ട്രെയിന്‍ യാത്ര സുരക്ഷയില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഡാര്‍ജിലിങ് ട്രെയിന്‍ അപകടവും. ഏറെ കൊട്ടിഘോഷിച്ച കവച് സംവിധാനം പൂര്‍ണതോതിലും കാര്യക്ഷമമായും നടപ്പാക്കാൻ കഴിയാത്തതില്‍ റയില്‍വേമന്ത്രാലയം പ്രതിക്കൂട്ടിലാണ്. വന്ദേഭാരതടക്കം ആധുനിക ട്രെയിനുകള്‍ യാഥാര്‍ഥ്യമാകുമ്പോഴും അപകടരഹിത ട്രെയിന്‍ യാത്ര എന്ന് നടപ്പിലാകുമെന്ന ചോദ്യം ബാക്കിയാണ്.
296 പേരുടെ ജീവനെടുത്ത ഒഡീഷ ബാലസോറിലെ ട്രെയിന്‍ ദുരന്തമുണ്ടായത് കഴിഞ്ഞവര്‍ഷം ജൂണില്‍. ഒരുവര്‍ഷം കഴിയുമ്പോള്‍ 15 പേരുടെ ജീവനെടുത്ത മറ്റൊരു ട്രെയിന്‍ ദുരന്തമുണ്ടായത് ബംഗാളിലെ ഡാര്‍ജിലിങ്ങില്‍. ഇപ്പോഴും രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രാപ്യമായ യാത്ര സംവിധാനമാണ് ട്രെയിന്‍. ആ ട്രെയിന്‍ യാത്ര ജീവിതത്തിലെ പലരുടെയും അവസാന യാത്രയായി മാറുന്നോ എന്ന ചോദ്യമാണ് ഇടയ്ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ ഉയര്‍ത്തുന്നത്. ഇതോടെയാണ് ട്രെയിനുകളുടെ സുരക്ഷയ്ക്കായി രാജ്യം വികസിപ്പിച്ച ‘കവച്’ സംവിധാനം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിയാത്തതിനെക്കുറിച്ച് ചോദ്യമുയരുന്നത്. ട്രെയിനുകളുടെ കൂട്ടിയിടിയും സിഗ്നൽ മറികടന്നുമുള്ള അപകടങ്ങളും ഒഴിവാക്കാൻ 2012ലാണ് കവച് വികസിപ്പിച്ചത്. ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം എന്ന പേരിൽ തുടങ്ങിയ സംവിധാനം ട്രയൽ റൺ തുടങ്ങിയത് 2016ൽ മോദി സർക്കാർ വന്ന ശേഷമാണ്. രാജ്യമാകെ ഏതാണ്ട് 70,000 കിലോമീറ്ററോളം റയിൽപാതയുണ്ട്. കവചുള്ളത് കേവലം 3,000 കിലോമീറ്ററില്‍ താഴെ മാത്രമെന്നാണ് വിവരം. പതിനായിരം കിലോമീറ്ററിൽ കവച് ഏർപ്പെടുത്താൻ റയില്‍വേ ടെൻഡർ നൽകിയിട്ടുണ്ട്. ടിക്കറ്റെടുത്താലും തിങ്ങിനിറഞ്ഞും വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിച്ചും യാത്രചെയ്യേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ യാത്ര സുരക്ഷിതം കൂടിയാവേണ്ടതുണ്ട്.
എന്താണ് കവച് ?
* ട്രെയിൻ എൻജിനിലും ട്രാക്കിലും സ്റ്റേഷനുകളിലും സിഗ്നൽ സംവിധാനത്തിലും ഉപകരണങ്ങളുണ്ടാകും
* ഒരു ട്രാക്കിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ വന്നാൽ കവച് പ്രവർത്തിപ്പിച്ച് ട്രെയിനുകൾ നിർത്തും
* ലോക്കോ പൈലറ്റ് ചുവപ്പു സിഗ്നൽ മറികടന്നാലും കവച് മുന്നറിയിപ്പു നൽകും
* ഒരേദിശയിൽ വരുന്ന രണ്ട് ട്രെയിനുകളിലും ഈ സംവിധാനമുണ്ടായിരിക്കണം