ശതകോടീശ്വരന്‍മാരുടെ ആഡംബര വിവാഹങ്ങളെക്കുറിച്ചും പഞ്ചനക്ഷത്ര പാര്‍ട്ടികളെക്കുറിച്ചും ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നു– സമ്പത്തിന്‍റെ അറപ്പുണ്ടാക്കുന്ന പ്രദര്‍ശനമാണിത്. ഇത് ദരിദ്രരെ അപമാനിക്കുന്നതും ഇല്ലാത്തവരില്‍ പ്രതിഷേധമുണ്ടാക്കുന്നതുമാണ്. അദ്ദേഹം ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജഞന്‍ കൂടിയാണ്. പേര് ഡോ. മന്‍മോഹന്‍ സിങ്. വര്‍ധിക്കുന്ന വരുമാനവും സ്വത്തും രാജ്യത്തെല്ലായിടത്തുമെത്തണം. കോര്‍പ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്തമെന്നാല്‍ ടാക്സ് പ്ലാനിങ്ങ് തന്ത്രം മാത്രമല്ല. സമ്പന്നര്‍ക്ക് സമൂഹത്തോട് കടപ്പാടുണ്ടെന്ന ആശയമാകണം അതിനു പിന്നില്‍. 2007 മേയ് 24 ന് ഡല്‍ഹിയില്‍ സിഐഐയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ വാക്കുകള്‍. 17 വര്‍ഷത്തിനിപ്പുറം ലോകം ശ്രദ്ധിച്ച ഒരു മഹാവിവാഹത്തിന് ശേഷം ഈ വാക്കുകള്‍ക്ക് പ്രസക്തി കൂടുന്നതായി കരുതുന്നവരുണ്ടാകാം. ചിരിച്ചു തള്ളുന്നവരും കാണാം. എന്തായാലും പലതിനും മാറ്റമുണ്ടായതുപോലെ വിവാഹം എന്ന ആശയത്തിനും ഇന്ത്യയില്‍ മാറ്റമുണ്ടായിരുന്നു. അംബാനി കല്യാണം അതിന്‍റെ പാരമ്യമായിരുന്നു. നോക്കാം ഇന്ത്യയിലെ ശതകോടീശ്വര കല്യാണത്തിന്‍റെ ചില കൗതുകമുയര്‍ത്തുന്ന കണക്കുകള്‍
ഇന്ത്യന്‍ വിവാഹ മാര്‍ക്കറ്റ്
മാസങ്ങളോളം നീണ്ടുനിന്ന വിവാഹ മാമാങ്കം സംഘടിപ്പിച്ചതിന് അംബാനിമാരെ കുറ്റം പറയുന്നവരുണ്ട്. അംബാനി മാത്രമായി ചെയ്യുന്ന ഒരു കുറ്റമല്ല ഇന്ത്യന്‍ വിവാഹ കമ്പോളത്തെ ഇങ്ങനെ വളര്‍ത്തിയത്.
5 ലക്ഷം മുതൽ 5 കോടി വരെ വിവാഹത്തിനായി ചെലവഴിക്കുന്ന കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒരു ദിവസം ശരാശരി 25,000 നു മേല്‍ കല്യാണങ്ങള്‍ നടക്കുന്നുണ്ട്. എന്നുവച്ചാല്‍ കല്യാണത്തിന് സീസണുകളാണല്ലോ. എല്ലാ ദിവസവും ഒരുപോലെ അല്ല നടക്കുക. ഒരു വര്‍ഷം 80 ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ കല്യാണങ്ങള്‍ എന്നതാണ് ഏകദേശ കണക്ക്. ചൈനയേക്കാളും കൂടുതല്‍. ജനസംഖ്യയിലും ഇപ്പോള്‍ അങ്ങനെയാണല്ലോ. ചൈനയില്‍ ഒരു വര്‍ഷം 70 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ് കല്യാണം. വിപണിയുടെ കാര്യമെടുത്താല്‍ ചൈനയാണ് മുന്നില്‍ . 170 ബില്യണ്‍ ഡോളറാണ് അവരുടെ വിപണി. ഇക്കൊല്ലം പുറത്തു വന്ന ജെഫേറിസ് റിപ്പോര്‍ട്ട് അനുസരിച്ച് 130 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിവാഹ വിപണി. എന്നുവച്ചാല്‍ 13,000 കോടി ഡോളര്‍. ഇനി അതിന്‍റെ രൂപയിലെ മൂല്യം ആണെങ്കില്‍ 13,000 കോടിയെ 83 കൊണ്ട് ഗുണിച്ചു നോക്കിയാല്‍ മതി. ഏകദേശം 10 ലക്ഷം കോടി രൂപ എന്നു വയ്ക്കാം. പുതിയ ബജറ്റിലെ രാജ്യത്തിന്‍റെ പ്രതിരോധ ബജറ്റ് 6.21 ലക്ഷം കോടിയാണെന്ന് ഓര്‍മ വേണം. അതായത് വിവാഹ ബജറ്റിന്‍റെ 62 ശതമാനമേ പ്രതിരോധ ബജറ്റ് വരൂ എന്ന്.
ആഹാരത്തിനും പലചരക്കിനും മാത്രമാണ് ഇതിലധികം പണം ഇന്ത്യാക്കാര്‍ ചെലവാക്കുന്നത്. ഒരു ശരാശരി ഇന്ത്യന്‍ 12 ലക്ഷം രൂപ വിവാഹത്തിന് ചെലവാക്കുന്നു എന്നാണ്. 18 വര്‍ഷം ഇന്ത്യയില്‍ ഒരു കുട്ടിയെ പഠിപ്പിക്കാന്‍ വേണ്ട കാശിന്‍റെ ഇരട്ടി വരും ഈ തുക. അമേരിക്കയില്‍ നേരേ തിരിച്ചാണ്. അവിടെ കല്യാണത്തിന് ശരാശരി ചെലവാക്കുന്നതിന്‍റെ ഇരട്ടി വിദ്യാഭ്യാസത്തിന് ചെലവിടും.
ഏറ്റവും വലിയ രണ്ടാമത്തെ വിവാഹ വിപണിയാണ് ഇന്ത്യ. അമേരിക്കയിലെ വിവാഹ വിപണിയുടെ ഇരട്ടി വരും ഇന്ത്യയുടേത്. സ്വര്‍ണം, വസ്ത്രം, ഭക്ഷണം അങ്ങനെ കല്യാണവുമായി ബന്ധപ്പെട്ട എല്ലാം ചേര്‍ക്കുന്നതാണ് ഈ കല്യാണ മാര്‍ക്കറ്റ് എന്നു പറയുന്നത്. ഇന്ത്യയിലെ ആകെ സ്വര്‍ണ കച്ചവടത്തിന്‍റെ പകുതിയും വിവാഹവുമായി ബന്ധപ്പെട്ടതാണ്. വസ്ത്ര വിപണിയുടെ 10 ശതമാനം വിവാഹത്തിനാണ്.
തങ്ങളുടെ സമ്പത്തിന്റെ 20 ശതമാനവും വിവാഹത്തിനായാണ് ശരാശരി ഇന്ത്യൻ കുടുംബങ്ങൾ മുടക്കുന്നത്. ഇന്ത്യന്‍ മെട്രോപോളിറ്റൻ സിറ്റികളിൽ ശരാശരി വിവാഹത്തിനായി ചെലവഴിക്കുന്നത് 25 മുതൽ 75 ലക്ഷം രൂപ വരെയാണ്. വധൂവരന്മാരെ കണ്ടെത്തുന്നതിനായി ഒരു വർഷം വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ ചെലവഴിക്കുന്നത് 200 മുതൽ 250 കോടി രൂപ വരെ.
എന്നു മുതലാണ് ഈ ട്രെന്‍ഡ് തുടങ്ങിയത്?
പണ്ടും പണക്കാരുടെയും രാജകുടുംബങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമൊക്കെ വക ആഡംബര കല്യാണങ്ങളുണ്ടായിരുന്നു. എന്നാല്‍ 90 കളില്‍ ആഗോളവല്‍ക്കരണ കാലത്തോടെയാണ് ഇതൊരു ട്രെന്‍ഡാകുന്നത്. 1994 ലിറങ്ങിയ ഹം ആപ് കേ ഹേ കോന്‍ എന്ന സല്‍മാന്‍–മാധുരി ചിത്രം വമ്പന്‍ വിവാഹങ്ങളുടെ ബോളിവുഡ് കാലത്തിനും തുടക്കമിട്ടു. പിന്നീടിങ്ങോട്ട് ദുല്‍ഹാലേ ദുല്‍ഹനിയാ ലേ ജായേഗേ, കഭി ഖുഷി കഭി ഗം തുടങ്ങി ഒരു നിര ചിത്രങ്ങള്‍ എടുത്താല്‍ ഇന്ത്യന്‍ വിവാഹ ട്രെന്‍ഡുകള്‍ മെഗായാകുന്നത് കാണാം. ഈ സിനിമകളുമായി മല്‍സരിച്ച് പണക്കാരും കല്യാണങ്ങളില്‍ കൊടിപറത്തി. ഇതിന്‍റെയൊക്കെ ഒരു അള്‍ട്ടിമേറ്റ് ആയിരുന്നു അംബാനി കല്യാണം. ഒരു സിനിമയ്ക്കും ഇതുപോലൊരു കല്യാണം സെറ്റിടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മാര്‍ച്ചില്‍ പ്രീ വെഡ്ഡിങ് പരിപാടികളോടെ തുടങ്ങിയതാണ്. മേയില്‍ നാലു ദിവസത്തെ യൂറോപ്യന്‍ കറക്കം. ഒടുവില്‍ മുംബൈയില്‍ ജൂലൈയില്‍ കലാശക്കൊട്ട്. ഇതിനിടയില്‍ ബാക് സ്ട്രീറ്റ് ബോയ്സും ജസ്റ്റിന്‍ ബീബറും എആര്‍ റഹ്മാനുമടക്കം താരങ്ങളും നരേന്ദ്ര മോദിയും ടോണി ബ്സയറും ബോറിസ് ജോണ്‍സണുമടക്കം ലോക നേതാക്കളുമെല്ലാം അണി നിരന്നു. ബോളിവുഡ് പിന്നെ അവിടെത്തന്നെയായിരുന്നു. വിശേഷങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.
ആഡംബര കല്യാണങ്ങള്‍ കൂടാന്‍ കാരണമെന്ത്?
സിംപിള്‍ . അതിന് പാങ്ങുള്ളവരുടെ എണ്ണം കൂടുന്നതു തന്നെ. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണം അഥവാ ബില്യനേയര്‍മാരുടെ എണ്ണം കൂടുകയാണ്. 100 കോടിക്കും മേല്‍ സമ്പത്തുള്ളവരാണ് ശതകോടീശ്വരന്‍മാര്‍. 1991 ല്‍ ഒരാളായിരുന്നു ഇന്ത്യയില്‍ ബില്യണയറായി ഉണ്ടായിരുന്നത്.
271 പേരാണ് ഇപ്പോള്‍ ലിസ്റ്റില്‍. 2023 ല്‍ മാത്രം 94 പുതിയ ശതകോടീശ്വരന്‍മാര്‍ പട്ടികയിലെത്തി. ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ 2024 ലെ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ കണക്കാണിത്. ഫോബ്സ് ഇന്ത്യയുടെ കണക്കനുസരിച്ച് 116 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ബ്ലൂംബെര്‍ഗിന്‍റെ കഴിഞ്ഞവര്‍ഷത്തെ കണക്കില്‍ 97.1 ബില്യണ്‍ ആണ്. കുറഞ്ഞ തുകയായ ഈ 97 ബില്യണ്‍ എടുത്ത് തന്നെ ഏതാണ്ട് 8 ലക്ഷം കോടി രൂപ. എന്നുവച്ചാല്‍ ഇത്തവണത്തെ പ്രതിരോധ ബജറ്റിനൊപ്പം കാര്‍ഷിക ബജറ്റായ 1.52 ലക്ഷം കൂടി കൂട്ടിയാല്‍കിട്ടുന്ന തുക.
ആ അംബാനിയുടെ കുട്ടിയുടെ വിവാഹം എന്നു പറഞ്ഞാല്‍ അതിന്‍റെ വലിപ്പം ഉണ്ടാകണം എന്ന് അംബാനിയും കരുതിക്കാണും. എങ്ങനെ നോക്കിയാലും ആകെ ആസ്തിയുടെ ഒരു ശതമാനത്തില്‍ താഴെയേ വരൂ
ഈ കല്യാണത്തിന്‍റെ ചെലവായി പറയുന്ന 5000 കോടി രൂപ. 100 കോടി മതിപ്പു വരുന്ന 27 നിലയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വീട്ടില്‍ നടക്കുന്ന കല്യാണമാകുമ്പോള്‍ അതിന്‍റെ ഒരു നിലയും വിലയും വേണ്ടേ?
പഴയ കാലം
വിവാഹത്തിനും മറ്റു പാര്‍ട്ടികള്‍ക്കും ആളെ വിളിക്കുന്നതിനും ആഡംബരം കാണിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്ന ഒരു കാലം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. കോവിഡ് കാലത്ത് ആരോഗ്യകാര്യങ്ങളിലെ ആശങ്ക കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നമുക്കോര്‍മയുണ്ട്. അതിനെക്കുറിച്ചല്ല. രാജ്യത്തിന്‍റെ സമ്പത്ത് ധൂര്‍ത്തടിക്കാനുള്ള സമയമിതല്ല എന്ന കാരണം കൊണ്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാര്യമാണ് പറഞ്ഞത്. 1965 ലെ ചൈന യുദ്ധത്തിനു ശേഷം ഇത്തരമൊരു സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 25 പേരില്‍ കൂടുതലുള്ള ചടങ്ങുകള്‍ നിരോധിച്ചിരുന്നു. 70കളിലും ഉണ്ടായിട്ടുണ്ട് സമാന സംഭവങ്ങള്‍. ആഡംബര നികുതി പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണക്കൊഴുപ്പുള്ള വിവാഹങ്ങള്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഊര്‍ജം പകരുന്നവയായിട്ടാണ് ഇന്ന് കണക്കാക്കുന്നത്. പണമുള്ളവര്‍ ചെലവാക്കുമ്പോള്‍ അത് പലവഴിക്ക് സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് എത്തുന്നു. അംബാനി കല്യാണത്തിന് ജസ്റ്റിന്‍ ബീബറും ബാക്സ്ട്രീറ്റ് ബോയ്സും വാങ്ങിയ പണമൊക്ക പുറത്തേക്ക് പോയതു തന്നെയാണ്. എങ്കിലും ഒരു കാര്യത്തില്‍ മുകേഷ് അംബാനി മാതൃക കാണിച്ചു. ഈ വിവാഹത്തിന്‍റെ പ്രധാന ചടങ്ങുകളും ചെലവുകളും ഇന്ത്യയില്‍ തന്നെയായിരുന്നു. അങ്ങനെ പറയാന്‍ കാരണം വിവാഹം വിദേശത്താക്കുന്ന ട്രെന്‍ഡ് ശക്തമായതു കൊണ്ടാണ്. ഒടുവില്‍ പ്രധാനമന്ത്രി തന്നെ മന്‍ കി ബാത്തില്‍ വെഡ് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചു. Confederation of All India Traders ന്‍റെ കണക്കനുസരിച്ച് ഒരു വര്‍ഷം 5000 നടുത്ത് ഇന്ത്യന്‍ കല്യാണങ്ങളാണ് ഇന്ത്യക്കു പുറത്ത് നടക്കുന്നത്. 75,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ് ഇപ്രകാരം രാജ്യത്തിന് പുറത്തേക്കൊഴുകുന്നത്.
ട്രെന്‍ഡുകള്‍ ഇനിയും മാറിക്കൊണ്ടിരിക്കും. നമ്മുടെ നാട്ടില്‍ തന്നെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ ആദ്യം വന്നപ്പോഴത്തെ ട്രോളുകള്‍ ഓര്‍മയില്ലേ. ഇന്നത് സര്‍വ സാധാരണായി. വമ്പന്‍ കല്യാണങ്ങളും കോടീശ്വരന്‍മാരുടെ ഇടയില്‍ പുതിയ തരംഗങ്ങളുണ്ടാക്കും. മുമ്പില്ലാത്ത ചടങ്ങുകള്‍ കൊണ്ടുവരും. മറ്റു സംസ്കാരങ്ങളില്‍ നിന്ന് ചടങ്ങുകള്‍ ഇറക്കുമതി ചെയ്യും. ഉദാഹരണത്തിന് പഞ്ചാബി കല്യാണങ്ങളില്‍ മാത്രമുണ്ടായിരുന്ന സംഗീതൊക്കെ ഇപ്പോ എല്ലായിടത്തമായി. വിരാട് കോഹ്ലി– അനുഷ്ക . പ്രിയങ്ക ചോപ്ര –നിക് ജോനാസ്. ദീപിക പദുക്കോണ്‍ –രണ്‍വീര്‍ സിങ് അത്തരം വിവാഹ പരമ്പരയിലെ പീക്കിലാണ് അംബാനി കല്യാണം ഇപ്പോള്‍ നടന്നത്. ഇതിനിടയിലും ഒരു കാര്യം മറക്കരുത്. കല്യാണ ദിവസം കുതിരപ്പുറത്തേറിയതിന്‍റെ പേരില്‍ ദലിതനെ തല്ലിയതും ഇതേ രാജ്യത്താണ്. ഇക്കൊല്ലം ഫെബ്രുവരി 12 ന് ഗുജറാത്തിലെ കലോല്‍ ജില്ലയിലെ ചദാസന ഗ്രാമത്തില്‍ ആയിരുന്നു സംഭവം. കുതിരപ്പുറത്ത് കയറി കല്യാണത്തിന് വരാന്‍ വരേണ്യര്‍ക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നവര്‍ കുതിരയില്‍ നിന്ന് വലിച്ചിറക്കിമര്‍ദിച്ചു . ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എപ്ഐആറിട്ട് നാലുപേരെ അറസ്റ്റു ചെയ്തു. ജാതിയും മതവും മാറി വിവാഹം കഴിക്കുന്നവര്‍ ദുരഭിമാന കൊലക്കിരയാകുന്നതും ഈ രാജ്യത്ത് തന്നെയാണ്. ആഡംബരമായും അല്ലാതെയും വിവാഹം കഴിക്കുന്ന എല്ലാ വധൂവരന്‍മാര്‍ക്കും ആശംസകള്‍. ചടങ്ങുകള്‍ക്കപ്പുറം എല്ലാവരുടെയും ജീവിതങ്ങള്‍ കളറാകട്ടെ