bal-govind-rajkumari

TOPICS COVERED

നേരംമ്പോക്കിന് ഒരു വിനോദോപാധിയായാണ് മിക്ക ആളുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. എന്നാല്‍ റീല്‍സ് കാരണം 18 വര്‍ഷം മുമ്പ് കാണാതായ തന്‍റെ സഹോദരനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കാണ്‍പൂര്‍ സ്വദേശി രാജ്​കുമാരി. നാടുവിട്ടുപോയ ബാല്‍ ഗോവിന്ദിന്‍റെ പൊട്ടിയ പല്ലാണ് തിരിച്ചറിയാന്‍ രാജ്​കുമാരിയെ സഹായിച്ചത്. 

18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇനായത്ത്പൂര്‍ ഗ്രാമത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മുംബൈയില്‍ ഒരു ജോലിക്കായി ബാല്‍ ഗോവിന്ദ് നാടുവിട്ടത്. മുംബൈയിലെത്തിയതിനുശേഷം ഇയാള്‍ സുഹൃത്തുക്കളെ ഉപേക്ഷിച്ച് പല സ്ഥലങ്ങളില്‍ ജോലി ചെയ്​തു. ആദ്യം സുഹൃത്തുക്കളെ വിളിക്കുമായിരുന്നെങ്കിലും പതിയ ബാല്‍ ഗോവിന്ദ് അതും നിര്‍ത്തി. സുഹൃത്തുക്കളെല്ലാം നാട്ടിലേക്ക് തിരികെ എത്തിയെങ്കിലും ബാല്‍ ഗോവിന്ദ് വന്നില്ല. 

ഒടുവില്‍ രോഗബാധിതനായ ബാല്‍ ഗോവിന്ദ് നാട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ കാണ്‍പൂരിനു പകരം ജയ്​പൂര്‍ ട്രെയ്​നാണ് ബാല്‍ ഗോവിന്ദ് കയറിയത്. ക്ഷീണിതനായ ബാല്‍ ഗോവിന്ദിന് റെയി​ല്‍വേ സ്​റ്റേഷനില്‍ വച്ച് കണ്ട ഒരു വ്യക്തിയുടെ സഹായത്താല്‍ ഒരു ഫാക്​ടറിയില്‍ ജോലി ലഭിച്ചു. ആരോഗ്യം ഭേദപ്പെട്ടെങ്കില്‍ ജയ്​പൂരില്‍ തന്നെ തുടരാന്‍ അയാള്‍ തീരുമാനിച്ചു. ഈശ്വരി ദേവി എന്ന യുവതിയെ വിവാഹം ചെയ്തു. ഇരുര്‍ക്കും രണ്ട് കുട്ടികളുമുണ്ടായി. ബാല്‍ ഗോവിന്ദിന്‍റെ ജീവിതമാകെ മാറി. 

ഇതിനിടയ്​ക്കാണ് ഇന്‍സ്​റ്റഗ്രാമില്‍ ബാല്‍ ഗോവിന്ദ് റീല്‍സ് പങ്കുവക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ പങ്കുവച്ച റീലാണ് ഇദ്ദേഹത്തിന്‍റെ സഹോദരി കണ്ടത്. പതിവ് പോലെ ഇന്‍സ്റ്റഗ്രാം റീല്‍സ് സ്ക്രോള്‍ ചെയ്​തുകൊണ്ടിരുന്ന രാജ്​കുമാരി അവിചാരിതമായാണ് ഒരു പരിചിത മുഖം കണ്ടത്. ബാല്‍ ഗോവിന്ദിന്‍റെ പൊട്ടിയ പല്ല് കൂടി കണ്ടതോടെ ഇത് നാടുവിട്ടുപോയ തന്‍റെ സഹോദരനാണോ എന്ന സംശയം രാജ്​കുമാരിക്കുണ്ടായി. തുടര്‍ന്ന് രാജ്​കുമാരി ബാല്‍ ഗോവിന്ദിന് മെസേജ് അയക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്​തു. കഴിഞ്ഞ ജൂണ്‍ 20ന് നാട്ടിലെത്തിയ ബാല്‍ ഗോവിന്ദ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരിയെ കണ്ടുമുട്ടി. 'സോഷ്യല്‍ മീഡിയ വഴ നല്ലതൊന്നും സംഭവിക്കില്ലെന്നാണ് എല്ലാവരും പറയുന്നത്, എന്നാല്‍ ഒരു സാധാരണ വീഡിയോ ചില ഓര്‍മകളെ പുതുക്കും. എന്‍റെ സഹോദരനെ തിരിച്ചുകിട്ടി. ഇതാണ് ഏറ്റവും വലിയ സന്തോഷം,' രാജ്​കുമാരി പറഞ്ഞു.  

ENGLISH SUMMARY:

Rajkumari is happy to have her brother back who went missing 18 years ago due to reels