പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞതില്‍ ഭയന്ന് നാടുവിട്ട് പോകാന്‍ ശ്രമിച്ച രണ്ട് കുട്ടികളെ കണ്ടെത്തി പൊലീസ്. പൊലീസ് ഏഴ് സംഘങ്ങളായി തിരിഞ്ഞ് 500 സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് കുട്ടികളെ കണ്ടെത്തിയത്. നോയിഡയിലെ സ്കൂളില്‍ നിന്ന് പോയ കുട്ടികളെ ഡല്‍ഹിയില്‍ നിന്നാണ് കണ്ടെത്തിയത്.
ചൗരാസിയ, നിതിന്‍ ധ്യാന്‍ എന്നീ രണ്ട് കുട്ടികളോടാണ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ അധ്യാപിക നിര്‍ദേശിച്ചത്. മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ വഴക്കു പറയും എന്ന് ഭയന്നാണ് രണ്ട് കുട്ടികളും സ്കൂളില്‍ നിന്ന് ഇറങ്ങി പോയത്. സ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ എത്താതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് സംഘത്തിന്റെ തിരച്ചിലിനൊടുവില്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ എന്ന സ്ഥലത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. സ്കൂളില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഇത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊലീസ് കൗണ്‍സലിങ് നല്‍കിയാണ് വിട്ടയച്ചത്.