subbulakshmi-elephant

Image Credit: Image Credit: twitter.com/Parthiban951428

തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍   ആന പൊള്ളലേറ്റ് ചെരിഞ്ഞതില്‍ പ്രതിഷേധവുമായി നാട്ടുകാരും മൃഗസ്നേഹികളും. കാരൈക്കുടിക്ക് സമീപം കുണ്ട്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിലെ  ആന സുബ്ബുലക്ഷ്മിയാണ് ദേഹമാസകലം പൊളളലേറ്റ്  ചികില്‍സയിലിരിക്കെ ചരിഞ്ഞത് . 54 വയസുള്ള സുബ്ബുലക്ഷ്മിയുടെ വിയോഗം കാരൈക്കുടിക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമ്മമാരും കുട്ടികളുമടക്കമുളളവര്‍ സുബ്ബുലക്ഷ്മിയുടെ അന്ത്യയാത്രയിൽ പങ്കെടുത്തത്. 

ആനയെ പാർപ്പിച്ചിരുന്ന ഷെഡിന്‍റെ മേൽക്കൂരയിലാണ് തീപിടിച്ചത് . തുടര്‍ന്ന് അത് പിന്നിലെ മരത്തിലേക്കും  പുരയിടത്തിലെ ഉണങ്ങിയ ചെടികളിലേക്കും പടര്‍ന്നു.  ചങ്ങലയിൽ തളച്ചിട്ടിരുന്നതിനാല്‍ തീ ആളിപ്പടര്‍ന്നിട്ടും സുബ്ബുലക്ഷ്മിക്ക് ആദ്യം രക്ഷപ്പെടാനായില്ല. ശരീരം മുഴുവന്‍ തീ പടര്‍ന്ന് വേദന സഹിക്കാനാകാതായതോടെ ചങ്ങലപ്പൊട്ടിച്ച് സുബ്ബുലക്ഷ്മി പുറത്തേക്കോടി. അല്‍പദൂരം ഓടിയെങ്കിലും ശരീരമാസകലം ഗുരുരമായി പൊളളലേറ്റ സുബ്ബുലക്ഷ്മി തളര്‍ന്നു വീഴുകയായിരുന്നു. വീണുകിടന്നുകൊണ്ട് തുമ്പിക്കൈ ഉയര്‍ത്തി കരഞ്ഞ് സഹായമഭ്യര്‍ത്ഥിക്കുന്ന സുബ്ബുലക്ഷ്മിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

ബഹളം കേട്ട് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾ ഉടൻതന്നെ വനംവകുപ്പിനെയും മൃഗാശുപത്രിയേയും അറിയിച്ചു. മുഖം, തുമ്പിക്കൈ, വയർ, വാൽ, തല, പുറം എന്നിവിടങ്ങളില്‍  പൊള്ളലേറ്റ സുബ്ബുലക്ഷ്മിക്ക് ഉടന്‍ ചികില്‍സ ലഭ്യമാക്കിയെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. ഷോർട്ട്സർക്ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കാരൈക്കുടി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതേസമയം  പ്രിയപ്പെട്ടവള്‍ വിട പറഞ്ഞ ദുഖത്തിലാണ് കാരൈക്കുടി നിവാസികള്‍. സുബ്ബുലക്ഷ്മിയുടെ വിയോഗത്തില്‍ പ്രതിഷേധിച്ച് മൃഗസംരക്ഷണ പ്രവര്‍ത്തകരും മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.

1971ല്‍ ക്ഷേത്രത്തിലെത്തിയ സുബ്ബുലക്ഷ്മി അന്ന് മുതല്‍ കാരൈക്കുടിക്കാരുടെ പ്രിയപ്പെട്ടവളാണ്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ സുബ്ബുലക്ഷ്മിയുടെ അനുഗ്രഹം വാങ്ങാതെ പോകാറില്ല. പഴവും നാളികേരവുമായി തെല്ലും ഭയമില്ലാതെ കുട്ടികളടക്കം സുബ്ബുലക്ഷ്മിയെ കാണാനെത്താറുണ്ടായിരുന്നു. ആക്രമണ സ്വഭാവം തീരെയില്ലായിരുന്ന സുബ്ബുലക്ഷ്മി എല്ലാവരോടും വലിയ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.