പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് ശിക്ഷ അനുഭവിക്കുന്ന 23 കാരന് അവളെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിന് പിന്നാലെയാണ് കോടതി കല്യാണം കഴിക്കാന്‍ ജാമ്യം അനുവദിച്ചത്. 16 വയസ്സും ഒമ്പത് മാസവും പ്രായമുള്ളപ്പോള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ തടവില്‍ കഴിയുന്ന  23 കാരനാണ് കോടതി 15 ദിവസത്തെ ജാമ്യം അനുവദിച്ചത്. 

അടുത്തിടെ 18 വയസ്സ് തികഞ്ഞ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതിനാൽ ഇരുകക്ഷികളുടെയും കുടുംബങ്ങൾ വിവാഹത്തിന് സമമ്തിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ ബലാത്സംഗക്കുറ്റം ചുമത്തിയയാൾ കുട്ടിയുടെ പിതാവാണെന്ന് സ്ഥിരീകരിച്ചി പശ്ചാത്തലത്തിലാണ് കല്യാണത്തിലേക്ക് കുടുംബങ്ങള്‍ കടക്കുന്നത്.

ജൂലൈ നാലിന് നടക്കുന്ന അടുത്ത വാദം കേൾക്കുമ്പോൾ ഹര്‍ജിക്കാരനോട് വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അമ്മയെ പിന്തുണയ്ക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കോടതി പറഞ്ഞു.

ഇരു വീട്ടുകാരും വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതിനാൽ കുറ്റം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എം നാഗപ്രസന്ന കഴിഞ്ഞ ശനിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

16 വയസും ഒമ്പത് മാസവും പ്രായമുള്ള മകളെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ അമ്മയുടെ ആരോപണത്തെ തുടർന്ന് 2023 ഫെബ്രുവരിയിൽ മൈസൂരു ജില്ലയിൽ നിന്നുള്ള പ്രതിയെ അറസ്റ്റ് ചെയ്തു.ഐപിസിയുടെ സെക്ഷൻ 376(2)(എൻ), 2012ലെ പോക്‌സോ നിയമത്തിലെ വിവിധവകുപ്പുകളും ചേര്‍ത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Karnataka High Court grants man accused of rape 15-day bail to marry survivor who turned 18