ആത്മവിശ്വാസത്തിന്റെ, ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് രശ്‌മി നായര്‍ എന്ന അമേരിക്കൻ മലയാളി. മനസില്‍ കണ്ട സ്വപ്നം നേടാന്‍ അവര്‍ക്ക് പ്രായമോ കാലമോ ദേശമോ ഒന്നും തടസമായിരുന്നില്ല. മിസിസ് യൂണിവേഴ്‌സ് പെറ്റിറ്റ് യുഎസ്എ പട്ടം ചൂടുമ്പോള്‍ രശ്മിയുടെ കണ്ണുകളില്‍ കണ്ടത് ആത്മവിശ്വാസത്തിന്റെ കടലാഴമായിരുന്നു.
മിനസോട്ടയെ പ്രതിനിധീകരിച്ച് മത്സരിച്ച ഈ മലയാളിസുന്ദരി ,വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 40 മത്സരാർത്ഥികൾക്കിടയിൽ നിന്നാണ് വിജയകിരീടം ചൂടിയത്. മോഡലിങ് രംഗത്തേക്ക് കാലെടുത്തു വച്ചതുപോലും നാല്പത് വയസിന് ശേഷം. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രായം തടസ്സമല്ലെന്ന് തെളിയിച്ച രശ്മി നായർ, ഇന്ന് ഈ രംഗത്ത് തന്റേതായ ഇടം നേടിക്കഴിഞ്ഞു.
ഈ മത്സരത്തെ വെറുമൊരു മത്സരമായി മാത്രമല്ല രശ്മി കണ്ടത് മറിച്ച്, സ്വന്തം നാടിന്റെ പച്ചത്തനിമയെ ലോകത്താകമാനമുള്ള ഫാഷന്‍ പ്രേമികളുടെ കണ്ണിലുടക്കിച്ചതും അവളുടെ തീരുമാനമായിരുന്നു. നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ പതിനാറാം നൂറ്റാണ്ടിലെ കരുത്തുറ്റ സ്ത്രീയുടെ പ്രതീകമായ ഉണ്ണിയാർച്ചയുടെ വേഷമണിഞ്ഞാണ് രശ്‌മിയെത്തിയത്. രശ്മി തന്നെ ഡിസൈന്‍ ചെയ്ത ഉണ്ണിയാര്‍ച്ചയുടെ സ്റ്റൈല്‍ മിനസോട്ട മലയാളി ടീമാണ് ഒരുക്കിയത്.
ഐടി പ്രഫഷണലായ രശ്മി തന്റെ കരിയറിലെല്ലാം തിളക്കങ്ങളുള്ള ഏടാണ് എഴുതിച്ചേര്‍ക്കുന്നത്. വ്യവസായപരമായി, സാങ്കേതിക വിദ്യാലോകത്ത് വളരെ ക്രിയേറ്റീവായാണ് രശ്മി മുന്നോട്ട് പോകുന്നത്. ഐടി കരിയറിനു പുറമേ, ഫാഷൻ വ്യവസായത്തിലും പ്രധാനപ്പെട്ട നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് രശ്മി.
‘നമ്മുടെ കഴിവില്‍ വിശ്വസിക്കൂ, സ്വപ്നങ്ങളെ ഏറ്റുപിടിക്കൂ, ദൃഢനിശ്ചയം മഹത്തായ വഴികളിലെത്തിക്കും . ലോകം സ്വപ്നത്തിനായി വാതില്‍ തുറക്കും. ഒന്നും തടസമാവാതെ മുന്നോട്ട് പോകൂ’ എന്നതാണ് രശ്മിയുടെ വാക്കുകള്‍.
അമ്മയുടെയും ഭർത്താവിന്റെയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് രണ്ടുകുട്ടികളുടെ മാതാവുകൂടിയായ രശ്മി പറയുന്നു.ഐടി രംഗത്തുള്ള തന്റെ അനുഭവസമ്പത്തുവച്ച് ലോകവ്യാപകമായി സ്ത്രീകളുടെ ശാക്തീകരണം ആണ് രശ്മിയുടെ അടുത്ത പടി. അതിനായി ലക്ഷ്യമിടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ വിശ്വസുന്ദരിയുടെ അടുത്ത ലക്‌ഷ്യം.