beef-rice

നല്ല കുത്തരിച്ചോറിനൊപ്പം വരട്ടിയ ബീഫ് കോമ്പിനേഷന്‍ ആലോചിച്ചാല്‍ തന്നെ വായില്‍ വെള്ളം വരും. ആരോഗ്യത്തിന് ഹാനികരമല്ലാതെ തികച്ചും പ്രകൃതിയോടിണങ്ങി കീശക്കൊത്ത വിധം ബീഫും ചോറും കഴിക്കാന്‍ പറ്റിയാലോ? അത് കൊള്ളാവുന്ന ആശയമാണ്. സൗത്ത് കൊറിയക്കാര്‍ ഇങ്ങനെയൊരു ഐഡിയ കണ്ടുപിടിച്ചിട്ടുണ്ട്. 

 

ബീഫും കഴിക്കാം ചോറും കഴിക്കാം. എന്നാലോ കൊളസ്ടോളിനെ പേടിക്കുകയും വേണ്ട. കന്നുകാലി വളര്‍ത്തലും വേണ്ട. പ്രകൃതിക്കിണങ്ങും വിധം ഒരു ഡിഷ്. പേര് ബീഫ് റൈസ്. സൗത്ത് കൊറിയയുടെ പുത്തന്‍ പരീക്ഷണമാണ് ബീഫ് റൈസ്. നെല്‍ വിത്തുകളില്‍ ബീഫിന്റെ കോശങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. മൃഗക്കൊഴുപ്പും, പേശികോശങ്ങളുമാണ് നെല്‍ വിത്തുകളില്‍ കുത്തിവെക്കുന്നത്. ഇത്തരത്തില്‍ വളര്‍ത്തുന്ന നെല്‍ച്ചെടികള്‍ വളരാന്‍ വേണ്ടിയുള്ള അന്തരീക്ഷവും ഒരുക്കിയെടുക്കുന്നു. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി എന്‍സൈമുകളും കന്നുകാലി സംബന്ധിയായ കോശങ്ങളും കുത്തിവെക്കും. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ബീഫ് റൈസിനുളള അരി റെഡി. സിയോളിലെ യോണ്‍സെയ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജിന്‍കീ ഹോങ്ങും സഹ ഗവേഷകരുമാണ് ഈ ബീഫ്റൈസിന്റെ ഉല്‍പാദകര്‍. 

 

കാണാന്‍ നെന്മണിപോലിരിക്കുമെങ്കിലും പിങ്ക് നിറത്തിലാണ് ബീഫ്റൈസ്. ഇതിന്റെ പോഷകഗുണങ്ങമാണെങ്കില്‍ സാധാരണ അരിഭക്ഷണത്തേക്കാള്‍ എട്ട് ശതമാനം അധിക പ്രോട്ടീന്‍, ഏഴ് ശതമാനം നല്ല കൊഴുപ്പ് അധികം, അമിനോ ആസിഡുകളും ധാരാളം. വിലയോ ഒരു കിലോയ്ക്ക് രണ്ട് ഡോളര്‍ മാത്രം. കന്നുകാലി ഫാമുകളില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ പുറംതള്ളലും വലിയൊരളവ് വരെ പരിഹരിക്കാം. പക്ഷെ ബീഫ് സ്നേഹികള്‍ അങ്ങനെ നെറ്റി ചുളിക്കൊന്നും വേണ്ട. പൂര്‍ണമായും ബീഫിന് പരകമൊന്നുമാവുന്നില്ല ബീഫ് റൈസ്. എങ്കിലും ഈ പരീക്ഷണമെന്തായാലും തരംഗമാവും. ചിക്കനും ഈല്‍ മല്‍സ്യവുമൊക്കെ സോയയില്‍ ചേര്‍ത്തുള്ള പരീക്ഷണം സിംഗപൂര്‍ അടക്കം പല രാജ്യങ്ങളിലുണ്ടെങ്കിലും ബീഫ് റൈസ് ഈയിനത്തില്‍ ആദ്യമാണ്.