പാമ്പ് കടിയേറ്റ് യുവാവ് മരിച്ചതിനെത്തുടര്‍ന്ന് പാമ്പിനെ ചിതയിലെറിഞ്ഞ് കത്തിച്ച് കൊന്ന് പ്രദേശവാസികള്‍. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് 22 കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. പിന്നാലെ പ്രദേശവാസികള്‍ പാമ്പിനെ കണ്ടെത്തുകയും യുവാവിന്‍റെ ചിതയിലേക്ക് എറിയുകയുമായിരുന്നു.
വീട്ടിനുള്ളില്‍ ബെഡ്റൂമില്‍ കിടക്ക ഒരുക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് ദിഗേശ്വർ രതിയ എന്ന 22 കാരന് പാമ്പ് കടിയേല്‍ക്കുന്നത്. തുടർന്ന് കോർബയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് വിട്ടുകൊടുത്തതായി അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ പാമ്പിനെ പിടികൂടി കൊട്ടയിൽ സൂക്ഷിച്ചു. പിന്നീട് കയർ ഉപയോഗിച്ച് പാമ്പിനെ വരിഞ്ഞുകെട്ടി. രതിയയുടെ ശവസംസ്‌കാര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോൾ, ഗ്രാമവാസികൾ പാമ്പിനെയും സ്ഥലത്തേക്ക് വലിച്ചിഴച്ചു.
പാമ്പിനെ ഗ്രാമവാസികളില്‍ ചിലര്‍ കയർ കെട്ടി വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശേഷം ചിതകൊളുത്തി പാമ്പിനെ അതിലേക്ക് വലിച്ചെറിയുകയായിരുന്നു.
പാമ്പ് മറ്റാരെയെങ്കിലും ഉപദ്രവിക്കുമെന്ന് ഭയന്നാണ് ചിതയിലെറിഞ്ഞ് കൊന്നതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. സംഭവത്തില്‍ ഗ്രാമവാസികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് കോർബയുടെ സബ് ഡിവിഷണൽ ഓഫീസർ ആശിഷ് ഖേൽവാർ പറഞ്ഞു.