stray-dog

TOPICS COVERED

മഴ കൊള്ളാതിരിക്കാന്‍ വെസ്റ്റ് സൈഡ് സ്റ്റോറില്‍ കയറിയിരിക്കുന്ന നായക്കുട്ടിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടിയും ബ്ലോഗറുമായ അതിഥി ഖിഞ്ചിയാണ് തിരക്കുള്ള കടയില്‍ ആരുടേയും ശല്യമില്ലാതെ വിശ്രമിക്കുന്ന തെരുവുനായയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ടാറ്റ സൺസ് മുൻ ചെയർമാനായ രത്തന്‍ ടാറ്റയ്​ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അതിഥി ചിത്രം പോസ്​റ്റ് ചെയ്​തിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്‍റേതാണ് വെസ്റ്റ് സൈഡ് സ്റ്റോര്‍. വെസ്റ്റ് സൈഡ് സ്റ്റോറില്‍ സമാധാനത്തോടെ ഈ നായ നില്‍ക്കുന്നതിനു കാരണം രത്തന്‍ ടാറ്റ സാറാണ് എന്ന് അതിഥി കുറിച്ചു. 

'ഇന്ന് വെസ്​റ്റ് സൈഡ് സ്​റ്റോറില്‍ ഈ നായ സമാധാനത്തോടെ വിശ്രമിക്കുന്നത് ഞാന്‍ കണ്ടു. ആ സമയം പുറത്ത് നല്ല മഴയായിരുന്നു. എനിക്കീ ഈ കാഴച അല്‍ഭുതമായിരുന്നു. കാരണം ഇത് ഒരു സാധാരണ കാഴ്​ചയല്ല. നായ്​ക്കളേയും പൂച്ചകളേയും തങ്ങളുടെ ഷോറൂമുകളില്‍ വിശ്രമിക്കാന്‍ ആരും അനുവദിക്കാറില്ല. പിന്നെയാണ് ആലോചിച്ചത്, ഇത് ടാറ്റ എന്‍റര്‍പ്രൈസസ് അല്ലേ, ആരാണ് അതിന്‍റെ ഉടമ? രത്തന്‍ ടാറ്റ സാര്‍, ഒരുപാട് നന്ദി. ഈ പെരുമഴയത്ത് ഈ നായക്ക് അഭയം നല്‍കാന്‍ ദയ കാണിച്ച ജീവനക്കാര്‍ക്ക് നന്ദി. ഇപ്പോഴും നന്മ നിലനില്‍ക്കുന്നു,' അതിഥി കുറിച്ചു. പോസ്റ്റിന് പിന്നാലെ രത്തന്‍ ടാറ്റയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം മുംബൈയിൽ രോഗാവസ്ഥയിലുള്ള നായ്ക്കുട്ടിക്കു രക്തം തേടുന്ന രത്തൻ ടാറ്റയുടെ വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു. ടാറ്റ ട്രസ്റ്റിനു കീഴിലുള്ള മൃഗാശുപത്രിയിൽ 7 മാസം പ്രായമുള്ള നായ്ക്കുട്ടി അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും നായ്ക്കളുടെ രക്തം ആവശ്യമുണ്ടെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ രത്തന്‍ ടാറ്റ പങ്കുവച്ച കുറിപ്പ്. പിന്നാലെ തന്നെ രക്തദാതാക്കളും എത്തി. രക്തം നല്‍കിയ നായകള്‍ക്ക് നന്ദിയറിയിച്ച് രത്തൻ ടാറ്റ മറ്റൊരു പോസ്റ്റും കൂടി ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു. 

ENGLISH SUMMARY:

A video of a stray dog sitting in a West Side store during rain is going viral on social media