ഐ.ടി.നഗരമായ ബെംഗളുരുവില്‍ വമ്പന്‍ ഫാമൊരുക്കി വിസ്മയമാകുകയാണു മലയാളി സംരഭകന്‍. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ മെല്‍ബിന്‍ മൈക്കിളിന്റെ ബെംഗളുരു മാഗഡി റോഡിലെ തൊഴുത്തില്‍ 120 പശുക്കളുണ്ട്. ഇവിടെ നിന്നു കിട്ടുന്ന വരുമാനത്തിന്റെ മുഖ്യപങ്കും ചെലവഴിക്കുന്നതാവട്ടെ അപകടത്തില്‍പെട്ടും മറ്റും അംഗവൈകല്യം സംഭവിച്ച തെരുവു നായ്കളുടെ പുനരധിവാസത്തിനു വേണ്ടിയും.
വിശാലമായ തൊഴുത്ത്. തലയെടുപ്പുള്ള കൂറ്റന്‍ ഗീര്‍ പശുക്കള്‍ ഞങ്ങളെത്തിയതറിഞ്ഞ്, തീറ്റ നിര്‍ത്തി ഒന്നു നോക്കി.പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ പതിവുകളിലേക്കു കടന്നു. പറഞ്ഞുവരുന്നതു മണ്ണിനു സ്ക്വയര്‍ ഫീറ്റിനു ലക്ഷങ്ങള്‍ വിലയുള്ള ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റിയില്‍ ഗോശാല സ്വപ്നം കണ്ട മലയാളിയെ കുറിച്ചാണ്. ആലപ്പുഴ മാരാരിക്കുളം സ്വദേശി മെല്‍ബിന് മൈക്കിളിനു സഹജീവികളോടുള്ള ഇഷ്ടമാണു ആന്‍മീസ് ഫ്രീഡം ലാന്റെന്ന ഫാമിലേക്കെത്തിയത്. വിശാലമായ പത്തേക്കറില്‍ 120 പശുക്കളും അവരുടെ കിടങ്ങളും ഉള്‍പ്പെട്ട വിശാലമായ ലോകം
നാടന്‍ പശുക്കളുടെ ശുദ്ധമായ പാലായതിനാല്‍ വില കൂടുതലാണ്. സങ്കര ഇനങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴുണ്ടാകുന്ന ഉല്‍പാദനക്കുറവ് ഈ വിലക്കൂടുതലില്‍ മറിക്കടക്കാമെന്നാണ് മെല്‍ബിന്റെ കണ്ടെത്തല്‍. ഫാമില്‍ ദൂരെ നിന്നുമാത്രം കണ്ടാസ്വദിക്കാന്‍ കഴിയുന്ന കൂട്ടരാണിവര്‍.ഒരാള്‍ വലുപ്പം വരെയുള്ള വിദേശികളായ റോട്ട് വീലര്‍ നായകള്‍. ബ്രീഡിങിനാണു ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.
കൂടാതെ വരാന്ത്യം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫാം ഹൗസുമുണ്ട്. ഫാമിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് മെല്‍ബിന്‍ നീക്കിവെയ്ക്കുന്നത് ഈ പാവങ്ങള്‍ക്കാണ്. വാഹനങ്ങള്‍ക്കടിയില്‍പെട്ടും മറ്റും അംഗവൈകല്യം വന്നവരും ഉടമകള്‍ ഉപേക്ഷിച്ചവരുമായ 200 തെരുവ് നായ്ക്കളെയാണ് സംരക്ഷിക്കുന്നത്.