വരന്‍ ഷാഫി പറമ്പില്‍, വധു ജനാധിപത്യം. വടകരയിലെ ഈ വിവാഹക്ഷണകത്താണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. സുഹൃത്തുക്കളൊരുക്കിയ പാട്ടുകളാണ് പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കാന്‍ ഷാഫി പറമ്പിലിന്‍റെയും സംഘത്തിന്‍റെയും ഇപ്പോഴത്തെ തുറുപ്പുചീട്ട്.
ഷാഫി പറമ്പില്‍ തന്‍റെ ട്രേഡ്മാര്‍ക്കായ പഞ്ച് അഭിവാദ്യം കുറേ സുന്ദരികള്‍ക്ക് നല്‍കുന്ന ചിത്രത്തോടെയാണ് ക്ഷണക്കത്ത്. വരന്‍ ഷാഫി പറമ്പില്‍. വധു ജനാധിപത്യം. വോട്ടിങ് സുദിനം 2024 ഏപ്രില്‍ 26– വെള്ളിയാഴ്ച്ച. മുഹൂര്‍ത്തം പകല്‍ ഏഴിനും അഞ്ചിനും മധ്യേ. വോട്ടിങ് വേദി പോളിങ് ബൂത്ത്. രാജ്യത്തെ വീണ്ടെടുക്കാന്‍ കൈപ്പത്തി അടയാളത്തില്‍ അന്നേദിവസം വോട്ടുരേഖപ്പെടുത്താനായി കുടുംബസമേതം ക്ഷണിക്കുന്നു കത്തില്‍. കത്ത് വൈറലായി ഷെയറുകളായി പറന്നതോടെ കുറച്ചുകൂടി നന്നാക്കാമായിരുന്നുവല്ലോ എന്ന ചിന്തയിലാണ് വടകരയിലെ യുഡിഎഫുകാര്‍. അതിനിടെയാണ് ഷാഫി പറമ്പിലിന്‍റെ സുഹൃത്തുക്കള്‍ ഒരുക്കിയ പ്രചാരണഗാനങ്ങള്‍ കൂടി പുറത്തിറങ്ങിയത്.
ഈ ഗാനങ്ങളാണ് കുടുംബയോഗങ്ങളിലും റോഡ് ഷോകളിലുമെല്ലാം ഇപ്പോള്‍ ഉപയോഗിക്കുന്നത്. കമല്‍ഹാസനെയടക്കം രംഗത്തിറക്കി എല്‍ഡിഎഫ് പ്രചാരണം കൊഴുപ്പിച്ചതോടെയാണ് യുഡിഎഫ് മറുതന്ത്രങ്ങള്‍ മെനയുന്നത്.