സിനിമയിൽ നിങ്ങൾ കാണുന്നതുപോലെയുള്ള ഗ്ലാമറസായ ജീവിതമല്ല തന്റേതെന്ന് നടി സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലായിരുന്നു നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും മയോസിറ്റിസ് രോഗനിർണയത്തെക്കുറിച്ചും താരം പ്രതികരിച്ചത്. ഗ്ലാമറസായ ജീവിതമല്ല തന്റേതെന്നും തീയില്‍ ചവിട്ടിയാണ് സഞ്ചരിച്ചതെന്നും താരം വെളിപ്പെടുത്തി.
ഞാൻ ഇപ്പോഴുള്ള അവസ്ഥയിലേക്കെത്താൻ, തീയിലൂടെയാണ് സഞ്ചരിച്ചത്. ഇത് ജീവിതമാണല്ലോ? എന്തൊക്കെ സംഭവിച്ചാലും നേരിട്ടേ മതിയാവൂ എന്ന ബോധ്യമുണ്ട് എനിക്ക്. എന്റെ അടുത്ത സുഹൃത്തിനോട് ഇതിനെപ്പറ്റിയെല്ലാം പറഞ്ഞിരുന്നു. ആ അനുഭവങ്ങളാണ് കരുത്തായി മാറിയത്.
ചില കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് നമ്മള്‍ക്ക് തോന്നാറില്ലേ?, എന്റെ ജീവിതത്തിൽ ആ 3 വര്‍ഷങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. തീയില്‍ ചവിട്ടി സഞ്ചരിച്ച എന്റെ ഈ തിരിച്ചുവരവ് ആത്മീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. അതിനെ അത്തരത്തിൽ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
ജീവിതത്തില്‍ ആത്മീയത വേണം. അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിതത്തിലുണ്ടായ വിഷമങ്ങളും പ്രതിസന്ധികളും മറികടന്ന് കരിയറിലേക്ക് തിരികെയെത്താൻ എനിക്ക് സഹായകമായത് ആത്മീയതയാണ്. അങ്ങനെയാണ് വെല്ലുവിളികളെ നേരിടാൻ ശക്തി ലഭിച്ചത്. മാനസിക, ശാരീരിക വെല്ലുവിളികള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. അവയെ അതിജീവിക്കാൻ ആത്മീയത നമ്മെ സഹായിക്കും.
ആവര്‍ത്തന വിരസതയില്ലാതെ കഥാപാത്രങ്ങള്‍ ചെയ്യാനാണ് എന്റെ ശ്രമം. ആര്‍ക്കായാലും ഒരേ കാര്യം തന്നെ ആവർ്തതിച്ച് ചെയ്യുമ്പോള്‍ മടുപ്പ് അനുഭവപ്പെടും. സിനിമകളുടെ നമ്പറിലല്ല, ക്വാളിറ്റിക്കാണ് പ്രാധാന്യം നല്‍കുന്നത്. - സാമന്ത മനസുതുറന്നു. നടൻ നാഗ ചൈതന്യയുമായി വിവാഹ ബന്ധം സാമന്ത നേരത്തേ അവസാനിപ്പിച്ചിരുന്നു. 2022ൽ മയോസിറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതോടെ അവർ അഭിനയ രംഗത്ത് നിന്നും കുറച്ചുനാൾ വിട്ടുനിന്നിരുന്നു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം മുതല്‍ തുടങ്ങുമെന്നും കഥാപാത്രമായി മാറാനുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോഴെന്നും സാമന്ത വ്യക്തമാക്കി.