TOPICS COVERED

കാര്‍ഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളിലേക്ക് രാജ്യം. 1999 മേയ് മുതല്‍ രണ്ടരമാസം നീണ്ടുനിന്ന യുദ്ധത്തില്‍ 527 ജവാന്‍മാരാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. ആണവശക്തിയായ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തിന്‍റെ അവസാനം സമ്പൂര്‍ണ വിജയം ഇന്ത്യയ്ക്കായിരുന്നു. 

പരസ്പര ധാരണയും വിശ്വാസവും തെറ്റിച്ച് പാക്കിസ്ഥാന്‍ കാര്‍ഗില്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത്, 1999 ഏപ്രില്‍ മാസം അവസാനത്തോടെ. മലമുകളില്‍ പൂര്‍ണമായി മഞ്ഞുരുകുന്നതിന് മുന്‍പ്, നുഴഞ്ഞുകയറ്റക്കാരുടെ വേഷം ധരിച്ച്, സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും പേ ബുക്കുകളും ഒളിപ്പിച്ച്, ഇന്ത്യന്‍ സേനയുടെ പോസ്റ്റുകളിലേക്ക് പാക് സൈന്യമെത്തി. എന്നാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ മഞ്ഞുരുകിയതോടെ, ദ്രാസ് പ്രദേശത്ത് യാക്കിനെ മേയ്ക്കുന്ന ഇടയന്‍മാരാണ് മലമുകളിലെ ശത്രുവിന്‍റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. 

കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക. ലഡാക്കിനെയും സിയാച്ചിനെയും വെട്ടിമുറിക്കുകയുമായിരുന്നു പാക് ലക്ഷ്യം. പാക് ചതിയുടെ ആഴമറിയുന്നതിന് മുന്‍പേ ആദ്യം ജീവന്‍ നല്‍കേണ്ടി വന്നവരില്‍ ഒരിക്കലും മറക്കാനാവാത്ത പേരാണ് ക്യാപ്റ്റന്‍ സൗരഭ് കാലിയയുടേതും കൂടെയുണ്ടായിരുന്ന സേനാംഗങ്ങളുടെയും. ദ്രാസിനടുത്തുള്ള ബജ്റംഗ് പോസ്റ്റിന് സമീപം പട്രോളിങ്ങിനുപോയ ക്യാപ്റ്റന്‍ സൗരഭ് കാലിയയെയും സംഘത്തെയും തടവിലാക്കിയ പാക് സേന, ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തി. പാക് സേന പിടിച്ചെടുത്ത പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ഓപ്പറേഷന്‍ വിജയ് എന്ന് സൈനിക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ പോരാട്ടം തുടങ്ങി. 

‌രണ്ട് ആണവ ശക്തികൾ തമ്മിലുള്ള യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങള്‍ ഏറെ ആശങ്കയോടെയാണ് കാര്‍ഗില്‍ യുദ്ധത്തെ കണ്ടത്. വനിതാ ഫ്ലൈയിങ് ഓഫിസർ നേരിട്ട് പങ്കെടുത്ത ആദ്യ യുദ്ധമെന്ന പ്രത്യേകതയും കാര്‍ഗില്‍ യുദ്ധത്തിനുണ്ട്. ഫ്ലൈറ്റ് ലഫ്റ്റനന്റുമാരായ ഗുഞ്ചൻ സക്സേന, ശ്രീവിദ്യ രാജൻ എന്നിവർ ഹെലികോപ്റ്റർ പറത്തി യുദ്ധമുന്നണിയിലെത്തി. വ്യോമസേന സഫേദ് സാഗർ എന്ന പേരിട്ട് ദൗത്യത്തിന്‍റെ ഭാഗമായി. ബോഫോഴ്സടക്കം പീരങ്കികളെ ഡയറക്ട് ഫയറിങ് വെപ്പണായി ഇന്ത്യന്‍ സേന കാര്‍ഗില്‍ യുദ്ധത്തില്‍ ഉപയോഗിച്ചു. 

ENGLISH SUMMARY:

India's prestigious Kargil War victory turns 25.