ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷകരായി സി.ഐഎസ്.എഫ് ഉദ്യോഗസ്ഥര്‍. ശ്രീനഗറിലേക്ക് പോകാനെത്തിയ അയൂബ് എന്നയാളാണ് ടെര്‍മിനല്‍ ടുവില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ ഓടിയെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സി.പി.ആര്‍. നല്‍കി. സഫ്ദര്‍ജംഗ് ആശുപത്ര്ിയില്‍ പ്രവേശിപ്പിച്ച അയൂബിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്.
ശ്രീനഗറിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അയൂബിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പെട്ടെന്ന് ഇയാള്‍ കുഴഞ്ഞുവീണു. പിന്നാലെ മൂന്ന് സിഐഎസ്എഫ് ടീം അയൂബിന് പക്കലേക്കെത്തുകയും അതിലൊരാള്‍ അയൂബിന് സിപിആര്‍ നല്‍കുകയും ചെയ്തു. പിന്നാലെ അയൂബിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമെന്ന് സിഐഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
രണ്ടു ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും പ്രചരിക്കുന്നുണ്ട്. തന്റെ ബാഗുള്‍പ്പടെയുള്ള ട്രോളിയും വലിച്ച് നീങ്ങുന്ന അയൂബിന്റെ ദൃശ്യങ്ങളും പിന്നാലെ സിഐഎസ്എഫ് രക്ഷയേകിയതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടം നടന്നയുടന്‍ ലഭിച്ച പ്രാഥമിക ചികിത്സയാണ് അയൂബിന്റെ ജീവന്‍ രക്ഷിച്ചത്.