bus

സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് ഏര്‍പ്പെടുത്തുന്ന ഇ–പാസ് നിബന്ധനകളില്ലാതെ ഏവര്‍ക്കും ലഭിക്കും. നാളെ മുതല്‍ ഇ–പാസ് ഉള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമെ തമിഴ്നാട് നീലഗിരി ജില്ലയിലേക്ക് പ്രവേശനം അനുവദിക്കു.

നാട്ടിലെങ്ങും വേനല്‍ചൂട് കത്തികയറിയപ്പോള്‍ ആശ്വാസം തേടി വലിയൊരു ഭാഗം മലയാളികള്‍ വണ്ടി പിടിച്ചത് നേരെ ഊട്ടിക്കാണ്. മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ ഊട്ടിയില്‍ സഞ്ചാരികള്‍ നിറഞ്ഞതോടെയാണ് ഇ–പാസ് ഏര്‍പ്പെടുത്തി സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നീക്കം നടത്തിയത്. എന്നാല്‍ പ്രതിദിന നിയന്ത്രണം ഇത്തവണ ഉണ്ടാവില്ലെന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ എം.അരുണ്‍ അറിയിക്കുന്നത്. ഊട്ടി, കൊടൈക്കനാല്‍ ഉള്‍പ്പടെ നീലഗിരി ജില്ലയിലേക്ക് എത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഇ–പാസ് എടുത്തിരിക്കണം. ഇത് സൗജന്യമായി ഓണ്‍ലൈനില്‍ ലഭിക്കും. epass.tnega.org എന്ന വെബ്സൈറ്റില്‍ വാഹന നമ്പര്‍, യാത്രക്കാരുടെ എണ്ണം, മറ്റ് വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ ഇ–പാസ് ലഭിക്കും.

ജില്ലയിലേക്ക് എത്രപേര്‍ വരുന്നുണ്ട്, വാഹനങ്ങളുടെ എണ്ണം തുടങ്ങിയ വിവരശേഖരണമാണ് ഇ–പാസിലൂടെ ലക്ഷ്യമിടുന്നത്. ഈ വിവരങ്ങള്‍ വിദഗ്ധ സംഘം പഠനത്തിന് ഉപയോഗിച്ച് വരും വര്‍ഷങ്ങളിലാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അതുവരെ സഞ്ചാരികള്‍ക്ക് ആശ്വസിക്കാം. സര്‍ക്കാര്‍ ബസുകളിലും ട്രെയിനിലും എത്തുന്ന സഞ്ചാരികള്‍ക്ക് ഇ–പാസ് ആവശ്യമില്ല.

How to apply ooty kodaikanal epass