വിവാഹസത്കാരത്തിനു വിളമ്പിയ മട്ടന്‍കറിയില്‍ കഷ്ണം കുറവായതിനു കൂട്ടത്തല്ല്. വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലുണ്ടായ പൊരിഞ്ഞ അടിയില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു. പ്ലേറ്റ്, ഗ്ലാസ്, കസേര തുടങ്ങി കയ്യില്‍ കിട്ടിയ സകല ‘ആയുധങ്ങളും’ ഉപയോഗിച്ചായിരുന്നു കല്യാണ വീട്ടിലെ ‘കലാപം’ അരങ്ങേറിയത്.
തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം. കാറ്റഗിങ്ങിനെത്തിയവര്‍ വധുവരന്മാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഭക്ഷണം വിളമ്പിയില്ല എന്നതിന്‍റെ പേരിലാണ് പ്രശ്നം തുടങ്ങിയത്. നവിപേട്ടില്‍ നിന്നുള്ള യുവതിയും ബാദ്ഗുണയില്‍ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹച്ചടങ്ങ് ഇതോടെ പ്രശ്നകലുഷിതമായി.
ഇരുവീട്ടുകാരും ചേര്‍ന്നാണ് ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള വിവാഹച്ചെലവ് വഹിച്ചത്. ഇതിനിടെ ചില ബന്ധുക്കള്‍ തുടങ്ങിവച്ച പ്രശ്നം വിവാഹവേദിയപ്പാടെ അലങ്കോലമാക്കി. വധുവിന്‍റെ വീട്ടുകാര്‍ പ്രശ്നപരിഹാരത്തിന് പരമാവധി ശ്രമിച്ചുവെങ്കിലും വിഫലമായി. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് കടന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി രംഗം ശാന്തമാക്കി. പരുക്കേറ്റവരെ നിസാമബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീകളുള്‍പ്പെടെ 19 പേര്‍ക്കെതിരെ അതിക്രമത്തിന് നവിപേട്ട് പൊലീസ് കേസെടുത്തു. വധൂവരന്മാരുടെ ഭാഗത്തുനിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.