പത്തനംതിട്ട അടൂര്‍ ഇളംപള്ളില്‍ മലമുന്‍പ് ഏലായില്‍ എള്ള് പൂത്തുലഞ്ഞു. മൂന്നു സുഹൃത്തുകള്‍ ചേര്‍ന്നാണ്  മേഖലയില്‍ നിന്ന് അന്യംനിന്ന കൃഷിയെ തിരിച്ചു കൊണ്ടുവരുന്നത്. നാടന്‍ എള്ളിന് ആവശ്യക്കാര്‍ ഏറെയാണെന്ന് കര്‍ഷകര്‍ പറയുന്നു.

 

നെല്‍ക്കൃഷിയുടെ ഇടവേളയിലാണ് ഒന്നരമാസം മുന്‍പ് രണ്ടേക്കറില്‍ എള്ള് വിതറിയത്. വേണ്ടിവന്നത് ഒന്നരക്കിലോ എള്ള്. ഇപ്പോള്‍ മലമുന്‍പ് ഏലായുടെ പരിസരത്തെല്ലാം എള്ളിന്‍പൂ മണം നിറഞ്ഞു പരന്നു. പത്ത്ദിവസത്തിനുള്ളില്‍ വിളവെടുക്കാം എന്ന് കര്‍ഷകര്‍ പറയുന്നു. സന്തോഷ്കുമാര്‍, അപ്പുക്കുട്ടന്‍നായര്‍, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എള്ള് വിതച്ചത്. വലിയ ചെലവില്ലെന്നും നാടന്‍ എള്ളിന് ആവശ്യക്കാര്‍ ഉണ്ടെന്നും കര്‍ഷകര്‍ പറയുന്നു. കാര്യമായ വളപ്രയോഗവും വേണ്ട.

 

 

വിളവെടുക്കുന്ന എള്ള് ആവശ്യക്കാര്‍ക്ക് കൊടുത്ത് മേഖലയില്‍ എള്ള്കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. ഇത്തവണ മഴ മാറി നിന്നതിനാല്‍ പൂ കൊഴിഞ്ഞില്ല. കഴിഞ്ഞ തവണത്തെ പരീക്ഷണം വെള്ളം കയറി നശിച്ചിരുന്നു. എള്ളിന്‍റെ വിളവെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും നെല്‍കൃഷി തുടങ്ങും. ഓണാട്ടുകര മേഖലയില്‍ നെല്‍ക്കൃഷിയുടെ ഇടവേളയില്‍ എള്ള് വിതയ്ക്കുന്നത് പതിവായിരുന്നു. ഇത് കണ്ടാണ് അടൂരിലും തുടങ്ങിയത്.