ്. മൂന്നര വർഷത്തെ ജോലിക്കിടെ നാൽപതോളം രാജ്യങ്ങൾ കറങ്ങി. ജോലിക്കിടയിലെ നീണ്ട അവധി ദിനങ്ങളാണു ജീവിതം മാറ്റിമറിച്ചത്. അവധിക്കാലത്ത് സുഹൃത്തുക്കളെ കാണാൻ ബെംഗളൂരുവിലേക്കു  യാത്രകൾ നടത്തുമായിരുന്നു. സുഹൃത്തുക്കൾ സിഎടി പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴായിരുന്നു ഒരു സന്ദർശനം.. കണക്കിൽ തനിക്കറിയാവുന്ന സൂത്രപ്പണികൾ അവർക്കു പറഞ്ഞുകൊടുത്തു. തമാശയ്ക്ക് അവർക്കൊപ്പം പരീക്ഷയുമെഴുതി. ഫലം വന്നപ്പോൾ ടോപ്പർ ബൈജു. കണക്കു പറഞ്ഞുകൊടുത്ത 10ൽ നാലുപേർക്ക് ഐഐഎം പ്രവേശനവും കിട്ടി. അങ്ങനെ ക്യാറ്റ് കോച്ചിങ്ങിനു സുഹൃത്തുക്കളെ സഹായിച്ചു തുടങ്ങിയ ബൈജു ആയിരക്കണക്കിനു വിദ്യാർഥികളുടെ അധ്യാപകനായതോടെ പുതിയൊരു ബ്രാൻഡ് തന്നെ രൂപപ്പെട്ടു- ബൈജൂസ്. . വിദ്യാര്‍ഥികള്‍ക്കിടയില്‍ ബൈജു സംസാരവിഷയമായി. ചെറിയ റൂമിൽ നടത്തിയ ക്ലാസുകൾ ആയിരക്കണക്കിനു വിദ്യാർഥികളുമായി ഇൻഡോർ സ്റ്റേഡിയങ്ങളിൽ വരെയെത്തി. 

 

വിദ്യാര്‍ഥികളുടെ എണ്ണം കൂടി വന്നു. ക്ലാസ്റൂം പോരെന്നായി. ഒരു ലക്ഷം രൂപ വാടക കൊടുത്ത് കോളജിന്റെ ഓഡിറ്റോറിയത്തിലായി പഠിപ്പിക്കല്‍. തുക കണ്ടെത്താൻ ഒരാളിൽനിന്ന് ഒരു സെഷന് 1000 രൂപ വീതം ഈടാക്കി. അതായിരുന്നു ഇന്നത്തെ കമ്പനിയിലേക്കുള്ള ആദ്യ മൂലധനം.

 

വിരലിലെണ്ണാവുന്ന വിദ്യാർഥികളിൽനിന്ന് ഡൽഹിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാൽലക്ഷത്തോളം വിദ്യാർഥികളിലേക്കു വളരാൻ ഏതാനും മാസമേ വേണ്ടിവന്നുള്ളൂ. ബസും ട്രെയിനും വിമാനവും മാറിക്കയറി, ബസ് സ്റ്റാൻഡിലും ട്രെയിനിലും ഇരുന്നുറങ്ങി, തെരുവിലെ ഭക്ഷണവും കഴിച്ച് ഇന്ത്യയിലെ നഗരങ്ങളിലേക്കെല്ലാം മുടങ്ങാതെ യാത്ര ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. 2009ലാണു വിഡിയോ വഴിയുള്ള ക്ലാസുകളിലേക്കു മാറിയത്. മൽസരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി ബെംഗളൂരുവിലെ കോറമംഗലയിൽ ഓൺലൈൻ ട്യൂഷൻ ക്ലാസുകളുമായി 2011ല്‍ ബൈജൂസ് പ്രവർത്തനം തുടങ്ങി. തുടര്‍ന്ന് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. 

 

മണിപ്പാൽ ഗ്രൂപ്പിന്റെ തലവൻ രഞ്ജൻ പൈ നഗരത്തിലെ ഒരു ദിവസം രാത്രി ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആ കാഴ്ച കണ്ട് അദ്ഭുതപ്പെട്ടു . രാത്രി 10ന് നാനൂറോളം വിദ്യാർഥികൾ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ നിശബ്ദരായിരുന്ന്, മുൻപിലെ വീഡിയോ വോളിൽ നോക്കി കണക്ക് പഠിക്കുന്നു. വീഡിയോയിലുള്ളത് ബൈജു രവീന്ദ്രൻ. ഇത്രയും ആസ്വദിച്ച് ഇവർ കണക്കു ക്ലാസിനിരിക്കുന്നുണ്ടെങ്കിൽ  പഠിപ്പിക്കുന്നയാൾ ചില്ലറക്കാരനല്ലല്ലോ എന്നു പൈ കണക്കുകൂട്ടി. തിങ്ക് ആൻഡ് ലേൺ കമ്പനിയിലേക്ക് ആദ്യനിക്ഷേപമായി 55 കോടി രൂപ വന്നത് ഇങ്ങനെയാണ്. ഈ ചെറുപ്പക്കാരന്റെ പോക്കറ്റില്‍ കോടികള്‍ കിലുങ്ങാന്‍ തുടങ്ങിയത് അന്നു മുതല്‍

 

2015 ഓഗസ്റ്റിൽ ബൈജൂസ് ആപ് ലോഞ്ച് ചെയ്തു. മൂവായിരത്തിലേറെ ജീവനക്കാരുള്ളതിൽ 60 ശതമാനം പേരും പഴയ വിദ്യാർഥികൾ. ഇന്ത്യയിലെ ഏറ്റവും വലിയ എജ്യു-ടെക് സ്റ്റാർട്അപ്പായി ബൈജൂസ് ആപ്പ് വളര്‍ന്നു. നാലുമുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങൾ പഠിക്കാൻ അവസരമൊരുക്കുന്ന ബൈജൂസിന്റെ മൂല്യം 28,000 കോടി രൂപ ഉയര്‍ന്ന ഘട്ടമുണ്ടായി. 

 

ഹൈജംപ് മൽസരം പോലെയാണു ബൈജു ലക്ഷ്യങ്ങളെ സമീപിക്കുന്നത്. വലിയ ലക്ഷ്യം വയ്ക്കുക, അവിടെയെത്താറാകുമ്പോൾ  ലക്ഷ്യമുയർത്തുക. ബൗണ്ടറി മറികടന്നാൽ സിക്സർ കിട്ടുമെങ്കിലും സ്റ്റേഡിയത്തിനു പുറത്തേക്ക് അടിക്കാൻ ശ്രമിക്കുകയെന്ന ആക്രമണകാരിയായ ബാറ്റ്സ്മാന്റെ മനസ്സാണു ബൈജുവിന്റെ കരുത്ത്. 

 

പരീക്ഷാപരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ആകാശ് എജ്യുക്കേഷനൽ സർവീസസിനെ ഏതാണ്ട് 7300 കോടി രൂപയ്ക്ക് ബൈജൂസ് ഏറ്റെടുത്തു. എഡ്യുറൈറ്റ്, ട്യൂട്ടർവിസ്റ്റ, ഓസ്മോ, വൈറ്റ്ഹാറ്റ് ജൂനിയർ എന്നീ വിദ്യാഭ്യാസ ടെക് കമ്പനികളെ ബൈജൂസ് ഏറ്റെടുത്തു. രാജ്യത്ത് 215 ശാഖകളിലൂടെ 2.5 ലക്ഷം വിദ്യാർഥികളെ പരിശീലിപ്പിച്ചു. യുഎസിലെ ഫോർച്യൂൺ മാസിക പുറത്തിറക്കിയ വിവിധ മേഖലയിൽ സ്വാധീനം ചെലുത്തുന്ന 40 വയസ്സിനു താഴെയുള്ളവരുടെ ഫോർച്യൂൺ  പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യൻ ടീം ജഴ്സിയുടെ സ്പോൺസർഷിപ് അവകാശം മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ‘ബൈജൂസ് ആപ്’ സ്വന്തമാക്കി. 

 

പിന്നെ എവിടെയാണ് കണക്കു കൂട്ടല്‍ പിഴച്ചത്?. 

 

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കാണെങ്കിലും അല്ലെങ്കിലും ബൈജൂസ് സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങി. പിടിച്ചു കയറാൻ പല ശ്രമങ്ങളും നടത്തുന്നതിനിടെ, കമ്പനിയുടെ മൂല്യം തുടരെ കുറഞ്ഞതു ബൈജൂസിനു കടുത്ത തിരിച്ചടിയായി. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യപകമാകുമ്പോൾ പോലും ബൈജൂസിന് 2,200 കോടി ഡോളർ മൂല്യമുണ്ടായിരുന്നു. എന്നാൽ പിന്നീട് 100 കോടി ഡോളർ മാത്രമായി മൂല്യം ഇടിഞ്ഞു. കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസത്തിനായുള്ള ഡിമാൻഡ് കുറയാൻ തുടങ്ങി. കിട മത്സരം കൂടി. എതിരാളികള്‍ ശക്തരായിരുന്നു. ആകാശ് പോലെ ഏറ്റവും മികച്ച കോച്ചിങ് സ്ഥാപനങ്ങളിൽ ഒന്ന് ഏറ്റെടുത്തിട്ട് പോലും ഈ സാധ്യതകൾ ശരിയായി വിനിയോഗിക്കാനായില്ല. സ്പോൺസ‍ർഷിപ്പുകൾക്കും പരസ്യങ്ങൾക്കുമായി നല്ലൊരു തുക പൊടിഞ്ഞപ്പോൾ സമാന്തരമായി ബിസിനസിന്റെ അടിത്തറ ശക്തമാക്കുന്നതിൽ പരാജയപ്പെട്ടെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. 

 

2022 ന്റെ തുടക്കത്തിൽ 22 ബില്യൻ ഡോളർ (1.82 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന സ്ഥാനത്തു നിന്ന് 95 ശതമാനം ഇടിവു വന്നു.  സബ്സിഡിയറി കമ്പനികളായ വൈറ്റ് ഹാറ്റ്, ഓസ്മോ എന്നിവയുടെ മോശം പ്രകടനമാണ് നഷ്ടത്തിന്റെ 45 ശതമാനത്തിനും കാരണമെന്ന് ബൈജൂസ് തന്നെ അറിയിച്ചു.  2021–22ൽ പ്രവർത്തന നഷ്ടം 4,143 കോടിയായിരുന്നു. ഭീമമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന എജ്യുടെക് കമ്പനിയായ ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചതു പുതിയ നിക്ഷേപം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ദുഷ്കരമാക്കി. യുഎസ് ആസ്ഥാനമായ അസറ്റ് മാനേജ്മെന്റ് കമ്പനി ബ്ലാക്‌റോക്, ഒരു ബില്യൻ ഡോളറായാണു (ഏകദേശം 8200 കോടി രൂപ) മൂല്യം വെട്ടിക്കുറച്ചത്. മറ്റു നിക്ഷേപകരും ബൈജൂസിന്റെ മൂല്യം കുറക്കാന്‍ തുടങ്ങി. 

 

വൻ തുക മുടക്കി 2021ൽ നടത്തിയ ഏറ്റെടുക്കലുകൾ തിരിച്ചടിയായി. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഇരുപതോളം കമ്പനികളെ ഏറ്റെടുത്തതിൽ ഭൂരിപക്ഷവും നഷ്ടത്തിലായതോടെ ബൈജൂസിന്റെ താളം തെറ്റി. ശതകോടികളുടെ വായ്പകളുടെ പലിശ മുടങ്ങിയതോടെ ധനകാര്യ സ്ഥാപനങ്ങളും എതിരെ തിരിഞ്ഞു. അതോടെ, പ്രതിസന്ധിയുടെ ആഴവും കൂടി. 2021–22 സാമ്പത്തിക വർഷം (2021–22) വരുമാനം 10,000 കോടിയെങ്കിലുമുണ്ടാകുമെന്നും കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും സ്ഥാപകനും സിഇഒയുമായ മലയാളി ബൈജു രവീന്ദ്രൻ പറ‍ഞ്ഞിരുന്നു. 2021 മാർച്ചിൽ അവസാനിച്ച 2020–21ലെ പ്രവർത്തനഫലം പ്രഖ്യാപിക്കാൻ വൈകിയതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ബൈജൂസിനോടു വിശദീകരണവും തേടി. കോവിഡും കമ്പനി നടത്തിയ വൻകിട ഏറ്റെടുക്കലുകളും അക്കൗണ്ടിങ് രീതിയിൽ വരുത്തിയ മാറ്റവുമാണ് വൈകാൻ കാരണമെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു. കമ്പനിക്ക് 2022ൽ 2200 കോടി ഡോളർ മൂല്യമുണ്ടായിരുന്നത് 100– 300 കോടി ഡോളറായി കുറഞ്ഞു. 

 

കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമായ അന്തരീക്ഷം മുതലെടുക്കാൻ 4 വിദ്യാഭ്യാസ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം മൂന്ന് വമ്പന്‍ ഏറ്റെടുക്കലുകളാണ് ബൈജൂസ് നടത്തിയത്. വൈറ്റ്ഹാറ്റ് ജൂനിയര്‍, സ്‌കോളര്‍, അരിസ്‌റ്റോട്ടില്‍ എന്നീ കമ്പനികളെയാണ് ഏറ്റെടുത്തത്. ഡൽഹി ആസ്ഥാനമായ ‘ആകാശി’നെ 100 കോടി ഡോളറിനും സിംഗപ്പൂർ കമ്പനിയായ ‘ഗ്രേറ്റ് ലേണിങ്ങി’നെ 60 കോടി ഡോളറിനും അമേരിക്കൻ കമ്പനിയായ ‘എപ്പിക്കി’നെ 50 കോടി ഡോളറിനും മുംബൈ ആസ്ഥാനമായ ‘വൈറ്റ്ഹാറ്റ് ജൂനിയറി’നെ 30 കോടി ഡോളറിനുമാണ് ഏറ്റെടുത്തത്. കോഡിങ് പരിശീലന കമ്പനിയായ വൈറ്റ്ഹാറ്റ് ഉണ്ടാക്കിയ പ്രവർത്തന നഷ്ടമാണ് ബൈജൂസിന്റെ നഷ്ടം കുതിക്കാൻ മുഖ്യ കാരണം. 

 

സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. 2023 ല്‍ 15000 ഓളം ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വന്നതോടെ ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു പണം ഇടപാടുകൾ നടത്തിയെന്ന ആരോപണം ഗുരുതരമായിരുന്നു. 2023 ല്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

 

കാര്യങ്ങള്‍ കൈവിട്ടപ്പോള്‍, ഒടുവില്‍ ബൈജു രവീന്ദ്രനെ പുറത്താക്കി കമ്പനി ഭരണം പിടിച്ചെടുക്കാനായി നിക്ഷേപ പങ്കാളികൾ അസാധാരാണ യോഗം ചേര്‍ന്നു. ബൈജൂസ് നിക്ഷേപകരുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് പരാതി. കമ്പനിയുടെ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത മീറ്റിങ്ങില്‍ ബൈജു രവീന്ദ്രനെ പുറത്താക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായാണ് ഇവർ അവകാശപ്പെടുന്നത്. അതായത് സ്ഥാപകനെ തന്നെ കമ്പനിയിൽ നിന്ന് പുറത്താക്കണമെന്ന് പണം മുടക്കിയിരിക്കുന്ന വൻകിട നിക്ഷേപകർ തന്നെ ആവശ്യപ്പെടുന്നു

 

എന്നാൽ 47% പേർ മാത്രമേ അനുകൂലിച്ചുള്ളൂ എന്നാണ് ബൈജൂസ് മാനേജ്മെന്റ് വൃത്തങ്ങൾ പറയുന്നത്. അതേസമയം  മാർച്ച് 13 വരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നഷ്ടക്കണക്കുകളും ജീവനക്കാരുടെ പിരിച്ചുവിടല്‍ വാര്‍ത്തകളുമെല്ലാമായി അടുത്തിടെ പുറത്തുവന്ന കാര്യങ്ങളൊന്നും ബൈജൂസിനെ സംബന്ധിച്ച് ശുഭകരമല്ല. 50,000 ജീവനക്കാരുള്ള വന്‍കിട കമ്പനിയായ ബൈജൂസ് 2,500 പേരെ പിരിച്ചുവിട്ടു. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ബൈജൂസിന്റെ സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രൻ ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

 

പൈസ പോയ വഴിചെലവനുസരിച്ചായിരുന്നില്ല വരുമാനമെന്നത് പറയേണ്ടതില്ലല്ലോ. എന്‍ട്രാക്കര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് 

ബൈജൂസിന്റെ ചെലവിടലില്‍ ഏറ്റവുമധികം പോയത് പരസ്യങ്ങള്‍ക്കും മറ്റ് പ്രൊമോഷണല്‍ കാര്യങ്ങള്‍ക്കുമാണെന്നാണ്. മൊത്തം ചെലവിന്റെ 32 ശതമാനം ഇതിനാണ്, അതായത് 2021 സാമ്പത്തിക വര്‍ഷത്തില്‍ പരസ്യങ്ങള്‍ക്കും പ്രൊമോഷനുകള്‍ക്കുമായി ചെലവഴിച്ചത് 2251 കോടി രൂപ. ജീവനക്കാര്‍ക്കായി പലതരത്തില്‍ ചെലവിട്ടത് 1,943 കോടി രൂപയാണ്. മൂന്നാംകക്ഷികള്‍ക്കുള്ള കമ്മീഷന്‍ ചെലവിനത്തില്‍ പോയത് 237 കോടി രൂപയാണ്. ലീഗല്‍, പ്രൊഫഷണല്‍ ഫീസിനത്തില്‍ 667 കോടി രൂപ, സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതികള്‍ക്കായി 128 കോടി രൂപ...അങ്ങനെ മൊത്തം ചെലവിടല്‍ 7,027 കോടി രൂപയായി ഉയര്‍ന്നു. ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്നാണ് സൂചന. ഇപ്പോൾ ദുബായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. 

 

കണക്ക് പോലെ തന്നെ ബൈജുവിന്റെ ഒരു വീക്ക്നസാണ് ഫുട്ബോള്‍. കളിയോടുള്ള ഭ്രമം മൂത്തപ്പോള്‍ ശരീരത്തില്‍ ചെയ്യേണ്ടി വന്നത് ആറുശസ്ത്രക്രിയകള്‍. ആ പരുക്കുകളൊക്കെ ഭേദമായെങ്കിലും ഇപ്പോഴുള്ള പരുക്ക് മാറാന്‍ അത്ര എളുപ്പമല്ല. ബിസിനസ് ഉപദേശം തേടിയെത്തുന്നവരോടു ബൈജു പറയുമായിരുന്നു അറിയാമല്ലോ, ബിസിനസ് ഈസ് എ കാൽകുലേറ്റഡ് റിസ്ക്.... അതെ, വല്ലാത്തൊരു റിസ്കിലേക്കു തന്നെയാണ് ബൈജു വീണിരിക്കുന്നത്. 

 

Indian entrepreneur byju raveendran face financial crisis